നിലവിലെ ചാംപ്യൻമാരെ അടിച്ച് ഗുജറാത്തിന്റെ കുതിപ്പ്, പഴയ തട്ടകത്തിൽ കത്തിക്കയറി ശുഭ്മന്‍ ഗില്‍; ടൈറ്റൻ‍സിന് 39 റണ്‍സ് വിജയം

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 21 , 2025 07:32 PM IST Updated: April 22, 2025 10:13 AM IST

1 minute Read

sai-gill
ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് ആറാം വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺ‍സ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയത്തോടെ 12 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

36 പന്തിൽ 50 റൺസെടുത്തു പുറത്തായ ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ അജിൻക്യ രഹാനെ ഒഴികെ കൊൽക്കത്തയുടെ മുൻനിര ബാറ്റർമാർക്കൊന്നും തിളങ്ങാൻ സാധിച്ചില്ല. റഹ്മാനുള്ള ഗുർബാസ് തുടക്കത്തിൽ തന്നെ ഒരു റണ്ണിന് ഔട്ടായപ്പോൾ, സുനിൽ നരെയ്ൻ (13 പന്തിൽ 17), വെങ്കടേഷ് അയ്യർ (19 പന്തിൽ 14) എന്നിവരും വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പുറത്തായി. മധ്യനിരയിൽ പൊരുതിയ ആന്ദ്രെ റസ്സല്‍ 21 റൺസെടുത്തു. രമൺദീപ്, മൊയീൻ അലി എന്നിവരും നിരാശപ്പെടുത്തിയതോടെ 16.3 ഓവറിൽ 119 റൺസെന്ന നിലയിലായി കൊൽക്കത്തയുടെ അവസ്ഥ.

അവസാന ഓവറുകളിൽ കൊൽക്കത്ത ഇംപാക്ട് സബ്ബായി അങ്ക്രിഷ് രഘുവംശിയെയും കളത്തിലിറക്കി. റിങ്കുവും അങ്ക്രിഷും കൈകോർത്തിട്ടും 20 ഓവറിൽ 159‍ റൺസെടുക്കാൻ‍ മാത്രമാണു കൊൽക്കത്തയ്ക്കു സാധിച്ചത്. 14 പന്തുകൾ നേരിട്ട റിങ്കു സിങ് 17 റണ്‍സടിച്ച് പുറത്തായി. 27 റൺസെടുത്ത അങ്ക്രിഷ് രഘുവംശി പുറത്താകാതെ നിന്നു.ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, വാഷിങ്ടൻ സുന്ദർ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. ഗുജറാത്തിനായി ക്യാപ്റ്റൻ‍ ശുഭ്മൻ ഗില്ലും സായ് സുദർശനും അർധ സെഞ്ചറി നേടി. തന്റെ പഴയ ഹോം ഗ്രൗണ്ടിൽ 55 പന്തുകൾ നേരിട്ട ഗിൽ 90 റൺസെടുത്തു പുറത്തായി. 36 പന്തുകളിൽനിന്ന് സായ് സുദർശൻ 52 റൺസും സ്വന്തമാക്കി. സെഞ്ചറിക്കൂട്ടുകെട്ടാണ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ്സുദർശനും ചേർന്നു പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 114 റൺസാണ് അടിച്ചുകൂട്ടിയത്. 

13–ാം ഓവറിൽ ആന്ദ്രെ റസ്സലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസ് ക്യാച്ചെടുത്ത് സായ് സുദർശനെ പുറത്താക്കി. പിന്നാലെയെത്തിയ ജോസ് ബ‍ട്‍ലറെ കൂട്ടുപിടിച്ചും ഗിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി. സ്കോർ 172 ലെത്തിയപ്പോൾ വൈഭവ് അറോറ ഗില്ലിനെ പുറത്താക്കി. പിന്നാലെയെത്തിയ രാഹുൽ തെവാത്തിയ റണ്ണൊന്നുമെടുക്കാതെ മടങ്ങി. 23 പന്തുകൾ നേരിട്ട ജോസ് ബട്‍ലർ 41 റൺസെടുത്തും പുറത്താകാതെനിന്നു.

English Summary:

Indian Premier League, Kolkata Knight Riders vs Gujarat Titans Match Updates

Read Entire Article