സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരേ കേസെടുത്ത പോലീസ് നടപടിയില്‍ സിനിമ പ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും അവതാരകനുമായി സാബുമോന്‍. സിനിമാ കൂട്ടായ്മ കുറ്റകരമായ നിശബ്ദതയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു മനുഷ്യനും ഇതിനെതിരേ സംസാരിച്ച് കാണുന്നില്ലെന്നും സാബുമോന്‍ കുറ്റപ്പെടുത്തി.
ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും ശ്വേതാ മേനോന്‍ കടന്നുപോകുന്നതെന്നും അത് മനസിലാക്കാന്‍ അല്‍പ്പം മാനുഷിക പരിഗണനയുണ്ടായാല്‍ മതിയെന്നും സാബുമോന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലുള്ള സാധാരണ ആളുകള്‍ പോലും ശ്വേതയ്ക്ക് വേണ്ടി സംസാരിക്കുമ്പോള്‍, സിനിമാ കൂട്ടായ്മകളിലെ ഒരാളുടെയും ഒരുവരി പോലും എവിടെയും കാണാനായില്ലെന്നും സാബുമോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സാബുമോന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇന്നു ഞാന്‍ നാളെ നീ...
ഇന്ന് ഒരു വാര്‍ത്ത ശ്രദ്ധയില്‍പെട്ടു, ശ്വേത മേനോന്റെ പേരില്‍ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച പരാതിക്ക് പിന്നാലെയാണ് ഈ ഉത്തരവ്.
കോടതിയില്‍ കൊടുത്ത പരാതി ഞാന്‍ വായിച്ചു. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ഉള്ള സെക്‌സ് വീഡിയോസ് ഉണ്ടാക്കി വിറ്റ് പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു പരാതിയില്‍ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവന്‍ ചരിത്രവും ഞാന്‍ പരിശോധിച്ചു. ഇതൊരു വ്യാജ ആരോപണം ആണെന്നത് പകല്‍ പോലെ വ്യക്തം.
എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശബ്ദതയാണ്! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനെതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവര്‍ത്തക കടന്നുപോകുന്നതെന്ന് മനസിലാക്കാന്‍ അല്‍പ്പം മാനുഷിക പരിഗണയുണ്ടായാല്‍ മതി. സോഷ്യല്‍ മീഡിയകളിലുള്ള സാധാരണ മനുഷ്യര്‍ പോലും അവര്‍ക്കായി സംസാരിക്കുമ്പോള്‍ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.
അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനുമപ്പുറം സിനിമ പ്രവര്‍ത്തകരും സാധാരണ മനുഷ്യര്‍ ആണ്. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്‌നേഹം, നന്മ ഇതൊക്കെ ഒരുതരിയെങ്കിലും അവശേഷിക്കുന്നവര്‍ ബാക്കി ഉണ്ടെങ്കില്‍, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെയുള്ളവരുടെ ആക്രമണങ്ങളില്‍ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ
നിശബ്ദതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാന്‍ നാളെ നീ...
അശ്ലീല സിനിമകളില്‍ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതാണ് ശ്വേത മേനോനെതിരെ ഉന്നയിക്കപ്പെട്ട പരാതി. സിജെഎം കോടതി മുമ്പാകെയാണ് ഈ പരാതി ആദ്യമെത്തിയത്. കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരുന്നത്.
Content Highlights: Actor Sabumon condemns the Malayalam movie manufacture soundlessness connected histrion Shweta Menon case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·