മൂന്ന് ഇംഗ്ലീഷ് വാക്കുകൾ. ഡൗൺ ഗോസ് ഫ്രെയ്‌സിയർ (Down goes Frazier). മൂന്നുതവണ. എബിസി ടിവിയിൽ ഹൊവാർഡ് കോസലിന്റെ ആവേശംനിറഞ്ഞ വാക്കുകൾ. അതുപിന്നീട് 20-ാം നൂറ്റാണ്ടിലെ ഐക്കണിക് പ്രയോഗങ്ങളിലൊന്നായിമാറി. 1973 ജനുവരി 22. ജമൈക്കയിലെ കിങ്‌സ്റ്റൺ. ലോകം അവശ്വസനീയമായ ഒരു ബോക്‌സിങ് പോരാട്ടം കാണുകയായിരുന്നു. ഒരുവശത്ത് എതിരാളികളില്ലാതെ കുതിക്കുന്ന ജോ ഫ്രെയ്‌സിയർ എന്ന കാളക്കൂറ്റൻ. തുടർച്ചയായി പത്ത് ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ വിജയിച്ചാണ് വരവ്. ജോർജ് ഫോർമാൻ നാലുവർഷത്തിനിടെ തുടർച്ചയായി 37 മത്സരങ്ങളിൽ ജയിച്ച് ഒന്നാം നമ്പർ താരമായി ഉയർന്നിരിക്കുകയാണ്. എന്നാൽ, ഇവർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. ഇതാണ് ലോകം കാത്തിരുന്ന മത്സരത്തിലേക്കു നയിച്ചത്.
.jpg?$p=710cd65&w=852&q=0.8)
ഫ്രെയ്‌സിയറിന്റെമുന്നിൽ ഫോർമാനെ അത്രഗൗരവത്തിൽ ആളുകൾ കണ്ടിരുന്നില്ല. പക്ഷേ, ആ ധാരണ മത്സരം തുടങ്ങുന്നതുവരെ മാത്രമായിരുന്നു. ആദ്യറൗണ്ടിൽ ഫോർമാന്റെ ഒരു വലംകൈയൻ അപ്പർകട്ട്. ഫ്രെയ്‌സിയർ വീണുപോയി. അപ്പോഴായിരുന്നു ചരിത്രമായിമാറിയ കമന്ററി വാക്കുകൾ. പിൽക്കാലത്ത് അമേരിക്കയിൽ സംസാരഭാഷയുടെ ഭാഗവുമായി ഇത്. കേവലം അഞ്ചുമിനിറ്റ്, 26 സെക്കൻഡ്. ഇതിനിടെ ഫ്രെയ്‌സിയറെ ആറുതവണ ഫോർമാൻ ഇടിച്ചിട്ടു. റിങ്ങിനു പുറത്തുണ്ടായിരുന്ന ഫ്രെയ്‌സിയറുടെ മകൻ മാർവിസിന് താങ്ങാനാവുന്നതായിരുന്നില്ല പിതാവിന് ഏൽക്കുന്ന ഇടികൾ. ‘‘ഡാഡീ എഴുന്നേൽക്ക്, കളി നിർത്ത്’’ എന്ന് അവൻ അലറിവിളിച്ചുവത്രെ. ഫ്രെയ്‌സിയർ പിന്നീടൊരിക്കലും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചിട്ടില്ല.
കരുത്തിന്റെ പര്യായമായിരുന്നു ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ. ആരെയും കൂസാത്തവൻ. പരുക്കൻ പെരുമാറ്റം. ഹൂസ്റ്റണിലെ ചെറുപ്പകാലത്ത് ചില്ലറ കുറ്റകൃത്യങ്ങളൊക്കെ ചെയ്തിരുന്നു. ബോക്‌സിങ്ങിലേക്കു തിരിഞ്ഞതാണ് ജീവിതം മാറ്റിമറിച്ചത്. 19-ാം വയസ്സിൽ 1968-ലെ മെക്‌സിക്കോ ഒളിമ്പിക്‌സിൽ അമേരിക്കയ്ക്കായി ബോക്‌സിങ് സ്വർണം നേടിയതോടെയാണ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീടുള്ള അഞ്ചുവർഷം ഫോർമാന്റെ ഇടിമുഴക്കമായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഫ്രെയ്‌സിയർക്കെതിരായ വിജയം. പക്ഷേ, ആഹ്ലാദം ഒരുവർഷമേ നീണ്ടുള്ളൂ. മറ്റൊരു എതിരാളി ഫോർമാനെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുഹമ്മദ് അലി.
റുമ്പിൾ ഇൻ ദ ജംഗിൾ
1974 ഒക്ടോബർ 30. ലോകം ശ്വാസമടക്കി കാത്തിരിക്കെ മറ്റൊരു ലോകോത്തരതാരം മുഹമ്മദ് അലിയും ജോർജ് ഫോർമാനും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നു. സയർ (ഇപ്പോൾ കോംഗോ) എന്നറിയപ്പെട്ടിരുന്ന മധ്യ ആഫ്രിക്കയിലെ രാജ്യത്തുവെച്ചായിരുന്നു മത്സരം. അധികം അറിയപ്പെടാത്ത ഇത്തരമൊരു സ്ഥലത്തുവെച്ച് മത്സരം നടന്നതിനാലാണ് ഇത് കാട്ടിലെ ഗർജനം (rumble successful the jungle) എന്നു വിശേഷിപ്പിക്കപ്പെട്ടത്. കരുത്തരിൽ കരുത്തനായി അറിയപ്പെടുന്ന ഫോർമാൻ.
.jpg?$p=609e539&w=852&q=0.8)
വേഗം, സ്‌കിൽ എന്നിവകൊണ്ട് എതിരാളികളെ അമ്പരപ്പിക്കുന്ന മുഹമ്മദ് അലി. ഇവരുടെ പോരാട്ടം നേരിൽക്കാണാൻ അറുപതിനായിരം പേരെത്തി. തന്റെ കൈയിലൊരു രഹസ്യായുധമുണ്ടെന്ന് അലി പരിശീലകനോടു പറഞ്ഞിരുന്നു. റിങ്ങിലെ റോപ്പിൽ ചാരിനിൽക്കുന്നതായിരുന്നു ഈ തന്ത്രം. ഫോർമാന്റെ പഞ്ചുകളെല്ലാം ശരീരത്തോ കൈകളിലോ ആണ് പതിച്ചത്.
അരിശംമൂത്ത ഫോർമാനാകട്ടെ തന്റെ ശക്തിമുഴുവനെടുത്ത് ആക്രമിച്ചുകൊണ്ടിരുന്നെങ്കിലും പോയിന്റുകിട്ടുന്നതായിരുന്നില്ല ഇവ. അലിയുടെ തലയിലേക്ക് പഞ്ചുചെയ്യാൻ സാധിച്ചില്ല. ശക്തിചോർന്ന ഫോർമാനെ അലി കീഴടക്കുകയും ചെയ്തു. തന്റെ ഈ തന്ത്രത്തെ മുഹമ്മദ് അലി റോപ്പ്-എ-ഡോപ് (rope a dope) എന്നുവിളിച്ചു. മൂന്നുവർഷത്തിനുശേഷം 1977-ൽ ഫോർമാൻ റിങ് വിട്ടു.
അസാധ്യ തിരിച്ചുവരവ്
ബോക്‌സിങ് റിങ് വിട്ടുപോയ ഫോർമാൻ പത്തുവർഷത്തിനുശേഷം തിരിച്ചെത്തിയത് അവിശ്വസനീയമായിരുന്നു. 1994-ൽ തന്റെ 45-ാം വയസ്സിൽ മൈക്കിൾ മൂററെ തോൽപ്പിച്ച് ഏറ്റവും പ്രായംചെന്ന ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി ഫോർമാൻ. ഒൻപതു റൗണ്ടിൽ മുന്നേറിയ മൂററെ 10-ാം റൗണ്ടിലാണ് ഫോർമാൻ കീഴ്‌പ്പെടുത്തിയത്. 1997-ൽ അവസാനമായി അദ്ദേഹം കളമൊഴിഞ്ഞു.
ജോർജ് ഫോർമാൻ ഗ്രില്ലിന്റെ സംരംഭകൻ, എച്ച്ബിഒയിലെ ബോക്‌സിങ് അനലിസ്റ്റ്, സുവിശേഷകൻ, സിനിമാതാരം തുടങ്ങി വിവിധനിലകളിൽ പിന്നീട് അദ്ദേഹത്തെ കണ്ടു. 10 കോടിയിലധികം യൂണിറ്റു വിറ്റ ഗ്രിൽ അദ്ദേഹത്തിന് ബോക്‌സിങ് നേടിക്കൊടുത്തതിനെക്കാൾ പണം നൽകി. ജീവിതത്തിലുടനീളം വിവാദനായകനായിരുന്നു ഫോർമാൻ. മുഹമ്മദ് അലിക്കെതിരായ മത്സരം ജയിക്കാൻ റഫറിക്ക് കോഴനൽകാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആത്മകഥയിൽ പറഞ്ഞിരുന്നു.
എന്നാൽ, അക്കാലത്ത് അദ്ദേഹത്തിന്റെ മാനേജരായിരുന്ന ഡിക്ക് സാഡ്‌ലർ അതു നിഷേധിച്ചു. ചെറുപ്പത്തിലെ അമിതമദ്യപാനം തന്നെ മനസ്സാക്ഷിയില്ലാത്തവനാക്കിത്തീർത്തുവെന്നും ഫോർമാൻ കുമ്പസരിച്ചിട്ടുണ്ട്. മുൻഭാര്യയിൽനിന്ന് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹത്തിനെതിരേ ആരോപണമുണ്ടായി. ഇടിക്കൂട്ടിൽ മാത്രമല്ല, പുറത്തും അദ്ദേഹം വിവാദങ്ങളുടെ റിങ് മാസ്റ്ററായിരുന്നു.
Content Highlights: boxing legent george foreman dies








English (US) ·