Published: August 10, 2025 08:36 AM IST
1 minute Read
-
ഗൗതം ഗംഭീറിന്റെ പിന്തുണയ്ക്കു നന്ദി പറഞ്ഞ് സഞ്ജു സാംസൺ
ന്യൂഡൽഹി∙ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസാണ് തന്റെ ജീവിതവും കരിയറും രൂപപ്പെടുത്തിയതെന്ന് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ. പുതിയ സീസണിനു മുൻപേ രാജസ്ഥാൻ ടീം വിടുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായുള്ള യുട്യൂബ് പരിപാടിയിൽ സഞ്ജു ഇക്കാര്യം പറഞ്ഞത്. സഞ്ജു ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമെന്ന തരത്തിലുള്ള വാർത്തകൾക്കിടെയാണ് ചെന്നൈ വിടാൻ താൽപര്യം അറിയിച്ച അശ്വിനുമൊത്തുള്ള പ്രോഗ്രാം പുറത്തുവന്നത്.
‘‘രാജസ്ഥാൻ റോയൽസാണ് എന്റെ ലോകം. കേരളത്തിലെ ഒരു ഗ്രാമത്തിൽനിന്നുള്ള എനിക്കു വേണ്ട അവസരങ്ങളെല്ലാം ടീം നൽകി. രാഹുൽ (ദ്രാവിഡ്) സാർ എനിക്കു നല്ല പ്രകടനം നടത്താനുള്ള വേദി ഒരുക്കിത്തന്നു. എന്നിൽ വിശ്വാസമർപ്പിച്ചു. രാജസ്ഥാനൊപ്പമുള്ള ദീർഘനാളത്തെ യാത്ര ഗംഭീരമായിരുന്നു. അതുപോലൊരു ടീമിനൊപ്പമുള്ള കരിയർ എനിക്കു വേണ്ടതും അതിനപ്പുറവും നൽകി’’ – മുപ്പതുകാരനായ സഞ്ജു അശ്വിനുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.
ഇന്ത്യൻ ട്വന്റി20 ടീമിൽ സമീപകാലത്തു മികച്ച ഇന്നിങ്സുകൾ കളിക്കാൻ പ്രചോദനമായത് പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണയും പ്രോത്സാഹനവുമാണെന്നും സഞ്ജു പറഞ്ഞു.
‘‘ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ 2 മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതോടെ വലിയ നിരാശയായി. ഗൗതംഭായ് എന്നോടു കാരണം തിരക്കിയപ്പോൾ എനിക്കു കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിനെക്കുറിച്ചു പറഞ്ഞു. ‘‘നീ 21 തവണ പൂജ്യത്തിനു പുറത്താകൂ, അപ്പോൾ പുറത്താക്കാം’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യൻ കോച്ചിന്റെ ആ വാക്കുകളാണ് സെഞ്ചറിയടക്കമുള്ള മികച്ച ഇന്നിങ്സുകൾ കളിക്കാൻ പ്രചോദനമായത്.– സഞ്ജു പറഞ്ഞു.
English Summary:








English (US) ·