
പ്രതീകാത്മകചിത്രം| Photo:Mathrubhumi
കൊച്ചി: സിനിമയുടെ നിരോധനം നീക്കിയ സൗദിഅറേബ്യയിൽ സിനിമാ വ്യവസായം ശക്തമാകുന്നു. സിനിമാ സ്‌ക്രീനുകളുടെ എണ്ണം 60 ഇടങ്ങളിലായി 630 ആയി. തിയേറ്ററുകളിൽ 35 ശതമാനവും റിയാദിലാണ്. ജിദ്ദയിലും ദമാമിലും 20 ശതമാനം വീതം തിയേറ്ററുകൾ പ്രവർത്തിക്കുന്നു. 2030 ആകുമ്പോഴേക്കും ആയിരത്തിലധികം സ്‌ക്രീനുകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി സർക്കാർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നത്.
പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ സിനിമാ ഇൻഫ്രാസ്ട്രക്ചർ, കണ്ടന്റ് സർവീസസ്, ടെക്‌നോളജി എന്നിവയിൽ ഇതിനകം 3.5 ബില്യൺ സൗദി റിയലാണ് (933 മില്യൺ ഡോളർ) നിക്ഷേപിച്ചിട്ടുള്ളത്. ബോക്സ് ഓഫീസ് വരുമാനം വർഷം 900 മില്യൺ സൗദി റിയാലായി തുടരുന്നതും പ്രതീക്ഷയുണർത്തുന്നു. ഭക്ഷണപാനീയ വിൽപ്പനയിൽ നിന്ന് വർഷം 500 മില്യൺ റിയാലിലധികം വരുമാനവും ലഭിക്കുന്നു. ഈ വർഷം അവസാനമാകുമ്പോഴേക്കും ചലച്ചിത്ര അനുബന്ധമേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ സാധ്യത തുറക്കും.
സൗദി അറേബ്യയിലെ പ്രധാന തിയേറ്ററുകളും സ്‌ക്രീനുകളുടെ എണ്ണവും (ബ്രാക്കറ്റിൽ ലൊക്കേഷനുകളുടെ എണ്ണം)
മൂവി സിനിമ- 250 (22)
വോക്‌സ്- 150 (18)
എംപയർ- 100 (10)
എഎംസി- 90 (6)
റീൽ സിനിമ- 15 (1)
സമീപനം വിസ്മയകരം
സിനിമയോടുള്ള സൗദി സർക്കാരിന്റെ സമീപനം മാറിയത് വിസ്മയകരമാണ്. ഹോളിവുഡ് സിനിമകളും അറബി സിനിമകളും മികച്ച രീതിയിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾക്ക് ആവശ്യമായ ഡിസ്ട്രിബ്യൂഷൻ ടീം ഇല്ലാത്തത് ബാധിക്കുന്നുണ്ട്
-ജുനൈസ് ബാബു ഗുഡ്‌ഹോപ്, സൗദി ടൂറിസം ഇവന്റ്‌സ് ടെക്‌നോളജി കൺസൾട്ടന്റ്
പ്രതീക്ഷയോടെ കാണുന്നു
മലയാള സിനിമാ നിർമാതാക്കാൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സൗദി. സെൻസർഷിപ്പിലെ നിബന്ധനകളും ഭാരിച്ച തുകയും അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ ഒട്ടേറെ മലയാള സിനിമകൾ സൗദിയിലെത്തും. നമ്മുടെ സിനിമാ വ്യവസായത്തിന് ഏറെ ഗുണകരമാകും
-സിയാദ് കോക്കർ, വൈസ് പ്രസിഡന്റ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Content Highlights: Saudi Arabia`s cinema manufacture is booming aft lifting its ban
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·