.jpg?%24p=8a7b7b1&f=16x10&w=852&q=0.8)
ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു, ഡബ്ലിയു.സി.സിയുടെ ലോഗോ, | Photo: www.facebook.com/WomeninCinemaCollective
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രധാന്യം അതിന്മേലെടുത്ത കേസുകള്‍ അവസാനിപ്പിക്കുമ്പോള്‍ തീരുന്നതല്ലെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി). ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശസമരത്തിലുള്ള ഒരുപ്രധാന വഴിത്തിരിവാണ്. കേവലം സ്ത്രീസുരക്ഷയും സ്ത്രീ സിനിമാപ്രവര്‍ത്തക പ്രോത്സാഹനത്തിനുമപ്പുറം സിനിമാരംഗത്തെ പോളിസിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഗൗരവപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടു വെയ്ക്കുന്നുണ്ടെന്നും ഡബ്ല്യൂസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ചെയ്ത കേസുകള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് ഡബ്ല്യൂസിസി പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു തന്നെ പരാജയപ്പെട്ടു എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന്റെ കുറ്റഭാരം ചുമത്തുന്നത് ഹേമ കമ്മിറ്റിക്കു മുമ്പില്‍ വന്ന് ധൈര്യപൂര്‍വ്വം സംസാരിച്ച സ്ത്രീകളുടെ നേരെയാണ്. ഇത് അത്യന്തം ദുഃഖകരമാണെന്നും ഡബ്യുസിസി പ്രസ്താവനയില്‍ പറഞ്ഞു.
വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഹേമ കമ്മിറ്റിക്ക് മുമ്പാകെ പോയി തങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയ ഓരോ അതിജീവിതമാരോടും സ്ത്രീചരിത്രം കടപ്പെട്ടിരിക്കും. ഡബ്ല്യു.സി.സിയുടെ സ്‌നേഹാഭിവാദ്യങ്ങള്‍
ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം രൂപീകരിച്ച SIT ക്ക് മുന്നില്‍ സംസാരിക്കാനും കേസുമായി മുന്നോട്ടു പോകാനും പരാതിക്കാരികള്‍ തയ്യാറാവാത്തതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു തന്നെ പരാജയപ്പെട്ടു എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവര്‍ അതിന്റെ കുറ്റഭാരം ചുമത്തുന്നത് ഹേമ കമ്മിറ്റിക്കു മുമ്പില്‍ വന്ന് ധൈര്യപൂര്‍വ്വം സംസാരിച്ച സ്ത്രീകളുടെ നേരെയാണ് എന്നത് അത്യന്തം ദുഃഖകരമാണ്.
ഈ കാര്യങ്ങള്‍ക്ക് കുറച്ച് കൂടി വ്യക്തത ആവശ്യമാണ്. മലയാള സിനിമാ രംഗത്തുണ്ടായ മോശപ്പെട്ട അനുഭവങ്ങള്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ കുറച്ചു സ്ത്രീകള്‍പങ്കുവെച്ചു. അവര്‍ വിശ്വസിച്ചത്, ഈ സംഭാഷണങ്ങള്‍ കമ്മിറ്റിയെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഉപദേശങ്ങള്‍ രൂപപ്പെടുത്താനും സഹായിക്കുമെന്നാണ്. മാത്രവുമല്ല തെറ്റിദ്ധാരണയ്ക്ക് ഇടവരാതിരിക്കാനായി അവര്‍ സത്യവാങ്മൂലം നല്‍കിയാണ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിച്ചത്.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം ഗവണ്‍മെന്റ് SlT രൂപീകരിക്കുകയും ഈ സ്ത്രീകളെ തെളിവെടുപ്പിനായി വിളിപ്പിക്കുകയും ചെയ്തു. SlT ഫോണിലൂടെയും നേരിട്ടും തെളിവെടുപ്പിനായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇവര്‍ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞ പല സംഭവങ്ങളും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. അവക്ക് തങ്ങളുടെതായ ഒരു ക്ലോഷര്‍ കണ്ടെത്തി, മറക്കാന്‍ ശ്രമിച്ച്, മനോവേദന കടിച്ചു പിടിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ മിക്കവാറും സ്ത്രീകള്‍. അവര്‍ വീണ്ടും നിയമനടപടികളില്‍ ഏര്‍പ്പെടാന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം പരാതി അസത്യമായിരുന്നു എന്നല്ല. അതിനര്‍ത്ഥം ഈ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ നിഷേധിക്കുന്നു എന്നതല്ല, അല്ലെങ്കില്‍ അവര്‍ മോശക്കാരികളാണ് എന്നതുമല്ല. മാത്രവുമല്ല സിനിമാ വ്യവസായത്തിന്റെ സ്ത്രീ വിരുദ്ധതയെ പുറത്തു കൊണ്ടുവരാന്‍ ഈ സ്ത്രീകള്‍ കേസുമായി മല്ലടിച്ച് തെളിയിക്കണമെന്നു കരുതുന്നതു തന്നെ സ്ത്രീ ജീവിതത്തെ അവര്‍ക്കൊപ്പം ചേര്‍ന്നു നിന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടു കൂടിയാണ്. അതിനാല്‍ തന്നെ കമ്മിറ്റിക്ക് മുമ്പില്‍ സംസാരിച്ച ധീരരായ എല്ലാ സ്ത്രീകള്‍ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു.
അതുപോലെ തന്നെ ഹൈക്കോടതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സമയത്ത് നിരവധി സ്ത്രീകള്‍ അവരുടെ സിനിമാരംഗത്തെ മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. അവ പലതും തുടര്‍ന്നുള്ള നടപടികള്‍ക്കായി മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാം തുറന്നുപറയണമോ കേസ് കൊടുക്കണമോ എന്നതെല്ലാം തീരുമാനിക്കാനുള്ള അവകാശം സ്ത്രീകളുടേതായിരിക്കണം എന്നതായിരുന്നു അന്നും ഇന്നും ഡബ്ല്യൂസിസിയുടെ നിലപാട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നെ കേരള ഗവണ്‍മെന്റ് തലത്തില്‍ സ്ത്രീ സംവിധായികമാര്‍ക്ക് സിനിമാ നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായ പദ്ധതി നിലവില്‍ വന്നിരുന്നു. WCC യുടെ ഇടപെടല്‍ ആ പദ്ധതിയുടെ രൂപീകരണത്തിനു ഒരു പ്രധാനകാരണമായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ വനിതാ ഫെസ്റ്റിവല്‍, സ്ത്രീ ടെക്‌നീഷ്യന്‍മാര്‍ക്കുള്ള പരിശീലനം എന്നിവയെല്ലാം പല കാലങ്ങളില്‍ സ്ത്രീകളുടെ കൂടി നേതൃത്വത്തിലുള്ള ചര്‍ച്ചകളിലൂടെ രൂപപ്പെട്ടു വന്നതാണ്.
ഡബ്ല്യൂസിസി ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധി വരികയും സിനിമയില്‍ അഭ്യന്തര കമ്മിറ്റികള്‍ (IC) രൂപീകരിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം ഹേമ കമ്മിറ്റി മുന്നോട്ടു വെച്ച മറ്റു പ്രധാനപ്പെട്ട പോളിസി തലത്തിലുള്ള വിഷയങ്ങള്‍ക്ക് പകരമല്ല.
തൊഴില്‍ നയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭയായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥര്‍മാര്‍ ഇന്നു നമുക്കുണ്ട്. സിനിമാരംഗത്ത് ആഭ്യന്തര സമിതികള്‍ (ICs) ഇപ്പോള്‍ ഗുണപരമായി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ ഇടപെടലുകള്‍ ആണ് മറ്റു മേഖലകളില്‍ എന്ന പോലെ കേരളത്തെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇതിനേക്കാള്‍ ആഴത്തിലുള്ള മാറ്റം ആവശ്യപ്പെടുന്ന ' ലിംഗസമത്വചിന്തയുള്ള സിനിമാനയപരമായ കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശസമരത്തിലുമുള്ള ഒരു പ്രധാന വഴിത്തിരിവാണ്. അത് സിനിമാ പോളിസി ചര്‍ച്ചയില്‍ കേവലം സ്ത്രീ സുരക്ഷയും, സ്ത്രീ സിനിമാ പ്രവര്‍ത്തക പ്രോത്സാഹനത്തിനുമപ്പുറം സിനിമാരംഗത്തെ പോളിസിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഗൗരവപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ KSFDC സംഘടിപ്പിച്ച പോളിസി ചര്‍ച്ചയില്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടക്കം ഇതിനു മുമ്പ് ഈ രംഗത്ത് നടന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും ഞങ്ങള്‍ വിശദമായി തന്നെ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രധാന്യം SIT കേസുകള്‍ അവസാനിപ്പിക്കുമ്പോള്‍ തീരുന്നതല്ല എന്നു വീണ്ടും പറയട്ടെ. പോളിസി ചര്‍ച്ചകളിലും നടപടികളിലും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് വലിയ പങ്കുവഹിക്കാനുണ്ട്. അല്ലെങ്കിലാണ് ഹേമ കമ്മിറ്റിക്കു വേണ്ടി ചിലവഴിച്ച കോടി ക്കണക്കിനുള്ള തുക പാഴ്ചിലവായി മാറുന്നത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒരു ലിംഗസമത്വചിന്തയുള്ള സിനിമാനയം രൂപപ്പെടുത്തുകയും ട്രൈബ്യൂണല്‍ രൂപീകരണത്തില്‍ ശ്രദ്ധ നല്‍കുകയും ചെയ്യണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
Content Highlights: WCC highlights Hema Committee Report's continued value beyond lawsuit closures
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·