'നിമിഷങ്ങള്‍ക്കകം കോപ്റ്റര്‍ ജയനെയും കൊണ്ട് നിലംപതിച്ചു, ബാലന്‍ കെ നായര്‍ പുറത്തേക്ക് തെറിച്ചു വീണു'

8 months ago 7

''മാസ്റ്റര്‍ ഇന്ന്.... ഇന്നത്തേക്ക് ഒരു ദിവസം എന്നെ പോകാനനുവദിക്കണം. നാളെ സന്ധ്യയാകുമ്പോഴേക്കും തിരിച്ചെത്താം. ആയിരത്തി തൊള്ളായിരത്തി എണ്‍പത് നവംബര്‍ പതിനഞ്ചിന്റെ മഴ നനഞ്ഞ മധ്യാഹ്നത്തില്‍ ജയന്‍ ത്യാഗരാജനോട് പറഞ്ഞു. പ്രേംനസീര്‍, ജയഭാരതി, ജോസ് പ്രകാശ്, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം പീരുമേട്ടില്‍ അറിയപ്പെടാത്ത രഹസ്യം' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അവര്‍. ചിത്രത്തിന്റെ അഞ്ചോ ആറോ സീനുകള്‍ മാത്രമേ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് ത്യാഗരാജനോട് ജയന്റെ അഭ്യര്‍ത്ഥന.

'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലഭിനയിക്കാന്‍ വേണ്ടിയാണ് ഒരു ദിവസത്തേക്ക് തന്നെ ഒഴിവാക്കിത്തരണമെന്ന് ജയന്‍ പറഞ്ഞത്. മധു, സോമന്‍, സുകുമാരന്‍, ബാലന്‍ കെ നായര്‍, എംഎന്‍ നമ്പ്യാര്‍ തുടങ്ങിയവരെല്ലാം ആ രംഗത്തിലുണ്ട്. ജയനും ബാലന്‍ കെ നായരും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ വെച്ചുള്ള ഫൈറ്റ് സീനായിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഭീമമായ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റര്‍ അതിനായി മദ്രാസില്‍ കൊണ്ടുവന്നിരുന്നു. കോളിളക്കത്തിന്റെ യൂണിറ്റംഗങ്ങള്‍ മുഴുവന്‍ ജയനുവേണ്ടി കാത്തിരിക്കുന്ന അവസ്ഥയില്‍ ജയനെ പോകാനനുവദിക്കുകയല്ലാതെ ത്യാഗരാജന് മറ്റ് വഴിയുണ്ടായിരുന്നില്ല.

പ്രേംനസീറിനോടായിരുന്നു എന്തു കാര്യത്തിനും ജയന്‍ അഭിപ്രായം ചോദിച്ചിരുന്നത്. ജയന്റെ തിരക്ക് നന്നായറിയാവുന്ന അദ്ദേഹം പറഞ്ഞു: ''ഹെലികോപ്റ്ററില്‍ വെച്ചുള്ള സ്റ്റണ്ട് രംഗമാണ്. സൂക്ഷിക്കണം. ''നിന്റെ അഭ്യാസമൊന്നും ഹെലികോപ്റ്ററില്‍ കാണിക്കാന്‍ നില്‍ക്കേണ്ട. ഡ്യൂപ്പിനെയിട്ട് ചെയ്താല്‍ മതി.''-ജോസ് പ്രകാശും പറഞ്ഞു.

എത്ര അപകടം പിടിച്ച സാഹസിക രംഗങ്ങളും സ്വയം ചെയ്യുന്ന സ്വഭാവമാണ് ജയന്റേത്. അത് നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാണ് അവരെല്ലാം ജയനെ ഉപദേശിച്ചത്. 'ശ്രദ്ധിച്ചോളാം' എന്ന ഒറ്റവാക്കില്‍ ജയന്‍ എല്ലാവര്‍ക്കും മറുപടി നല്‍കിയെങ്കിലും 'എത്ര റിസ്‌ക്കെടുക്കേണ്ടി വന്നാലും ഡ്യൂപ്പിനെ വെക്കില്ല' എന്നൊരു ഉത്തരം കൂടി അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.
''കോളിളക്ക'ത്തിന്റെ സെറ്റിലേക്ക് ജയന് പോകാനുള്ള അനുവാദം ത്യാഗരാജന്‍ നല്‍കിയെന്നറിഞ്ഞപ്പോള്‍ സംവിധായകന്‍ പി വേണു പറഞ്ഞു:
''ജയന്‍ പോകുന്നതിനു മുന്‍പായി ആനയുമായുള്ള ഫൈറ്റ് നമുക്കെടുത്താലോ.
വേണുവിന്റെ അഭിപ്രായത്തെ ത്യാഗരാജന്‍ ശരി വെച്ചു. അറിയപ്പെടാത്ത രഹസ്യത്തില്‍ കാട്ടാനയില്‍ നിന്നും ജയന്‍ ജയഭാരതിയെ രക്ഷിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ അപകടം നിറഞ്ഞ രംഗം. ഷൂട്ടിങ് കാണാന്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ട്. ആനയുടെ കൊമ്പില്‍ തൂങ്ങിക്കയറി യുള്ള ജയന്റെ പോരാട്ടം തുടങ്ങി. ചിത്രീകരണത്തിനിടയില്‍ രണ്ടോ മൂന്നോ തവണ ആന കുത്താനോങ്ങിയപ്പോഴെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ജയന്‍. മൂന്നാമതും ആന കുത്താനോങ്ങിയപ്പോള്‍ പാപ്പാന്റെ സമര്‍ത്ഥമായ ഇടപെടലാണ് അപകടത്തില്‍ നിന്നും ജയനെ രക്ഷിച്ചത്. ആന പല തവണ ജയനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ട് പാപ്പാന്‍ വല്ലാതെ ഭയന്നിരുന്നു. ആ സമയം ഷൂട്ടിങ് കണ്ടുനിന്ന ഒരു കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
''ഇത് ജയന്റെ അവസാനത്തെ ആനപിടിത്തമാണ്.
അപ്പോഴും ജയന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:
''അതെ മോനെ, ഇത് ജയന്റെ അവസാനത്തെ ആനപിടിത്തമാണ്.
രണ്ടുമണിക്കൂറിലേറെ നീണ്ട കാട്ടാനയുമായുള്ള ഫൈറ്റിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ പാപ്പാന്‍ ത്യാഗരാജനോട് മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ട് ത്യാഗരാജന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.
മതി''.
സന്ധ്യയോടെ ജയന്‍ മദ്രാസിലേക്ക് പുറപ്പെടും മുന്‍പ് ജയഭാരതി ഓര്‍മിപ്പിച്ചു, ''ബേബി അണ്ണാ നസീര്‍ സാറും മറ്റും പറഞ്ഞത് മറക്കരുത്. ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിച്ചാല്‍ മതി. സിനിമയില്‍ ഭാര്യയും കാമുകിയും സഹോദരിയുമൊക്കയായിരുന്നെങ്കിലും ജീവിതത്തില്‍ ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. കുടുംബക്കാര്‍ക്ക് ജയന്‍ ബേബിയായിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞശേഷം ജയന്‍ ത്യാഗരാജന്റെ മുറിയില്‍ വന്നു
''മാസ്റ്റര്‍. ഞാന്‍ പോയി വരാം.''
''ജയനു വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു കാരണവശാലും വൈകരുത്. ''ഇല്ല മാസ്റ്റര്‍, ഞാന്‍ നാളെ എത്തും തീര്‍ച്ച.
''ഇല്ലെങ്കിലോ?''
''ഇല്ലെങ്കില്‍ ജയന്റെ ബോഡി ഇവിടെയെത്തും.
കേള്‍ക്കുന്നവന്റെ ഉള്ളുലയ്ക്കുന്ന പോലെയായിരുന്നു ജയന്റെ മറുപടി.
'പോടാ.... പോയി വാടാ മോനെ'' എന്ന് പറഞ്ഞ് നനവ് പടര്‍ന്ന കണ്ണുകളോടെ ജയനെ മുറിയില്‍ നിന്നും ത്യാഗരാജന്‍ പുറത്തേക്ക് പിടിച്ചുതള്ളി.
തൊഴിലിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയായിരുന്നു ജയന്. താന്‍ കാരണം ഒരാള്‍ക്കും നഷ്ടമുണ്ടാകരുതെന്ന നിര്‍ബന്ധം. മതിയായ ഉറക്കം പോലുമില്ലാതെ പീരുമേട്ടില്‍ നിന്നും ആ രാത്രി മദ്രാസ്സിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു.
''അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ ലൊക്കേഷനില്‍ നിന്നും രാത്രിയോടെ ജയന്‍ മദ്രാസ്സിലെത്തി. 'വക്ത്' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു സുഗുണാ സ്‌ക്രീനിന്റെ ബാനറില്‍ സിവി ഹരിഹരന്‍ നിര്‍മ്മിച്ച് പിഎന്‍ സുന്ദരം സംവിധാനം ചെയ്ത കോളിളക്കം. രാവിലെ ഒന്‍പതു മണിയ്ക്ക് മുന്‍പേ ലൊക്കേഷനിലേക്ക് പുറപ്പെടാന്‍ ജയന്‍ തയ്യാറായെങ്കിലും നഗരം മുഴുവന്‍ കോരിച്ചൊരിയുന്ന മഴയായിരുന്നതുകൊണ്ട് മുറിയില്‍ തന്നെയിരുന്നു. ഉച്ചയോടെ മാനം തെളിഞ്ഞപ്പോള്‍ ഷൂട്ടിങ്ങ് സംഘം ഷോലാ വാരത്തേക്ക് പുറപ്പെട്ടു.

മദ്രാസില്‍ നിന്നും ഇരുപത്തിയഞ്ചു കിലോമീറ്റര്‍ അകലയാണ് കാറോട്ട മത്സരങ്ങള്‍ക്ക് പേരുകേട്ട പഴയ ഷോലാവാരം എയര്‍ സ്ട്രിപ്പ്. ചിത്രത്തിലെ വില്ലനായ ബാലന്‍ കെ നായര്‍ രഹസ്യരേഖകളടങ്ങിയ പെട്ടിയുമായി ഹെലികോപ്റ്ററില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജയന്‍ വില്ലനെ നേരിടുന്നതും കീഴ്‌പ്പെടുത്തുന്നതുമാണ് സീന്‍. പഴയ സ്റ്റണ്ട് മാസ്റ്റര്‍ സ്വാമിനാഥന്റെ മകനായ ഫെഫ്‌സി വിജയനായിരുന്നു കോളിളക്കത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. സംവിധായകന്‍ പിഎന്‍ സുന്ദരം തന്നെയാണ് കോളിളക്കത്തിന്റെ ഛായാഗ്രഹകന്‍.

ഫൈറ്റ് സീക്വന്‍സുകളെക്കുറിച്ച് ഫെി വിജയന്‍ ബാലന്‍ കെ നായര്‍ക്കും ജയനും നിര്‍ദേശങ്ങള്‍ നല്‍കി. സുകുമാരന്‍ ഓടിക്കുന്ന ബൈക്കിന്റെ പിറകില്‍ ചാടിക്കയറി നിന്ന് വേണം ഹെലികോപ്റ്ററില്‍ തൂങ്ങിക്കയറാന്‍. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഷൂട്ടിങ്ങ് ആരംഭിച്ചു. സംവിധായകന്‍ പിഎന്‍ സുന്ദരവും പൈലറ്റ് സമ്പത്തും ഫൈറ്റ് മാസ്റ്റര്‍ ഫെഫ്‌സി വിജയനും നല്‍കിയ മുന്നറിയിപ്പുകള്‍ മറികടന്ന് ജയനോ ബാലന്‍ കെ നായരോ ഒന്നും പ്രവര്‍ത്തിച്ചില്ല.

jayan

കോളിളക്കത്തിലെ ജയന്റെ അവസാനരംഗം

നാലു ക്യാമറകള്‍ വെച്ച് രണ്ടു മണിക്കൂറിലധികം സമയമെടുത്ത് ചിത്രീകരിച്ച ഹെലികോപ്റ്റര്‍ ഫൈറ്റില്‍ സംവിധായകന്‍ നൂറു ശതമാനവും സംതൃപ്തനായിരുന്നുവെങ്കിലും ജയനിലെ പെര്‍ഫെക്ഷനിസ്റ്റിന് ആ സീന്‍ തൃപ്തികരമായില്ല.
''സര്‍, കുറച്ചുകൂടി നന്നാക്കാമെന്ന് തോന്നുന്നു. ആ സീന്‍ ഒന്നുകൂടി നമുക്കെടുത്താലോ?'' സുന്ദരത്തോട് ജയന്‍ ചോദിച്ചു.
''അതിന്റെ ആവശ്യമില്ല. ജയന്‍, ഇപ്പോഴെടുത്തത് ഓക്കെയാണ്'' സുന്ദരം പറഞ്ഞു. പൂര്‍ണതയ്ക്ക് വേണ്ടി ദാഹിക്കുന്ന ജയന്റെ മനസ്സ് സുന്ദരത്തിന് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ജയന്റെ നിര്‍ബന്ധത്തിനൊടുവില്‍, രണ്ടു തവണ ചിത്രീകരിച്ച രംഗം മൂന്നാമതൊരു തവണ കൂടി ചിത്രീകരിക്കാമെന്നായി സുന്ദരം. അപ്പോള്‍ സമയം രണ്ടര മണി കഴിഞ്ഞിരുന്നു.
''വല്ലാതെ വിശക്കുന്നു. കഴിക്കാനെന്തുണ്ട്?'' ജയന്‍ ചോദിച്ചു.
''ഒന്നുമില്ല സാര്‍. പ്രൊഡക്ഷന്‍ ബോയി പറഞ്ഞു.
''ഒരു ബിസ്‌കറ്റ് പോലും ഇല്ലേ?''
''ഇല്ല സാര്‍ '
ഉച്ചയ്ക്ക് മുന്‍പേ ഷൂട്ടിങ്ങ് പൂര്‍ത്തീകരിക്കാമെന്ന് കരുതിയതുകൊണ്ട് ലൊക്കേഷനില്‍ ഭക്ഷണം കരുതിയിരുന്നില്ല.
വിശന്നുകത്തുന്ന വയറുമായി ജയന്‍ സംവിധായകനോട് പറഞ്ഞു:
''ഞാന്‍ റെഡി സാര്‍, നമുക്ക് തുടങ്ങാം അല്ലേ..''
സൂര്യന്‍ അപ്പോള്‍ കത്തിജ്വലിക്കുന്നുണ്ടായിരുന്നു.
''ആക്ഷന്‍''
സംവിധായകന്റെ ശബ്ദം മുഴങ്ങിയതോടെ ഷോലാവാരത്തിന്റെ പരുക്കന്‍ പ്രതലത്തില്‍ നിന്നും ബാലന്‍ കെ നായരെയും കൊണ്ട് ഹെലികോപ്റ്റര്‍ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി.
സുകുമാരന്‍ ഓടിക്കുന്ന ബൈക്കിന്റെ പിറകില്‍ നിന്നുകൊണ്ട് ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് പാഡില്‍ തൂങ്ങിക്കയറിയാണ് ബാലന്‍ കെ. നായരുമായുള്ള ജയന്റെ ഏറ്റുമുട്ടല്‍, അഭിനയത്തില്‍ ജീവിക്കുന്ന പ്രതിയോഗിയായ നടന്‍ കോപ്റ്ററിനുള്ളില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ജയനെ ചവിട്ടുകയും പാഡില്‍ നിന്ന് കൈയുടെ പിടിത്തം വിടീക്കാനുള്ള ശ്രമിക്കുകയും ചെയ്യുന്നു. ബോളിവുഡില്‍ പോലും അതുവരെ കാണാത്ത ആക്ഷന്‍ സീനായിരുന്ന അത്. സ്‌ക്രീനില്‍ എന്ന പോലെ സെറ്റിലുള്ളവരും ഷൂട്ടിംഗ് കാണാനെത്തിയ നൂറുകണക്കിനാളുകളും അമ്പരപ്പോടെ ആ രംഗം കണ്ടുനിന്നു. അത്യുഗ്രന്‍ സംഘട്ടനത്തിനിടയില്‍ ഹെലികോപ്റ്ററിന്റെ ബാലന്‍സ് തെറ്റി.

ലാന്‍ഡിങ് പാഡില്‍ കാലുകള്‍ കൊരുത്ത ജയനെയും കൊണ്ട് ഹെലികോപ്റ്റര്‍ ആടിയുലഞ്ഞു. താഴെ നിന്ന് പലരും ജയനോട് ചാടാന്‍ വേണ്ടി വിളിച്ചു പറയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം കോപ്റ്റര്‍ ജയനെയും കൊണ്ട് നിലംപതിച്ചു. അപ്പോഴും കോപ്റ്ററില്‍ നിന്ന് ജയന്റെ കൈയിന്റെ പിടിത്തം വിട്ടിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ ബാലന്‍ കെ നായര്‍ കോപ്റ്ററില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു. വരാന്‍ പോകുന്ന ദുരന്തം മുന്‍കൂട്ടി മനസ്സിലാക്കിയ പൈലറ്റ് ചാടി രക്ഷപ്പെടുകയും ചെയ്തു. നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ ജയനേയും കൊണ്ട് പെട്ടന്ന് മുകളിലേക്ക് ഉയര്‍ന്നെങ്കിലും വീണ്ടും അതിശക്തമായി തറയില്‍ വന്നിടിച്ചു.

കൂട്ടനിലവിളികള്‍ക്കിടയില്‍, തകര്‍ന്ന് തീപിടിച്ചുകൊണ്ടിരിക്കുന്ന ഹെലികോപ്റ്ററിനടിയില്‍ നിന്ന് ആരൊക്കയോ ചേര്‍ന്ന് ജയനെ പുറത്തേയ്‌ക്കെടുത്തു. രക്തത്തില്‍ കുളിച്ച ആ ശരീരത്തില്‍ ഒരു ഞെരക്കം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അപ്പോഴേക്കും മഴ കനത്തുപെയ്തിരുന്നു. ജയനെയും വഹിച്ചുകൊണ്ട് മദ്രാസ് ജനറല്‍ ഹോസ്പിറ്റലിലേക്കുള്ള യാത്രയില്‍ ശക്തമായ മഴയെതുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സങ്ങളുണ്ടായി. പലയിടത്തും വഴിതെറ്റി. ഹോസ്പിറ്റലിലെത്തുമ്പോഴേക്കും മണിക്കൂറുകള്‍ തന്നെ കടന്നുപോയിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാരും കുറവ്. അപകടം പറ്റിയത് സിനിമാതാരം ജയനാണെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് ആശുപത്രി ജീവനക്കാര്‍ പ്രധാന ഡോക്ടറെ പോലും വിളിച്ചത്. ന്യൂറോ സര്‍ജന്‍ ഡോ. നരേന്ദ്രന്‍ എത്തിയ ഉടനെ ജയനെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കയറ്റി. ജയന് അപകടം പറ്റിയ വാര്‍ത്തയറിഞ്ഞ് ഒട്ടുമിക്ക ചലച്ചിത്രപ്രവര്‍ത്തകരും ജനറല്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കൊണ്ടിരുന്നു. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. ഒരോ നിമിഷങ്ങളിലും ആശുപത്രിയില്‍ കൂടിനിന്നവരുടെ ഹൃദയമിടിപ്പ് വര്‍ധിച്ചനേരം, ഓപ്പറേഷന്‍ തിയേറ്ററിന്റെ വാതില്‍ തുറന്ന് ഡോ. നരേന്ദ്രന്‍ പുറത്തേക്ക് വന്നു.

thyagarajan

ത്യാഗരാജൻ. ഫോട്ടോ: പ്രവീൺ.വി.പി

''തലച്ചോറ് ആകെ തകര്‍ന്നു പോയി.
ഒരു തരിപോലും പ്രതീക്ഷക്ക് വക നല്കാത്ത ഡോക്ടറുടെ വാക്കുകള്‍, പിന്നീട് ഏതാനും നിമിഷങ്ങള്‍ മാത്രമേ ജയന്റെ ശരീരത്തില്‍ ജീവന്‍ തുടിച്ചു നിന്നുള്ളൂ. വൈകീട്ട് കൃത്യം ആറരമണിയ്ക്ക് ജയന്റെ അവസാന ശ്വാസവും നിലച്ചു.

ഡ്യൂപ്പുകളും മനുഷ്യരാണെന്നും അവരുടെ ജീവനും തന്റെ ജീവനും തുല്യവിലയാണെന്നും വിശ്വസിച്ച, ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകളെ പ്രാണനെപ്പോലെ സ്‌നേഹിച്ച ധീരനായ അഭിനേതാവ് ഷൂട്ടിങ് വേളയിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞ വാര്‍ത്ത കേട്ട് ദക്ഷിണേന്ത്യന്‍ സിനിമാലോകം ഞെട്ടി.
ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും രാത്രിയോടെ ജയന്റെ മൃതദേഹം പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ പീരുമേട്ടിലെ അറിയപ്പെടാത്ത രഹസ്യത്തിന്റെ സെറ്റിലേക്ക് ജയന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ത്യാഗരാജനുള്‍പ്പെടെയുള്ളവര്‍.

ഏഴുമണി കഴിഞ്ഞു കാണും മദ്രാസ്സില്‍ നിന്നും പ്രേംനസീറിന് മകന്‍ ഷാനവാസിന്റെ ഫോണ്‍. ''ഡാഡി. ജയേട്ടന്‍...''
''എന്തു പറ്റി ഷാനു.?''
''കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങ് സമയത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയേട്ടന്‍ മരിച്ചു.

''ആരെടാ നീ..''
തന്നെ കബളിപ്പിക്കാന്‍ മകന്റെ ശബ്ദത്തില്‍ ആരോ ശ്രമിച്ചതാണെന്നു കരുതി നസീര്‍ വീണ്ടും ഒച്ചവെച്ചു. ഒടുവില്‍ ആ വാര്‍ത്ത സത്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ത്യാഗരാജനോടും ജോസ് പ്രകാശിനോടുമാണ് നസീര്‍ ആദ്യം വിവരം പറഞ്ഞത്. വാര്‍ത്ത വിശ്വസിക്കാനാവാതെ, ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാവാതെ എല്ലാവരും തകര്‍ന്നുപോയ നിമിഷങ്ങള്‍. അറിയപ്പെടാത്ത രഹസ്യത്തിന്റെ പ്രവര്‍ത്തകരെല്ലാം ജയന്റെ അപകടമരണം അറിഞ്ഞി രിക്കുന്നു. ജയഭാരതി മാത്രം അറിഞ്ഞിട്ടില്ല.
''ഭാരതിയെ അറിയിച്ചേക്കൂ.
ത്യാഗരാജനോടാണ് നസീര്‍ പറഞ്ഞത്. കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ ത്യാഗരാജന് അത് പറയാന്‍ കഴിയുമായിരുന്നില്ല. മരണത്തെ വെല്ലുവിളിച്ചു ജീവിച്ച ത്യാഗരാജന്റെ ധൈര്യം ഒരു തരിപോലുമില്ലാതെ ചോര്‍ന്നുപോയി. ഒടുവില്‍ സംവിധായകന്‍ വേണുവാണ് ജയഭാരതിയെ വിവരമറിയിക്കുന്നത്. അലമുറയിട്ട് കരഞ്ഞ ജയഭാരതിയെ ആര്‍ക്കും ആശ്വസിപ്പിക്കാനായില്ല. ആ രാത്രി ജയനെയോര്‍ത്ത് എല്ലാവരും വേദനയിലും കണ്ണീരിലും ആണ്ടുപോയി.
മരണത്തിന്റെ തണുപ്പ് പൊതിഞ്ഞു നിന്ന സങ്കടങ്ങളുടെ രാത്രിയില്‍ ജയന്റെ അവസാനത്തെ വാക്കുകള്‍ ത്യാഗരാജനെ വീണ്ടും വീണ്ടും കുത്തിനോവിച്ചു.
''വന്നില്ലെങ്കില്‍ ജയന്റെ ബോഡി ഇവിടെയെത്തും. ഒപ്പം, തന്നോട് മാത്രം ആന പാപ്പാന്‍ പറഞ്ഞ വാക്കുകളും. 'ആന അങ്ങനെ കുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വൈകാതെ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. തലേദിവസം പാപ്പാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ഒരു വിശ്വാസമായി മാത്രമേ ത്യാഗരാജന് അപ്പോള്‍ തോന്നിയുള്ളൂ എങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ കടന്നു പോകുമ്പോഴേക്കും ആ പ്രവചനം യാഥാര്‍ഥ്യമായി.

ഷൂട്ടിങ് നിര്‍ത്തി വെച്ച് പിറ്റേന്ന് കാലത്ത് പീരുമേട്ടില്‍ നിന്ന് എല്ലാവരും ജയന്റെ ജന്മനാടായ കൊല്ലത്തേക്ക് തിരിച്ചു. അഭ്രപാളിയിലെ ഒട്ടനവധി സാഹസിക മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ ജയന്റെ മരണത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ചുവന്നുപോയിരുന്നു. മദ്രാസില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ജയന്റെ മൃതദേഹം കൊല്ലത്തെത്തുമ്പോഴേക്കും നേരമേറെ വൈകിയിരുന്നു. ത്യാഗരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊല്ലത്തെത്തിയപ്പോള്‍ ആരൊക്കയോ വിളിച്ചു പറഞ്ഞു:
'അതാ ത്യാഗരാജന്‍, അവനാണ് ജയനെ കൊന്നത്. കൊല്ലെടാ അവനെ.'
ആള്‍ക്കൂട്ടം ശക്തിയോടെ കാറിനിടിയ്ക്കാന്‍ തുടങ്ങി. ചിലര്‍ കാറിനു മുകളിലേക്ക് കയറി. അതോടെ പോലിസ് ലാത്തി വീശി. ത്യാഗരാജനോട് തിരിച്ചുപോവാന്‍ പറഞ്ഞു. ജയന്റെ മുഖം അവസാനമായൊന്ന് കാണാന്‍ പോലുമാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ത്യാഗരാജന്‍ കൊല്ലത്തുനിന്നും മടങ്ങി. അപ്പോഴും വശ്യമായ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മനസ്സില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു സാഹസികതയുടെയും പൗരുഷത്തിന്റെയും ആ സുന്ദരരൂപം!

(തുടരും)

Content Highlights: Jayan histrion decease chopper mishap Kolikkalam movie stunt Malayalam cinema Tragedy Sholavram

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article