Published: August 08, 2025 08:20 AM IST
1 minute Read
മുംബൈ∙ അടുത്ത സീസണിൽ രാജസ്ഥാന്‍ റോയൽസിനൊപ്പം കളിക്കാൻ താൽപര്യമില്ലെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ നിലപാടെടുക്കാന്‍ കാരണം ടീമുമായുണ്ടായ ശക്തമായ അഭിപ്രായ വ്യത്യാസം. കഴിഞ്ഞ സീസണിനിടയ്ക്കു തന്നെ സഞ്ജുവും ടീം മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. താരത്തിന് രാജസ്ഥാനിൽ തുടരാൻ താൽപര്യമില്ലെന്ന് താരത്തിന്റെ കുടുംബത്തിൽനിന്നു തന്നെ പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. പരുക്കേറ്റതിനാൽ രാജസ്ഥാന്റെ എല്ലാ മത്സരങ്ങളും കളിക്കാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണിനിടെ പരുക്കുമാറി ടീമിൽ തിരിച്ചെത്തിയെങ്കിലും രാജസ്ഥാന്റെ പല മീറ്റിങ്ങുകളിലും സഞ്ജു പങ്കെടുത്തിരുന്നില്ല. ടീമിന്റെ തീരുമാനങ്ങളിൽ ക്യാപ്റ്റനെന്ന നിലയിൽ അർഹിക്കുന്ന പരിഗണന സഞ്ജുവിന് ലഭിച്ചില്ലെന്നും താരവുമായി അടുത്ത ബന്ധമുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് രാജസ്ഥാൻ റോയൽസിൽ സഞ്ജു തുടരില്ലെന്ന വിവരവും പുറത്തുവന്നത്. ഒന്നുകിൽ തന്നെ വിൽക്കണമെന്നും അല്ലെങ്കിൽ റിലീസ് ചെയ്യണമെന്നുമാണു മലയാളി താരത്തിന്റെ ആവശ്യം.
സഞ്ജു പരുക്കേറ്റു പുറത്തിരുന്നപ്പോൾ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയുമാണ് രാജസ്ഥാനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്. ഈ സഖ്യം വിജയിച്ചതോടെ തുടർന്നും ഇരുവരെയും ഓപ്പണർമാരാക്കാൻ രാജസ്ഥാൻ മാനേജ്മെന്റ് മുൻകൈയ്യെടുത്തിരുന്നു. ഇതോടെ ഓപ്പണറായി കളിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടു. ബാറ്റിങ് പൊസിഷനിലടക്കം തർക്കങ്ങളുണ്ടായതോടെയാണ് കരിയറിന്റെ തുടക്കം മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന രാജസ്ഥാനുമായി സഞ്ജു അകന്നത്.
അടുത്ത സീസണിനു മുൻപ് താരത്തെ റിലീസ് ചെയ്താൽ സഞ്ജു 2026ലെ മെഗാലേലത്തിൽ പങ്കെടുക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ താരത്തിനായി ഫ്രഞ്ചൈസികൾ ശക്തമായ പോരാട്ടം തന്നെ നടത്തേണ്ടിവരും. സഞ്ജുവിനെ അടുത്ത സീസണിൽ കളിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
സഞ്ജുവിനെ വാങ്ങാൻ നീക്കം നടത്തുന്ന ചെന്നൈ ഇതുവരെ രാജസ്ഥാനു സ്വീകാര്യമായ ഓഫർ മുന്നോട്ടുവച്ചിട്ടില്ല. സഞ്ജുവിനെ വാങ്ങുമ്പോൾ മറ്റൊരു താരത്തെ കൈമാറാൻ ചെന്നൈയ്ക്കു താൽപര്യമില്ലെന്നാണു വിവരം. ഐപിഎൽ ചട്ടം അനുസരിച്ച് ഒരു താരത്തെ വിൽക്കുന്നതും റിലീസ് ചെയ്യുന്നതും ഫ്രാഞ്ചൈസിയുടെ സ്വന്തം തീരുമാനമാണ്. താരത്തിന് സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാൻ സാധിക്കില്ല.
English Summary:








English (US) ·