
അരുൺ വർമ, നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ | Photo: Instagram/ Arun Varma, Facebook/ Nivin Pauly, Listin Stephan
കൊച്ചി: നിവിന്‍ പോളി 'ബേബി ഗേള്‍' സിനിമയുടെ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ. തന്റെ സിനിമയില്‍ പറഞ്ഞ ഡേറ്റുകളില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു. അതിന് ശേഷം നിവിന്‍ ചിത്രത്തില്‍നിന്ന് വിടുതല്‍ വാങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും സിനിമയില്‍ അഭിനയിക്കാനാണോ പോയത് എന്ന കാര്യം തങ്ങള്‍ ചിന്തിക്കേണ്ടതില്ലെന്നും അരുണ്‍ വര്‍മ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്നും അരുണ്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകമായ പ്രചാരണമുണ്ടായത്. മലയാളത്തിലെ ഒരുപ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.
'മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും', എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകള്‍.
പിന്നാലെ പേരുപറയാതെയുള്ള ആരോപണത്തില്‍ ലിസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ലിസ്റ്റിന്റെ പരാമര്‍ശം മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും പ്രസ്താവന അനുചിതമാണെന്നും നിര്‍മാതാവ് സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. ലിസ്റ്റിനെതിരെ നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലിസ്റ്റിന്‍ തങ്ങള്‍ക്ക് പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി.
ഇതിനിടെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകപ്രചാരണമുണ്ടായത്. ലിസ്റ്റിന്‍ നിര്‍മിക്കുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തില്‍ നിലവില്‍ നിവിന്‍ പോളി അഭിനയിക്കുന്നുണ്ട്. അഖില്‍ സത്യന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത മറ്റൊരു ചിത്രത്തില്‍ കഴിഞ്ഞദിവസം താരം ജോയിന്‍ ചെയ്തിരുന്നു. താമര്‍ സംവിധാനം ചെയ്യുന്ന 'ഡോള്‍ബി ദിനേശന്‍' എന്ന ചിത്രവും താരം പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ചേര്‍ത്തുവെച്ചാണ് നിവന്‍ പോളിക്കെതിരെ പ്രചാരണമുണ്ടായത്.
'ബേബി ഗേളി'ന്റെ സെറ്റില്‍നിന്ന് നിവിന്‍ പോളി ഇറങ്ങിപ്പോയെന്നായിരുന്നു പ്രചാരണം. ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ വര്‍മയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഇന്‍സ്റ്റഗ്രാമില്‍ നിവിന്‍ പോളിയെ അണ്‍ഫോളോ ചെയ്‌തെന്നും പ്രചാരണമുണ്ടായി. കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു 'ബേബി ഗേള്‍'. കുഞ്ചാക്കോ ബോബന്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് നിവിന്‍ പോളി ചിത്രത്തിലേക്ക് എത്തുന്നത്.
Content Highlights: Rumors of Nivin Pauly leaving the Malayalam movie `Baby Girl` are false, says manager Arun Varma
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·