നിയമവും കോടതിയും പോലീസും നിങ്ങള്‍ക്ക് മാത്രമല്ല ഉള്ളത്, നമുക്ക് നോക്കാം- മാലാ പാര്‍വതി

5 months ago 6

maala parvathi

മാല പാർവതി | ഫോട്ടോ: കെ.കെ. സന്തോഷ്/മാതൃഭൂമി

താരസംഘടനയായ 'അമ്മ' തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. വിവാദം തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്ക് സിനിമാ മേഖലയില്‍നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചുള്ള 'അമ്മ' വനിതാ അംഗങ്ങളുടെ തുറന്നുപറച്ചില്‍ ചിത്രീകരിച്ചുവെന്ന് പറയുന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയം 2018 മുതല്‍ 2025 വരെ നടന്ന ജനറല്‍ ബോഡികളില്‍ ഒന്നിലും ഉന്നയിച്ചിട്ടില്ല. ആഭ്യന്തര പരിഹാരസമിതി അംഗമായിരുന്ന സമയത്ത് തനിക്കുമുന്നിലും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെന്നും മാലാ പാര്‍വതി പറഞ്ഞു.

തനിക്കെതിരായി പൊന്നമ്മ ബാബു ഉന്നയിച്ച ആരോപണത്തിനും മാലാ പാര്‍വതി മറുപടി നല്‍കി. നടി ഉഷാ ഹസീനയ്ക്ക് അയച്ച വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു മറുപടി.

മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അമ്മയിലെ ഇലക്ഷനും അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. മെമ്മറി കാര്‍ഡാണ് പുതിയ വിവാദം. അമ്മയുടെ വാര്‍ത്തകള്‍ ദിവസേന എന്ന രീതിയില്‍ നല്‍കുന്ന ഒരു യൂട്യൂബര്‍ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേള്‍ക്കുന്നത്. പിന്നെ ഉഷ ഹസീന. ഹോളി ഡേ ഇന്നില്‍ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേര് ചേര്‍ന്ന യോഗം വീഡിയോ ചിത്രീകരിച്ചിതിന്റെയും പിന്നീട് മെമ്മറി കാര്‍ഡ് കാണാതായതിനെ കുറിച്ചും കുക്കു പരമേശ്വരന്‍ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു. അന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലോ, സബ് കമ്മിറ്റിയിലോ ഇല്ലാത്ത കുക്കു, ഭാരവാഹികള്‍ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു.

2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. ഐസി അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ഇന്ന് പരാതി ഉന്നയിക്കുന്നവര്‍ ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞവര്‍ഷം കുക്കു ഇലക്ഷന് നിന്നപ്പോള്‍, കുക്കുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉഷ ഹസീന മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റിയിലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്‌നം മാധ്യമങ്ങളില്‍ കണ്ടതുമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാന്‍ കാണുന്നത്.

എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതില്‍നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാന്‍ അതിശയിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉഷ ഹസീനയ്ക്ക് ഞാന്‍ ദിവ്യ ഐയ്യര്‍ ഐഎസിന്റേയും മെറിന്‍ ജോസഫ് ഐപിഎസിന്റേയും നമ്പറുകള്‍ ഷെയര്‍ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവര്‍ പറയും എന്ന് പ്രതീക്ഷ എനിക്കില്ല. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യാം.

ബാബുരാജ് ഇലക്ഷന് നില്‍ക്കരുത്, എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ ഇലക്ഷനില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. നാമനിര്‍ദേശിക പിന്‍വലിച്ച് അദ്ദേഹം ഇട്ട പോസ്റ്റിനെ, യൂട്യൂബര്‍ വ്യാഖ്യാനിച്ച് പറഞ്ഞതില്‍ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്. ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അത് സ്വാഭാവികയുമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടി ആയാണ് ഞാന്‍ ഈ അറ്റാക്കുകളെ കാണുന്നത്.

നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന ചോറുണ്ണുന്ന മലയാളികള്‍ ഈ നാട്ടിലെ ജനങ്ങളെ വിശ്വാസമുണ്ട്. വരുന്ന വിഷയങ്ങള്‍, അറിയുന്ന മുറയ്ക്ക് മറുപടി പറഞ്ഞ് ഞാന്‍ ഇവിടെ ഉണ്ടാകും.

അമ്മയുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് പല പ്രശ്‌നങ്ങളും തുടങ്ങുന്നത്. അത് ഇവിടെ വിശദീകരിക്കുന്നില്ല. മറുനാടന്‍ മലയാളിയില്‍, ശ്രീ സാജന്‍ സ്‌ക്കറിയ ഒരു വീഡിയോ ചെയ്തത് എറെക്കുറെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് അത് വിടുന്നു.

ഇപ്പോഴത്തെ വിവാദം എക്‌സിക്യൂട്ടിവിലോ സബ് കമ്മിറ്റിയിലോ ഭാരവാഹി അല്ലാത്ത കുക്കുവിനെതിരെ എത്ര ബഹളമുണ്ടാക്കിയിട്ടും എന്തുകാര്യം എന്ന് എത്ര ആലോചിച്ചിടും എനിക്ക് മനസ്സിലാവുന്നില്ല. എന്നാല്‍ ഇതില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ നിങ്ങളുടെ യുക്തി പോലെ, നിയമസഹായം തേടുക.

അല്ലാതെ മാലാ പാര്‍വ്വതി ഇടയ്ക്ക് കയറുന്നു എന്നൊന്നും പറയണ്ട. ഞാന്‍ ഇതില്‍ കക്ഷി അല്ല.

വാട്ട്‌സപ്പ് ഗ്രൂപ്പിലെ അഡ്മിനും യൂട്യൂബറും ഒരുമിച്ച് ഒരു പോലെ പറയുന്ന കാര്യങ്ങള്‍, ഒരിടത്തുനിന്ന് ഉത്ഭവിക്കുന്നതാണെന്ന് ഞാന്‍ നേരത്തെ ശ്രദ്ധിച്ചതാണ്. അതുകൊണ്ട് തന്നെ വെല്‍ പ്ലാന്‍ഡ് അറ്റാക്ക് ആണ്. നമുക്ക് നോക്കാം. നിയമവും, പോലീസും കോടതിയും നിങ്ങള്‍ക്ക് മാത്രമല്ല ഉള്ളത്.

Content Highlights: Maala Parvathy reacts to the AMMA predetermination representation paper controversy,

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article