
നിവിൻ പോളി, പി.എ. ഷംനാസ് | ഫോട്ടോ: PTI, Facebook
കൊച്ചി: ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ അവകാശം വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ് പി.എസ്. ഷംനാസ്. നിവിൻ പോളിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തതുകൊണ്ടാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് നിർമാതാവ് പി.എസ്. ഷംനാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും നിവിന്റെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവെച്ച് ഷംനാസ് ഫിലിം ചേംബറില്‍ നിന്ന് ചിത്രത്തിന്റെ പേരിന് മേലുള്ള അവകാശം സ്വന്തമാക്കുകയായിരുന്നുവെന്നും ഇതിനായി നിവിന്‍ പോളിയുടെ വ്യാജ ഒപ്പുള്ള രേഖകള്‍ ഷംനാസ് ഹാജരാക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ നിവിനെ സമൂഹ മധ്യത്തില്‍ അപമാനിക്കാനും ഭീഷണിപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങള്‍ നേടാനും ഷംനാസ് ഗൂഢാലോചന നടത്തിയതായും പരാതിയുണ്ട്.
കേരള ഫിലിം ചേംബറിൽ വ്യാജ കത്ത് നൽകിയെന്നാണ് നിവിൻ പോളി ആരോപിക്കുന്നത്. എന്നാൽ താൻ അങ്ങനെയൊന്ന് കൊടുത്തിട്ടില്ല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ അവകാശം ഷിബു തെക്കുംപുറം എന്ന് പറയുന്ന വ്യക്തിക്കായിരുന്നു. അദ്ദേഹം ഇത് എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിനാണ് കൊടുത്തത്. അവരിൽ നിന്നുമാണ് ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന തന്റെ കമ്പനിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. അതിന്റെ പേപ്പറുകളെല്ലാം കേരള ഫിലിം ചേംബറിൽ കൊടുത്തിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ചേംബറിൽ സിനിമ തന്റെ പേരിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് രജിസ്റ്റർ ചെയ്യുന്നതിനായി നിവിൻ പോളിയുടെയോ പോളി ജൂനിയറിന്റെയോ യാതൊരു ലെറ്ററുകളുടേയും ആവശ്യമില്ലമെന്നും പി എസ് ഷംനാസ് വ്യക്തമാക്കി.
നിവിൻ പോളി ഈ സിനിമക്ക് അഭിനയിക്കാൻ തയാറാണെന്ന് വ്യക്തമാക്കുന്ന ഒരു ലെറ്റർ മാത്രമാണ് നൽകേണ്ടത്. അത് സാധാരണ എല്ലാ പ്രധാനപ്പെട്ട താരങ്ങളും നൽകുന്നതാണ്. ഇത് പ്രകാരം നിവിൻ പോളി ഏപ്രിൽ 14മുതൽ ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ഭാഗമായിട്ടുള്ള ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷംനാസ് പറഞ്ഞു.
അതേസമയം നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവുകൂടിയായ ഷംനാസ് നിവിൻ പോളി, എബ്രിഡ് എന്നിവർക്കെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരുന്നു. ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിനായി തലയോലപ്പറമ്പ് പോലീസ് ഇരുവർക്കും നോട്ടീസും അയച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഷംനാസിനെതിരേ നിവിൻ പോളി പരാതി നൽകിയിരിക്കുന്നത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.എസ്. ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു 2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1 കോടി 90 ലക്ഷം പി.എ. ഷംനാസ് കൈമാറുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈനിന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പി.എ. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തന്നെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമായിരുന്നു ഷംനാസിന്റെ പരാതി.
Content Highlights: Producer P.A. Shamnas denies Nivin Pauly`s forgery allegations regarding `Action Hero Biju 2` rights
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·