'മിസ്റ്റര്‍ സ്റ്റീവ് സ്മിത്ത്, നിങ്ങള്‍ നിലത്തിട്ടത് ഒരു ലോകകപ്പാണ്...' ഓസ്‌ട്രേലിയയുടെ തോല്‍വിക്കും ദക്ഷിണാഫ്രിക്കയുടെ ജയത്തിനുമിടയില്‍ ബാക്കിയാവുക ഈയൊരു വാചകമായിരിക്കും. ക്രിക്കറ്റ്ലോകം സമാനമായ വാക്യം കേട്ടത് കാല്‍നൂറ്റാണ്ടുമുന്‍പാണ്, കഥാപാത്രങ്ങള്‍ക്കുമാത്രമേ വ്യത്യാസമുള്ളൂ. അതിങ്ങനെയായിരുന്നു 'ഹെര്‍ഷല്‍ ഗിബ്‌സ്, നിങ്ങളിപ്പോള്‍ നിലത്തിട്ടത് ലോകകപ്പാണ്...'
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ കാറ്റ് ദക്ഷിണദിക്കിലേക്ക് വീശിത്തുടങ്ങിയത് വെള്ളിയാഴ്ചയാണ്. ആദ്യ രണ്ടുദിവസം ഇടവേളകളില്ലാതെ വിക്കറ്റുകള്‍ തിന്നുകൊണ്ടിരുന്ന പിച്ചിന്റെ വിശപ്പ് അന്നാണ് മാറിയത്! ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ കൈയില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവുമയുടെ ക്യാച്ച് ചോരുന്നു. ആ സമയം രണ്ടുറണ്‍സ് മാത്രമായിരുന്നു ബവുമയുടെ സമ്പാദ്യം. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം ബവുമ 147 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇനി 26 വര്‍ഷം പിന്നിലേക്ക്. അതുമൊരു ജൂണ്‍ 13 ആയിരുന്നു. 1999-ലെ ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍സിക്‌സ് റൗണ്ട്. ഇംഗ്ലണ്ടിലെ ലീഡ്‌സ് മൈതാനം... ദക്ഷിണാഫ്രിക്കയുടെ 271 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ മൂന്നിന് 152. ഓസീസ് നായകന്‍ സ്റ്റീവ് വോയുടെ സ്‌കോര്‍ 56. ലാന്‍സ് ക്ലൂസ്നറുടെ പന്ത് മിഡ് വിക്കറ്റിലേക്ക് സ്റ്റീവ് വോ ഫ്‌ളിക്ക് ചെയ്യുന്നു. അവിടെ കാത്തുനിന്നത് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ്... 'ഈസി ക്യാച്ച്' കൈയിലെത്തിയതും മുകളിലേക്കെറിഞ്ഞ് ആഘോഷിക്കുന്നതിനിടെ പന്ത് വഴുതി താഴെവീണു... അപ്പോള്‍ ഗിബ്സിനോട് സ്റ്റീവ് വോ ചിരിച്ചുകൊണ്ട് പറഞ്ഞെന്നും ഇല്ലെന്നും പറയുന്ന വാചകമാണ് 'നിലത്തിട്ട ലോകകപ്പ്'. അന്ന് 120 റണ്‍സ് അടിച്ചെടുത്ത സ്റ്റീവ് വോ ഓസീസിനെ ജയിപ്പിച്ചാണ് ക്രീസുവിട്ടത്.
.jpg?$p=8896326&w=852&q=0.8)
ആ ക്യാച്ചിന്റെ വിലയെന്തെന്നറിഞ്ഞത് നാലുദിവസത്തിനുശേഷം സെമിയില്‍ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടിയപ്പോഴാണ്. സെമിയില്‍ 213 എന്ന സ്‌കോറില്‍ ടൈ ആയി. സൂപ്പര്‍ സിക്‌സിലെ ജയത്തിന്റെ മികവില്‍ ഫൈനലിലെത്തിയ ഓസ്‌ട്രേലിയ കിരീടംനേടി.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കുശേഷം ലോകത്ത് ടെസ്റ്റ് കളിച്ച മൂന്നാമത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക, അതും 1888-89ല്‍. ഓസ്ട്രേലിയ പലവട്ടം പലഫോര്‍മാറ്റുകളിലെ കിരീടം നേടി. ഇംഗ്ലണ്ടും മോശമാക്കിയില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് ആകെയുണ്ടായിരുന്നത് 1998-ല്‍ സ്വന്തമാക്കിയ നോക്കൗട്ട് ട്രോഫി (പിന്നീട് ചാമ്പ്യന്‍സ് ട്രോഫിയായി) മാത്രം. വര്‍ണവിവേചന നയങ്ങളുടെ പേരില്‍ 21 വര്‍ഷം വിലക്കുനേരിട്ടശേഷം 1991-ല്‍ ഇന്ത്യയുമായിട്ടായിരുന്നു ആദ്യടെസ്റ്റ്. അവിടംമുതല്‍ ലോകക്രിക്കറ്റിലെ വലിയ ശക്തികളിലൊന്നാണെങ്കിലും നിര്‍ഭാഗ്യം ആ ടീമിനുചുറ്റും എപ്പോഴും ചിറകുവിരിച്ചു പറന്നു. 1992 ലോകകപ്പ് സെമിയില്‍ മഴപെയ്യുംമുന്നേ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍വേണ്ടിയിരുന്നത് 13 പന്തില്‍ 22 റണ്‍സായിരുന്നു. മഴപെയ്ത് തോര്‍ന്നതും മഴനിയമപ്രകാരം സ്‌ക്രീനില്‍ തെളിഞ്ഞതിങ്ങനെ 'ഒരു പന്തില്‍നിന്ന് 22 റണ്‍സ്'. 27 വര്‍ഷങ്ങള്‍ക്കിടെ 11 സെമിഫൈനലുകളിലാണ് അവര്‍ വീണുപോയത്. ഏറ്റവും ഒടുവില്‍ 2024 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കുമുന്നിലും മുട്ടുകുത്തി.
Content Highlights: South Africa`s cricket past marked by adjacent misses & dropped catches








English (US) ·