Published: October 10, 2025 10:37 PM IST
1 minute Read
മുംബൈ∙ രഞ്ജി ട്രോഫി സീസണിനു മുൻപുള്ള മുംബൈയ്ക്കെതിരായ സന്നാഹ മത്സരത്തിൽ പുറത്തായതിനു പിന്നാലെ എതിർ ടീം താരത്തെ ബാറ്റു കൊണ്ട് അടിക്കാനോങ്ങി വിവാദത്തിലായ മഹാരാഷ്ട്ര ബാറ്റർ പൃഥ്വി ഷാ ഖേദം പ്രകടിപ്പിച്ചു. യുവതാരം മുഷീർ ഖാനോടാണ് പൃഥ്വി ഷാ മാപ്പു പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീര്‍ ഖാൻ.
‘നീ എനിക്ക് അനിയനെ പോലെയാണ്’ എന്ന് മുഷീർ ഖാനോട് പൃഥ്വി ഷാ പറഞ്ഞതായും ഇരുവരും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സന്നാഹമത്സരത്തിന്റെ മൂന്നാം ദിനം അർഷിൻ കുൽക്കർണി പുറത്തായതിനു പിന്നാലെ, മുഷീർ ഖാന്റെ അടുത്തെത്തി തോളിൽ കൈയിട്ട് പൃഥ്വി ഷാ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രക്കായി കളിക്കുന്ന പൃഥ്വി ഷാ പ്രദര്‍ശന മത്സരത്തില്‍ 220 പന്തില്‍ 181 റണ്‍സെടുത്ത് മുഷീര്‍ ഖാന്‍റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഗ്രൗണ്ട് വിടുന്നതിനിടെ മുഷീർ ‘നന്ദിയുണ്ട്’ എന്നു പറഞ്ഞതോടെയാണ് പൃഥ്വി ഷാ മറുപടിയുമായി തിരിച്ചുവന്നത്. മുംബൈ താരങ്ങളോടു തർക്കിച്ച പൃഥ്വി ഷാ ബാറ്റുകൊണ്ട് അടിക്കാനായി വീശി. എന്നാൽ മുംബൈ താരങ്ങളുടെ ശരീരത്തിൽ ബാറ്റു തട്ടിയിരുന്നില്ല.
ഫീൽഡ് അംപയർ ഇടപെട്ടാണ് പൃഥ്വി ഷായെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. മുഷീർ ഖാന്റെ നന്ദി പ്രകടനമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മുംബൈ, മഹാരാഷ്ട്ര ടീം മാനേജ്മെന്റുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മത്സരത്തിൽ 220 പന്തുകൾ നേരിട്ട പൃഥ്വി ഷാ 181 റൺസാണു നേടിയത്. 21 ഫോറുകളും മൂന്നു സിക്സുകളുമാണ് പൃഥ്വിയുടെ ബാറ്റിൽനിന്നു പിറന്നത്.
English Summary:








English (US) ·