നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിന് തിരിച്ചടി, ഹര്‍ജി കോടതി തള്ളി

5 months ago 5

Sandra Thomas

സാന്ദ്രാ തോമസ് | ഫോട്ടോ: www.facebook.com/sandrathomasofficial

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍മാതാവ് സാന്ദ്രാ തോമസിന്റെ ഹര്‍ജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.

മൂന്ന് ഹര്‍ജികളുമായാണ് സാന്ദ്രാ തോമസ് കോടതിയെ സമീപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തരുത്, വരണാധികാരിയെ മാറ്റണം, അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങളായിരുന്നു സാന്ദ്ര ഉന്നയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരായ കേസില്‍ കോടതി വിധി പറഞ്ഞിട്ടില്ല.

വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സാന്ദ്ര കോടതിയില്‍ വാദിച്ചിരുന്നു. തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. വരണാധികാരി കോശി ജോര്‍ജ് സംഘടനയുടെ നിലവിലെ ഭാരവാഹികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു. വരണാധികാരിയെ തിരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കണം എന്നീ ആവശ്യങ്ങളും സാന്ദ്ര ഉന്നയിച്ചിരുന്നു.

പ്രസിഡന്റ്, ട്രഷറർ, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നൽകിയിരുന്നത്. യോഗ്യത കാണിക്കാന്‍ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്നു ചുണ്ടിക്കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. ഒൻപത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറിൽ രണ്ടും. എന്നാൽ, നിർമാതാവ് എന്നനിലയിൽ സ്വതന്ത്രമായി മൂന്നുസിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.

സാന്ദ്രനൽകിയ മൂന്നു സർട്ടിഫിക്കറ്റുകളിൽ അവസാനത്തേത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണെന്നും അത് പരിഗണിക്കാനാകില്ലെന്നും വരണാധികാരി പറഞ്ഞു. എതിർത്തപ്പോൾ സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു.

Content Highlights: Sandra Thomas`s Producer Association Election Plea Rejected

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article