'നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലുന്നതാണ് അവരുടെ ദേശീയവിനോദം,പ്രതികരിക്കേണ്ടത് ബാറ്റുംബോളും കൊണ്ടല്ല'

9 months ago 9

23 April 2025, 04:45 PM IST

pahalgam panic  attack

പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | AP

പഹല്‍ഗാം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ വെടിവെപ്പില്‍ 29 പേര്‍ മരിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നയതന്ത്ര-സൈനിക നടപടികള്‍ കേന്ദ്രസര്‍ക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ പാകിസ്താനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ബം​ഗാൾ താരം ശ്രീവത്സ് ​ഗോസ്വാമി. ഇന്ത്യ ഒരിക്കലും പാകിസ്താനെതിരേ ക്രിക്കറ്റ് കളിക്കരുതെന്ന് അദ്ദേഹം പറയുന്നു.

'ഇതുകൊണ്ടാണ് പാകിസ്താനെതിരേ ഒരിക്കലും ക്രിക്കറ്റ് കളിക്കരുതെന്ന് ഞാന്‍ പറയുന്നത്. ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ബിസിസിഐയും കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കാതിരുന്നപ്പോള്‍ കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നാണ് ചിലര്‍ പറഞ്ഞത്. നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലുന്നതാണ് അവരുടെ ദേശീയവിനോദമെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ നമ്മള്‍ പ്രതികരിക്കേണ്ടതുണ്ട്. അല്ലാതെ ബാറ്റും ബോളും കൊണ്ടല്ല.' - ശ്രീവത്സ് ഗോസ്വാമി എക്‌സില്‍ കുറിച്ചു.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ നിര്‍ബന്ധിക്കില്ലെന്നാണ് ഐ.സി.സിയും നിലപാടെടുത്തിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം ദുബായിലാണ് കളിച്ചത്.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍.

Content Highlights: Shreevats Goswami says nary cricket with pakistan pahalgam panic attack

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article