'നിന്നെ ഞങ്ങള്‍ കൊല്ലും എന്ന് പറയുമായിരുന്നു, ഒരിക്കല്‍ കൊല്ലാന്‍ കൊണ്ടുപോയി തിരികെ കൊണ്ടുവന്നു'

7 months ago 7

surabhi-lakshmi

സുരഭി ലക്ഷ്മി | ഫോട്ടോ: മാതൃഭൂമി, Instagram/surabhi_lakshmi

കുസൃതിനിറഞ്ഞ തന്റെ കുട്ടിക്കാലത്തെ കുറിച്ച് നടി സുരഭി ലക്ഷ്മി മുമ്പ് പറഞ്ഞിട്ടുണ്ട്. വികൃതി നിറഞ്ഞ തന്റെ അക്കാലത്തെ ചില ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ നടി. അമ്മയ്ക്കും ചേച്ചിമാര്‍ക്കുമെല്ലാം ശല്യമായിരുന്നു താന്‍. എപ്പോഴും വികൃതി കാണിക്കും. അതിനാല്‍ ചേച്ചിമാര്‍ ചെറുപ്പത്തില്‍ തന്നെ കൊന്നുകളയാന്‍ ആലോചിക്കുകയും അതിന് ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് സുരഭി തുറന്നു പറഞ്ഞിരിക്കുകയാണ്. അയാം വിത്ത് ധന്യാ വര്‍മാ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് രസകരമായ ചില ഓര്‍മകളെ കുറിച്ച് സുരഭി മനസ്സു തുറന്നത്.

സുരഭിയടക്കം നാല് പെണ്‍മക്കളാണ് നടിയുടെ അമ്മയ്ക്ക്. സുരഭിയെ ഗര്‍ഭംധരിച്ചിരിക്കെ അത് വേണ്ടെന്നുവെക്കാന്‍ അമ്മ ഒരുപാട് ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് അമ്മക്കു തന്നെ കുറ്റബോധം തോന്നി തന്നെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും സുരഭി അഭിമുഖത്തില്‍ പറഞ്ഞു.

എന്നെപ്പോലെ ഒരു കുട്ടിയെ എനിക്ക് വളര്‍ത്താന്‍ പറ്റില്ല എന്ന് ഞാന്‍ പറയാറുണ്ട്. എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ് ഞാന്‍. ഏറ്റവും ഇളയ ആള്‍. എന്നെ ഗര്‍ഭം ധരിച്ചിരിക്കെ അത് അലസിപ്പിക്കാന്‍ അമ്മ ഒരുപാട് ശ്രമിച്ചിരുന്നു. തോട്ടില്‍ ചാടിയും അരിയിടിച്ചും, എന്തൊക്കെ ഒരു ഗര്‍ഭിണി ചെയ്യാന്‍ പാടില്ലാ, അതെല്ലാം അമ്മ ചെയ്തു. ഏഴ് മാസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് കുറ്റബോധം തോന്നി. ഇങ്ങനെയെല്ലാം ചെയ്താല്‍ ശാരീരികമോ ബുദ്ധപരമോ ആയ വൈകല്യമുള്ള കുട്ടിയാകുമോ ജനിക്കുക എന്ന് കരുതി അമ്മ പിന്നീട് എന്നെ സ്നേഹിച്ചു തുടങ്ങി. അങ്ങനെ ഞാന്‍ ജനിച്ചു.

കരച്ചിലും സഹിക്കാന്‍ പറ്റാത്ത സ്വഭാവവുമുള്ള കുട്ടിയായിരുന്നു ഞാന്‍. ചേച്ചിമാരെ പഠിക്കാന്‍ സമ്മതിക്കില്ല, അവരുടെ പുസ്തകം വലിച്ചു കീറുക, ഉച്ചക്ക് സ്‌കൂളില്‍ നിന്നും ചേച്ചിമാര്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്ക് ഭക്ഷണമെടുത്തുകൊടുക്കാന്‍ അമ്മയ്ക്ക് ഒഴുവുകൊടുക്കാതിരിക്കുക എന്നിവയെല്ലാം ഞാന്‍ ചെയ്യുമായിരുന്നു.

ചേച്ചിമാര്‍ അന്ന് ചെറുതാണ്, ആറിലും എട്ടിലുമായിരുന്നു അവര്‍ പഠിച്ചിരുന്നത്. ഞാനവര്‍ക്ക് ശല്യമായപ്പോള്‍ ഇതിനെ കൊന്നാലോ എന്ന് അവര്‍ തമ്മില്‍ ഗൂഢാലോചന നടത്തുമായിരുന്നു. നിന്നെ ഞങ്ങള് കൊല്ലും എന്നവര്‍ പറയും. കൊല്ലാന്‍ തീരുമാനിച്ച് എന്നെ കൊണ്ടുപോകുമായിരുന്നു. പിന്നീട് വേണ്ട, പിന്നീട് കൊല്ലമെന്ന് പറഞ്ഞ് തിരികെ കൊണ്ടുവരും.

ചേച്ചിമാര്‍ തോട്ടിലേക്ക് കുളിക്കാന്‍ പോകുമ്പോള്‍ ഞാനും പിന്നാലെ പോകും. എന്നെ തോട്ടില്‍ ഒരു വള്ളിയില്‍ പിടിപ്പിച്ച് ഇരുത്തും. അത് പിടിച്ച് അവര്‍ കുളിക്കുന്നതുവരേ ഞാനങ്ങനെ ഇരിക്കും. നാലോ അഞ്ചോ വയസ്സേ അന്നെനിക്കുള്ളൂ. ആ വള്ളിയിലെ പിടുത്തംവിട്ട് പോയിരുന്നേല്‍ ഏതെങ്കിലും പുഴയില്‍ പോയേനെ. അധികം വികൃതി കാണിച്ചാല്‍ എന്നെ വെള്ളത്തില്‍ മുക്കി അവിടെ വെക്കും, തമാശയോടെ സുരഭി പറഞ്ഞു.

കുട്ടിക്കാലത്ത് തന്റെ വികൃതികൊണ്ട് ചേച്ചിമാര്‍ ഇങ്ങനെയെല്ലാം ചെയ്തിരുന്നെങ്കിലും അവര്‍ തന്നെ നല്ലപോലെ നോക്കിയിട്ടുണ്ട് ഇപ്പോള്‍ ചേച്ചിമാരുമായി നല്ല ബന്ധമാണെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

മൂന്നാംക്ലാസില്‍ ആയിരുന്നപ്പോഴാണ് താന്‍ ശരിയായി സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയതെന്നും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുമ്പോള്‍ ക്ലാസില്‍ പോകാന്‍ മടിയായിരുന്നെന്നും സുരഭി പറഞ്ഞു.

നഴ്സറിയില്‍ ഞാന്‍ പോയിട്ടില്ല. നഴ്സറിയില്‍ എന്നെ കൊണ്ടാക്കിയപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് എന്നെ കൊണ്ടുവരരുത്, ഉപ്പുമാവോ ഗോതമ്പോ ഞങ്ങളങ്ങോട്ട് കൊണ്ടുവരാം, ഇവളെ കൊണ്ടുവരരുത് എന്നവര്‍ പറഞ്ഞു. കാരണം അമ്മ പോയി കഴിഞ്ഞാല്‍ ഞാന്‍ നിലത്ത് കിടന്ന് കരച്ചിലായിരുന്നു. ഒരാള്‍ കരഞ്ഞാല്‍ നഴ്സറിയിലെ എല്ലാ മക്കളും കരയില്ലേ? അവര്‍ക്കതൊരു ശല്യമല്ലേ? അതുകൊണ്ട് കൊണ്ടുവരേണ്ടാ എന്ന് പറഞ്ഞു. ഒന്നാംക്ലാസിലും രണ്ടാംക്ലാസിലും പഠിക്കുമ്പോള്‍ എനിക്ക് എന്നും വയറുവേദനയായിരുന്നു. 11 മണിയാകുമ്പോള്‍ തുടങ്ങും മടികൊണ്ടുള്ള വയറുവേദന. ആറാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയെ ടീച്ചര്‍ വിളിപ്പിച്ച് സുരഭിക്ക് വയറുവേദനയാണെന്ന് പറയും.

അവള്‍ എന്നെ ബാത്‌റൂമിന്റെ അടുത്തുകൊണ്ടുപോയി നിനക്ക് വയറുവേദനയുണ്ടോ എന്ന് നുള്ളിക്കൊണ്ട് ചോദിക്കും. ഉച്ചക്ക് ചോറുണ്ണാന്‍ പോകുമ്പോള്‍ എന്നെ വീട്ടില്‍ കൊണ്ടാക്കും. അങ്ങനെ ഒന്നിലും രണ്ടിലും കാര്യമായി സ്‌കൂളില്‍ പോയിട്ടില്ല. മൂന്നിലെത്തിയപ്പോഴാണ് സ്‌കൂളിലൊക്കെ പോകണമെന്ന തോന്നലുണ്ടായി പോയിത്തുടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്, തമാശയായി സുരഭി പറഞ്ഞു.

Content Highlights: Actress Surabhi Lakshmi shares comic puerility memories, including her sisters` attempts to termination her

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article