
സാന്ദ്രാ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ | Photo: Facebook/ Sandra Thomas, Listin Stephen
കൊച്ചി: പേരുപറയാതെ പ്രമുഖ നടനെതിരെ വിമര്‍ശനവുമായെത്തിയ നിര്‍മാതാക്കളുടെ സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ വീണ്ടും നിര്‍മാതാവ് സാന്ദ്രാ തോമസ്. ലിസ്റ്റിന്റെ പ്രസ്താവന സകലനടന്മാരേയും മുള്‍മുനയിലാക്കുന്നതാണെന്ന തന്റെ മുന്‍നിലപാട് സാന്ദ്ര ആവര്‍ത്തിച്ചു. ലിസ്റ്റിന്റെ നടനെതിരായ പരാര്‍ശം സംഘടനയില്‍ ഉന്നയിക്കും. ലിസ്റ്റിനെതിരെ നടപടി സ്വീകരിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് ഭയമാണെന്നും സാന്ദ്രാ തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നടനെതിരായ പരാമര്‍ശത്തില്‍ അഭിനേതാക്കളുടെ സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു.
'മലയാള സിനിമയില്‍ പലകാര്യങ്ങളും തീരുമാനിക്കുന്നത് ലിസ്റ്റിനാണ്. അതുകൊണ്ട് ലിസ്റ്റിനെതിരെ ആക്ഷന്‍ എടുക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയും മറ്റ് സംഘടനകളും ഭയക്കും. സംഘടനകളുടെ ഭാരവാഹികളായിരിക്കുന്നവര്‍ക്കുപോലും സിനിമകള്‍ക്ക് ഫണ്ട് എത്തിക്കുന്നത് ലിസ്റ്റിന്‍ വഴിയാണ്. അതുകൊണ്ട് ലിസ്റ്റിനെ പിണക്കുന്ന തീരുമാനം എടുക്കണമെങ്കില്‍ ഇത്തിരി ചങ്കൂറ്റം ഉള്ളവര്‍ക്കേ അത് സാധിക്കുകയുള്ളൂ. അങ്ങനെയുള്ളവര്‍ ആരും ഇപ്പോള്‍ അവിടെയുണ്ടെന്ന് തോന്നുന്നില്ല', സാന്ദ്ര വ്യക്തമാക്കി.
'ലിസ്റ്റിന്‍ ഉന്നയിച്ച വിഷയത്തില്‍ 'അമ്മ' പ്രതികരിക്കേണ്ടതാണ്. എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് അറിയില്ല. സകലനടന്മാരേയും മുള്‍മുനയിലാക്കിയാണ് ഇങ്ങനെ ഒരുകാര്യം പറഞ്ഞിരിക്കുന്നത്. നിവിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ ഭാഗംകൂടെ കേള്‍ക്കേണ്ടേ', അവര്‍ ചോദിച്ചു.
'എന്നെ പുകഞ്ഞകൊള്ളിയായാണ് സംഘടന കാണുന്നത്. ഇപ്പോഴും സംഘടനയില്‍ അംഗമാണ്. തീര്‍ച്ചയായും വിഷയം ഉന്നയിക്കും. ഞാന്‍ അടയ്ക്കുന്നതും ലിസ്റ്റിന്‍ അടയ്ക്കുന്നതും ഒരേ വരിസംഖ്യയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ നീതിയല്ലേ കിട്ടേണ്ടത്?', സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം ഒരു നടനെതിരെ പേര് പരാമര്‍ശിക്കാതെ ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകള്‍ വിവാദമായി. നടന്‍ ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ രംഗത്തെത്തിയ സാന്ദ്രാ തോമസ്, ലിസ്റ്റിന്റെ പ്രസ്താവന അനുചിതമാണെന്നും മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും ആരോപിച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തരമായി നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹിത്വത്തില്‍നിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്നെന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സാന്ദ്ര കുറിച്ചിരുന്നു. നിലവില്‍ വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
Content Highlights: Film shaper Sandra Thomas criticizes Listin Stephen`s remarks against an unnamed actor
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·