നിമിഷ് രവി - അഹാന വിവാഹത്തിൽ ദുൽഖറിന് നൽകിയ സ്ഥാനം; ഹൃദയംതൊട്ട് മറുപടി നൽകി ഡിക്യു, ഇത് എനിക്കും സ്പെഷ്യലാണ്

2 days ago 2
അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായതിന്റെ സന്തോഷനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ, ഏറെ ശ്രദ്ധ നേടുകയാണ് നിമിഷ് രവിയും നടൻ ദുൽഖർ സൽമാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മറ്റൊരു മനോഹരമായ അധ്യായം. വിവാഹത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് നിമിഷ് തന്റെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിൽ ദുൽഖറിന്റെ സാന്നിധ്യത്തിനുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തിയിരുന്നു. “എന്റെ ഗുരുവും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും” എന്നായിരുന്നു ദുൽഖറിനെ വിശേഷിപ്പിച്ചുകൊണ്ടുള്ള നിമിഷിന്റെ വാക്കുകൾ.

നിമിഷിന്റെ വാക്കുകൾക്ക് അതേ സ്നേഹത്തോടെ മറുപടി നൽകാനും ദുൽഖർ മറന്നില്ല. “ആ ഭാഗ്യം എന്റേതായിരുന്നു, എന്റെ പ്രിയപ്പെട്ട നിം!! എനിക്ക് ഏറെ പ്രിയപ്പെട്ട ഈ രണ്ട് പേരുടെ പോസ്റ്റ്കാർഡ് പോലെ മനോഹരമായ വിവാഹത്തിന്റെ സന്നിഹിതനാകാൻ കഴിഞ്ഞത് എനിക്കും ഏറെ പ്രത്യേകത നിറഞ്ഞ നിമിഷമായിരുന്നു. അതിന് നന്ദി, പ്രിയപ്പെട്ട നിം ആൻഡ് എ.കെ.” എന്നായിരുന്നു ദുൽഖറിന്റെ പ്രതികരണം. നിമിഷിന്റെയും അഹാനയുടെയും വിവാഹത്തിൽ മുഴുവൻ സമയവും ദുൽഖർ പങ്കെടുത്തതും ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന കാഴ്ചയായി.

വളരെ സ്വകാര്യമായ ഇരുവരുടെയും വിവാഹച്ചടങ്ങിൽ ദുൽഖർ വഹിച്ച പങ്കും ശ്രെദ്ധേയമാണ്. നിമിഷന് ദുൽഖർനോടുള്ള ബന്ധവും അദ്ദേഹം പല ഇന്റർവ്യൂകളിലും വെക്തമാക്കിട്ടുണ്ട്. ഏത് സമയത്തും വലിയ പിന്തുണ നൽകുന്ന ഒരു വ്യക്തിയാണെന്നും ഒരു സുഹിർത്തിനേക്കാൾ തനിക് ദുൽഖർ ഒരു ഗുരുവിനെ പോലെയാണെന്നും നിമിഷ് പറഞ്ഞു.

സിനിമയിൽ നിന്ന് ആരംഭിച്ച പരിചയം സൗഹൃദത്തിലേക്കും വിശ്വാസത്തിലേക്കും വളർന്നതാണ് നിമിഷ്–ദുൽഖർ ബന്ധം. ദുൽഖർ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയായിരുന്നു. 2021ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ദൃശ്യഭാഷയ്ക്ക് നിമിഷിന്റെ ക്യാമറ നിർണായകമായിരുന്നു. പിന്നീട് കിംഗ് ഓഫ് കൊത്തയിലും ഇരുവരും വീണ്ടും ഒരുമിച്ചു. നിമിഷിന്റെ ശ്രദ്ധേയമായ സിനിമാ യാത്രയിൽ ലൂക്ക, കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ലോക: ചാപ്റ്റർ 1 – ചന്ദ്ര തുടങ്ങിയ ചിത്രങ്ങൾ പ്രധാനപ്പെട്ടവയാണ്.

അഹാനയുടെയും നിമിഷിന്റെയും പ്രണയകഥയ്ക്കും സിനിമയുമായി പ്രത്യേക ബന്ധമുണ്ട്. ലൂക്കയിൽ അഹാന നായികയായപ്പോൾ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷായിരുന്നു. കോളേജ് കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും സിനിമാ ജീവിതത്തിലെ വളർച്ചയും ഒരുമിച്ചായിരുന്നു. പത്തുവർഷം നീണ്ട പ്രണയവും സൗഹൃദവും ഇരുവരെയും പരസ്പരം മാറ്റിനിർത്താനാകാത്തവിധം ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളാക്കി മാറ്റി.

വിവാഹത്തെക്കുറിച്ച് അഹാനയും നിമിഷും പങ്കുവെച്ച വീഡിയോയും ഇതിനകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാഗത വിവാഹസങ്കൽപ്പങ്ങളെക്കാൾ തങ്ങളുടെ ജീവിതത്തെയും ബന്ധത്തെയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് വിവാഹത്തിന്റെ ആശയം ഒരുക്കിയതെന്ന് ഇരുവരും വീഡിയോയിൽ വിശദീകരിക്കുന്നു. അതിന്റെ കേന്ദ്ര ആശയം ‘Tree of Life’ അഥവാ ‘ജീവന്റെ വൃക്ഷം’ എന്നതായിരുന്നു. വേരുകൾ ഭൂതകാലത്തെയും കുടുംബത്തെയും പ്രതിനിധീകരിക്കുമ്പോൾ, വളർന്ന് പന്തലിക്കുന്ന ശാഖകൾ ഒരുമിച്ച് മുന്നോട്ട് പോകുന്ന ജീവിതത്തെയും ഭാവിയെയും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ആശയത്തിന്റെ അവതരണം.

അതുകൊണ്ടുതന്നെ അഹാന–നിമിഷ് വിവാഹം തങ്ങളുടെ ജീവിതയാത്രയെയും ബന്ധങ്ങളെയും ഓർമ്മകളെയും ചേർത്തുവെച്ച ഒരു വ്യക്തിപരമായ ആഘോഷമായും മാറി. ആ ആഘോഷത്തിന്റെ ഹൃദയത്തിൽ നിമിഷിന്റെ പ്രിയ സുഹൃത്തും മെന്ററുമായ ദുൽഖർ സൽമാന്റെ സാന്നിധ്യം കൂടി എത്തിയപ്പോൾ, സിനിമയ്ക്കപ്പുറമുള്ള ഒരു സൗഹൃദത്തിന്റെ മനോഹരമായ ഫ്രെയിമിനാണ് വിവാഹം സാക്ഷ്യം വഹിച്ചത്.

Read Entire Article