നിരാശപ്പെടുത്തിയിട്ടും സൂപ്പർ ഓവറിൽ പരാഗ് മതി, തകർത്തടിച്ച താരത്തെ ഒഴിവാക്കി; മാനേജ്മെന്റ് തീരുമാനമെന്ന് റാണ

9 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 17 , 2025 11:57 AM IST

1 minute Read

 X@IPL
ഡൽഹിക്കെതിരെ നിതീഷ് റാണയുടെ ബാറ്റിങ്, റിയാൻ പരാഗ് പുറത്തായി മടങ്ങുന്നു. Photo: X@IPL

ന്യൂഡൽഹി∙ രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും സൂപ്പർ ഓവറിൽ എന്തുകൊണ്ടു ബാറ്റിങ്ങിന് ഇറങ്ങിയില്ലെന്ന ചോദ്യത്തിനു മറുപടിയുമായി രാജസ്ഥാൻ റോയൽസ് താരം നിതീഷ് റാണ. ഡൽഹി ക്യാപിറ്റൽസിനെതിരെ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ റാണ 28 പന്തിൽ 51 റൺസുമായി തിളങ്ങിയിരുന്നു. എന്നാൽ ഷിമ്രോൺ ഹെറ്റ്മിയറിനൊപ്പം റിയാൻ പരാഗിനെ സൂപ്പർ ഓവറിൽ ഇറക്കാനായിരുന്നു രാജസ്ഥാന്റെ തീരുമാനം. ആദ്യം ബാറ്റു ചെയ്തപ്പോൾ 11 പന്തിൽ എട്ടു റൺസ് മാത്രമായിരുന്നു പരാഗിന്റെ സ്കോർ. സൂപ്പർ ഓവറിൽ ഇറങ്ങിയപ്പോഴും തിളങ്ങാൻ സാധിക്കാതിരുന്ന പരാഗ് റണ്‍ഔട്ടാകുകയായിരുന്നു.

ടീമിൽ ഒരാൾ ഒറ്റയ്ക്കല്ല തീരുമാനങ്ങൾ എടുക്കുന്നതെന്ന് നിതീഷ് റാണ മത്സരശേഷം പ്രതികരിച്ചു. ‘‘മാനേജ്മെന്റാണു തീരുമാനം എടുക്കുന്നത്, അല്ലാതെ ഒരാളല്ല. ക്യാപ്റ്റനും മുതിർന്ന രണ്ടു താരങ്ങളും പരിശീലകനും ഇവിടെയുണ്ട്. ടീമിന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. എന്നാൽ വലിയ ഷോട്ടുകളുടെ കുറവ് സൂപ്പർ ഓവറിൽ ഉണ്ടായിരുന്നു. 15 റൺസെങ്കിലും വേണമെന്നായിരുന്നു ഞങ്ങളുടെ കണക്കു കൂട്ടൽ. സൂപ്പർ ഓവറുകൾ എറിയാൻ പറ്റിയ ബോളർ സന്ദീപ് ശർമ തന്നെയാണ്.’’– നിതീഷ് റാണ വ്യക്തമാക്കി.

സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.ഡല്‍ഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188 ൽ എത്തിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി ഷിമ്രോൺ ഹെറ്റ്മിയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ അഞ്ചു പന്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് നേടിയത് 11 റൺസ്. 

രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി. 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലുമായിരുന്നു. സന്ദീപ് ശർമയെറിഞ്ഞ സൂപ്പർ ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിയുടെ വിജയ റൺസ് കുറിച്ചു. ഒരു ബൗണ്ടറിയുൾപ്പടെ ഏഴു റൺസെടുത്ത രാഹുലും തിളങ്ങി. അഞ്ചാം വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ എട്ടാമതാണ്.

English Summary:

Nitish Rana Breaks Silence On Not Being Sent By RR For Super Over

Read Entire Article