'നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്ന നേതാവ്'; വി.എസ്സിന് ആദരാഞ്ജലിയര്‍പ്പിച്ച് മോഹൻലാൽ

6 months ago 7

vs-achuthanandan-mohanlal

വി.എസ്. അച്യുതാനന്ദനും മോഹൻലാലും (ഫയൽ ചിത്രം) | ഫോട്ടോ: രാജൻ പൊതുവാൾ

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വി.എസ്സിനെ അനുസ്മരിച്ചത്. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വി.എസ്. എന്ന് പറഞ്ഞ മോഹന്‍ലാല്‍ മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.' -മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിങ്കളാഴ്ച വൈകീട്ട് 03:20-നാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും ഒപ്പമുണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20-ന് ശങ്കരന്റെയും അക്കമ്മയുടെ മകനായി ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനം വിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.

2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. ഏഴു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.

Content Highlights: Actor Mohanlal pays tribute to Veteran CPM person VS Achuthanandan connected Facebook post

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article