Published: December 12, 2025 09:39 PM IST
1 minute Read
ദുബായ്∙ അണ്ടർ 19 ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിനിടെ യുഎഇ താരങ്ങളുടെ ‘സ്ലെഡ്ജിങ്ങിനും’ മറുപടി നൽകി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. യുഎഇ ബോളർമാരെ 14 വയസ്സുകാരൻ ഒരു മയവുമില്ലാതെ ബൗണ്ടറികൾ പായിക്കുന്നതിനിടെയായിരുന്നു സ്ലെഡ്ജിങ് അടവുമായെത്തിയത്. എന്നാൽ ബാറ്റു കൊണ്ടെന്നപോലെ നാക്കു കൊണ്ടും യുഎഇ താരങ്ങളുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു താരത്തിന്റേത്. വൈഭവ് 90 റൺസ് പിന്നിട്ടപ്പോഴായിരുന്നു സംഭവം.
യുഎഇ സ്പിന്നർ ഉദ്ദിഷ് സുരി പന്തെറിയുന്നതിനിടെ വിക്കറ്റ് കീപ്പർ സലെ അമിനായിരുന്നു വൈഭവിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ‘‘കമോൺ ബോയ്സ്, 90 കളിലെ ശാപം’’ എന്നായിരുന്നു യുഎഇ വിക്കറ്റ് കീപ്പറുടെ വാക്കുകൾ. എന്നാൽ ഇതു രസിക്കാതിരുന്ന വൈഭവ് ഉടന്‍ തിരിച്ചടിച്ചു. ‘‘നിന്റെയൊക്കെ കൂടെ സെൽഫിയെടുക്കണോ?’’ എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ മറുപടി. യുഎഇ താരങ്ങളുടെയും വൈഭവിന്റെയും വാക്കുകൾ സ്റ്റംപ് മൈക്കിൽ പതിയുകയായിരുന്നു.
താന്‍ നേരിട്ട പ്രകോപനത്തെക്കുറിച്ച് മത്സരശേഷം വൈഭവ് പ്രതികരിക്കുകയും ചെയ്തു. ‘‘ഞാൻ ബിഹാറിൽനിന്നാണു വരുന്നത്. പിന്നിൽനിന്ന് എന്തെങ്കിലും പറഞ്ഞാലും അതെന്നെ ബാധിക്കാന്‍ പോകുന്നില്ല’’– എന്നായിരുന്നു വൈഭവിന്റെ വാക്കുകൾ. മത്സരത്തിൽ 95 പന്തുകൾ നേരിട്ട വൈഭവ് 171 റൺസെടുത്താണു പുറത്തായത്. 14 സിക്സുകളും ഒൻപത് ഫോറുകളുമാണ് യുഎഇയ്ക്കെതിരെ വൈഭവ് ബൗണ്ടറി കടത്തിയത്. അണ്ടർ 19 ക്രിക്കറ്റിൽ ബൗണ്ടറികളുടെ എണ്ണത്തില്‍ ലോക റെക്കോർഡാണിത്.
ഉദ്ദിഷ് സുരിയുടെ പന്തിൽ ബോൾഡായാണു വൈഭവിന്റെ മടക്കം. മത്സരത്തിലെ താരവും വൈഭവാണ്. 234 റണ്‍സ് വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 433 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാൻ മാത്രമാണു യുഎഇയ്ക്കു സാധിച്ചത്.
English Summary:








English (US) ·