Published: December 23, 2025 07:41 PM IST Updated: December 23, 2025 08:10 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ് വീണ്ടും വിവാഹിതനായി. ആദ്യ ഭാര്യ റൂത്തിന്റെ മരണത്തിന് ഏഴു വർഷത്തിനു ശേഷമാണ് 48 വയസ്സുകാരനായ താരത്തിന്റെ പുനർവിവാഹം. ദക്ഷിണാഫ്രിക്കയിലെ ഫ്രാൻസ്ഹോക്കിൽ വച്ച് അന്റോണിയ ലിനേയസ്-പീറ്റിനെ വിവാഹം കഴിച്ചതായി സ്ട്രോസ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘‘ലോകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്ത് ഏറ്റവും പ്രത്യേക ദിനം ആഘോഷിക്കുന്നു... എന്നെയും മക്കളെയും ഈ രീതിയിൽ സ്നേഹിച്ചതിനും ഞങ്ങൾക്ക് യഥാർഥ സന്തോഷം നൽകിയതിനും നന്ദി - നിന്നെ കണ്ടെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഇനിമുതൽ ജീവിതകാലം മുഴുവൻ മനോഹരമായ ഓർമകളിലേക്ക്.’’– ആൻഡ്രൂ സ്ട്രോസ് എഴുതി.
റിപ്പോർട്ടുകൾ പ്രകാരം, മുൻപൊരു പിആർ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന അന്റോണിയ, ഇപ്പോൾ ലിനേയസ് ഫൈൻ ആർട്ട് അഡ്വൈസറി ലിമിറ്റഡിന്റെ കമ്പനി ഡയറക്ടറാണ്. 2018 ഡിസംബർ 29നാണ് സ്ട്രോസിന്റെ ആദ്യ ഭാര്യയായ റൂത്ത് അന്തരിച്ചത്. ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇവരുടെ ആൺമക്കൾക്ക് 13ഉം, 10ഉം വയസ്സുള്ളപ്പോഴായിരുന്നു റൂത്തിന്റെ വിയോഗം.
റൂത്തിന്റെ മരണത്തിന് തൊട്ടുപിന്നാലെ, 2019ൽ സ്ട്രോസ് റൂത്ത് സ്ട്രോസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. പുകവലിക്കാത്തവർക്കു ബാധിക്കുന്ന ശ്വാസകോശ അർബുദങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ധനസഹായം നൽകുകയും രോഗികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ഥാപനമാണിത്. ഫൗണ്ടേഷന്റെ വാർഷിക റെഡ് ഫോർ റൂത്ത് ക്യാംപെയ്ൻ ഇപ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഒരു പതിവ് പരിപാടിയാണ്. ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ഇതു നടത്തുന്നത്. 2012ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആൻഡ്രൂ സ്ട്രോസ്, ഇംഗ്ലണ്ടിനെ ടെസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച ക്യാപ്റ്റനാണ്.
English Summary:








English (US) ·