Published: October 28, 2025 06:27 PM IST
1 minute Read
തിരുവനന്തപുരം∙ കേരള സ്‌പോർട്‌സ് ജേർണലിസ്റ്റ് അസോസിയേഷൻറെ (കെഎസ്ജെഎ ) മികച്ച അത്‌ലീറ്റുകൾക്കുള്ള യു. എച്ച്. സിദ്ദിഖ് മെമ്മോറിയൽ അവാർഡ് ജെ. നിവേദ് കൃഷ്‌ണയ്‌ക്കും പി.ടി. ബേബി മെമ്മോറിയൽ അവാർഡ് ആദിത്യ അജിക്കും.
5000 രൂപയും ട്രോഫിയുമാണ് അവാർഡ്. കേരള സ്‌കൂൾ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾ കീപ്പറും പരിശീലകനുമായ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ നിവേദ് 200ൽ മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. പാലക്കാട് ചിറ്റൂർ ജിഎച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിയാണ്.
സീനിയർ പെൺകുട്ടികളിൽ ആദിത്യ ട്രിപ്പിൾ സ്വർണം നേടി. 100, 200, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ ചാമ്പ്യനായി. 4x100 മീറ്റർ റിലേയിൽ പൊന്നണിഞ്ഞ മലപ്പുറം ടീമിലും ഉൾപ്പെട്ടു. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ പ്ലസ്‌ടുക്കാരിയാണ് ആദിത്യ.
കൊമ്പൻസ് എഫ്‌സി ഡയറക്ടർ ആർ. അനിൽ കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. എൻ. രഘുചന്ദ്രൻ നായർ, മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനീഷ് തോമസ് എന്നിവർ സംസാരിച്ചു. പരിശീലകരായ പി. ഐ. ബാബു, ഡോ. ജിമ്മി ജോസഫ്, സ്‌പോർട്‌സ് ലേഖകൻ ജോമിച്ചൻ ജോസ് എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ദേശീയ, അന്തർദേശീയ കായികമേളകളിൽ നിറസാന്നിധ്യമായിരുന്ന മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി. ടി. ബേബിയുടെയും സുപ്രഭാതം റിപ്പോർട്ടർ യു. എച്ച്. സിദ്ദിഖിന്റെയും സ്‌മരണാർഥമാണ് അവാർഡുകൾ നൽകുന്നത്.
English Summary:








English (US) ·