സ്വന്തം ലേഖിക
14 August 2025, 08:37 PM IST

ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ | Photo: Facebook/ Listen Stephan, Vinayan Tg
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. സെക്രട്ടറിയായി ലിസ്റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.
ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷും നേതൃത്വം നല്‍കിയ പാനലിലെ മഹാസുബൈര്‍ (സുബൈര്‍ എന്‍.പി) ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ പാനലിലെ സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണിയും എം.എം. ഹംസയും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. 110 വോട്ടുകളാണ് സാന്ദ്രാ തോമസ് നേടിയത്. സാന്ദ്ര പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് നല്‍കിയ പത്രികകള്‍ തള്ളിയിരുന്നു.
കാലാവധി അവസാനിക്കുന്ന കമ്മിറ്റിയില്‍ ട്രഷററാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ തനിക്ക് വോട്ടുചെയ്തവര്‍ക്ക് ലിസ്റ്റിന്‍ നന്ദി പറഞ്ഞു. 'കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ( കെഎഫ്പിഎ) സെക്രട്ടറി ആയി വന്‍ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി', ലിസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചവര്‍:
- ഷെര്‍ഗ സന്ദീപ്
- ജി. സുരേഷ് കുമാര്‍
- സിയാദ് കോക്കര്‍
- സെഞ്ചുറി കൊച്ചുമോന്‍
- ഔസേപ്പച്ചന്‍ വാളക്കുഴി
- എവര്‍ഷൈന്‍ മണി
- എന്‍. കൃഷ്ണകുമാര്‍
- മുകേഷ് ആര്‍ മേത്ത
- എബ്രഹാം മാത്യു
- ജോബി ജോര്‍ജ്
- തോമസ് മാത്യു
- രമേശ് കുമാര്‍
- സന്തോഷ് പവിത്രം
- വിശാഖ് സുബ്രമണ്യം
Content Highlights: Listin Stephen wins Kerala Film Producers Association elections
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·