04 July 2025, 05:52 PM IST
യഥാസമയത്ത് ഇറക്കേണ്ടിയിരുന്നതിനാൽ പേരിലെ ഭാരതം എന്ന വാക്ക് കറുത്ത പെയിന്റുകൊണ്ട് പോസ്റ്ററുകളിൽ നിന്നും മറച്ചാണ് സിനിമ പുറത്തിറക്കിയത്. ഇപ്പോൾ ജെഎസ്കെയ്ക്ക് കിട്ടുന്ന പിന്തുണ കാണുമ്പോൾ അന്ന് പൊരുതിനോക്കാമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ ടി.വി. രഞ്ജിത്, ഒരു സർക്കാർ ഉൽപ്പന്നം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്ന ചിത്രത്തിന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേരുമാറ്റി റിലീസ് ചെയ്യാൻ നിർബന്ധിതനായതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ടി.വി. രഞ്ജിത്. ചിത്രത്തിന്റെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പേരിലെ ഭാരതം എന്ന വാക്ക് മാറ്റിയേ തീരൂ എന്ന് സിബിഎഫ്സി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. യഥാസമയത്ത് ഇറക്കേണ്ടിയിരുന്നതിനാൽ പേരിലെ ഭാരതം എന്ന വാക്ക് കറുത്ത പെയിന്റുകൊണ്ട് പോസ്റ്ററുകളിൽ നിന്നും മറച്ചാണ് സിനിമ പുറത്തിറക്കിയത്. ഇപ്പോൾ ജെഎസ്കെയ്ക്ക് കിട്ടുന്ന പിന്തുണ കാണുമ്പോൾ അന്ന് പൊരുതിനോക്കാമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ ടി.വി. രഞ്ജിത്തിന്റെ വാക്കുകൾ:
പ്രിയമുള്ളവരെ, ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേരിൽ പുറത്തിറക്കാൻ ആഗ്രഹിച്ച് ഒരു സർക്കാർ ഉൽപ്പന്നം എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ സംവിധായകനാണ് ഞാൻ. അന്ന് സിബിഎഫ്സിയുടെ സർട്ടിഫിക്കേഷൻ പ്രിവ്യൂ കഴിഞ്ഞ് സിനിമയുടെ പേരിൽ നിന്നും ഭാരതം എന്ന വാക്ക് വെട്ടിമാറ്റണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടത്. ഞങ്ങൾ മൂന്ന് തവണ പുനരാലോചന നടത്തണം എന്നാവശ്യപ്പെട്ട് സിബിഎഫ്സി കമ്മറ്റിയോട് അപേക്ഷിച്ചു. മൂന്ന് തവണ മീറ്റിംഗ് കൂടിയിട്ടും ഭാരതം എന്ന വാക്ക് മാറ്റണം എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു.
നിങ്ങൾക്ക് മുന്നിൽ രണ്ട് വഴികളുണ്ട്, ഒന്നുകിൽ മുംബൈയിലുള്ള റിവ്യൂ കമ്മിറ്റിയെ സമീപിക്കാം, അല്ലെങ്കിൽ കോടതിയിലേക്ക് പോകാം എന്നാണ് സിബിഎഫ്സി യോഗശേഷം സെക്രട്ടറി പറഞ്ഞത്. കേരളം മുഴുവൻ പോസ്റ്റർ ഒട്ടിച്ച ശേഷമാണ് സിബിഎഫ്സി ഈ നിർദേശം തന്നത്. പേര് മാറ്റാൻ വേണ്ടി നിയമയുദ്ധം നടത്താനുള്ള അവസ്ഥ ഞങ്ങൾക്കുണ്ടായിരുന്നില്ല. മുംബൈയിൽ റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ പോയി അപ്പീൽ നൽകിയാൽ ഉണ്ടാകാൻ പോകുന്ന കാലതാമസവും ഞങ്ങൾക്ക് താങ്ങാൻ കഴിയാവുന്നതല്ല. അതിനാൽ ഞങ്ങൾ, ഞങ്ങളുടേതായ രീതിയിൽ പ്രതിഷേധിച്ചു കൊണ്ട് പേര് മാറ്റം അംഗീകരിച്ചു. ഭാരതം എന്ന വാക്ക് കറുത്ത പെയിന്റുകൊണ്ട് നിലവിലുള്ള പോസ്റ്ററുകളിൽ നിന്നും മറച്ചാണ് ഞങ്ങൾ സിനിമ പുറത്തിറക്കിയത്.
ഇപ്പോൾ ജെഎസ്കെ , ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് കിട്ടുന്ന പിന്തുണ കാണുമ്പോൾ അന്ന് പൊരുതി നോക്കാമായിരുന്നു എന്ന് തോന്നുകയാണ്. ആരേയും പഴിച്ചിട്ട് കാര്യമില്ല. ഈ വിഷയം അന്ന് സിനിമ നിർമ്മാതാക്കളുടെ സംഘടനകളോടോ, തൊഴിലാളി സംഘടനയായ ഫെഫ്ക്കയോടോ സംസാരിച്ചിരുന്നില്ല. ആദ്യ ദിവസം തന്നെ ഞങ്ങൾ ആ തീരുമാനം അംഗീകരിച്ചിരുന്നു. കാരണം ഞങ്ങളുടെ മുന്നിൽ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സിനിമ മാറ്റിവച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശേഷി ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല അതിന്റെ രണ്ടാം ദിവസം ഞങ്ങളുടെ സിനിമയുടെ തിരക്കഥാകൃത്ത് മരിച്ചതും ഞങ്ങൾക്ക് വലിയ ആഘാതമായി. അങ്ങിനെ ആ സിനിമ തീയ്യേറ്ററിൽ നേരത്തെ അനൗൺസ് ചെയ്ത ദിവസം തന്നെ റിലീസ് ചെയ്തു.
ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം ഈ സിനിമയുടെ റിലീസ് സമയത്ത് സിനിമ സംഘടനകൾ സഹായിച്ചില്ല എന്ന ഒരു പ്രചാരണം കണ്ടതുകൊണ്ടാണ്. ഞങ്ങൾ ആരേയും സമീപിച്ചില്ല എന്നതാണ് സത്യം. അതിൽ ഇന്ന് ഖേദിക്കുന്നു.
Content Highlights: Filmmaker T.V. Rajanji's Account of Censorship Controversy: The "Bharatam" Removal from His Film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·