നീരജിനെ മറികടന്ന സച്ചിന്‍, ക്രിക്കറ്റില്‍ തുടങ്ങി ജാവലിനിലെത്തിയ താരം

4 months ago 5

sachin yadav

സച്ചിൻ യാദവ് ടോക്യോയിൽ നാലാം സ്ഥാനം നേടിയ ശേഷം. (Photo: KIRILL KUDRYAVTSEV | AFP)

ന്നാന്തരം ഓള്‍റൗണ്ടറായിരുന്നു ഉത്തര്‍പ്രദേശുകാരന്‍ സച്ചിന്‍ യാദവ്. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെ ഓപ്പണ്‍ ചെയ്യും. ജസ്പ്രീത് ഭുംറയെപ്പോലെ ബൗള്‍ ചെയ്യും. ടെന്നിസ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ നട്ടെല്ലായിരുന്നു. ആറടി അഞ്ചിഞ്ചുകാരന്റെ കൂറ്റന്‍ അടികളും തീപ്പന്തുകളും കണ്ട് കാണികള്‍ ആവേശത്തോടെ കൈയടിച്ചപ്പോള്‍ ഒരാള്‍ മാത്രം നെറ്റിചുളിച്ചു. ഇവന്‍ ക്രിക്കറ്റ് കളിക്കേണ്ടവനല്ല. പിച്ചില്‍ കെടുത്തിക്കളയേണ്ടതല്ല ഇവന്റെ പ്രതിഭ. കളി കണ്ടുകൊണ്ടിരുന്ന യു.പി. പോലീസിലെ കോണ്‍സ്റ്റബിളായ സന്ദീപ് യാദവ് വിധിച്ചു.

മികച്ച ഉയരവും ദൃഢമായ ചുമലുകളുമുള്ള ഇയാളുടെ തട്ടകം എന്തായാലും ക്രിക്കറ്റല്ലെന്ന് സന്ദീപ് മുന്‍കൂട്ടി കണ്ടു. കളി കഴിഞ്ഞ ഒരു വൈകുന്നേരം സന്ദീപ് സച്ചിന്‍ എന്ന പത്തൊന്‍പതുകാരനെ അടുത്തുവിളിച്ച് ഒരു കാര്യം പറഞ്ഞു: 'ക്രിക്കറ്റിലല്ല, അത്‌ലറ്റിക്‌സിലാണ് നിനക്ക് ഭാവിയുള്ളത്. വേണമെങ്കില്‍ ജാവലിന്‍ ത്രോയില്‍ ഒരു കൈ പരീക്ഷിച്ചുനോക്കൂ.' നീരജ് ചോപ്രയെ കുറിച്ച് സച്ചിന്‍ അന്നാണ് ആദ്യമായി കേള്‍ക്കുന്നത്. ഒന്ന് ആഞ്ഞു ശ്രമിച്ചാല്‍ വേണമെങ്കില്‍ നീരജിനെപ്പോലെയാകാമെന്നും സന്ദീപ് ഒരു വാക്ക് പറഞ്ഞു. ആ വാക്ക് പൊന്നാവുന്നതാണ് പിന്നീട് കണ്ടത്.

സച്ചിന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും അത്‌ലറ്റായ സന്ദീപിന്റെ ഉപദേശം തള്ളിക്കളഞ്ഞില്ല. സന്ദീപിന്റെ ശിക്ഷണത്തില്‍ വൈകാതെ ഒരു മുളജാവലിന്‍ കൈയിലെടുത്തു. അതൊരു ചരിത്രംകുറിച്ച വഴിത്തിരിവായി. നീരജ് ചോപ്രയുടെ പിന്‍ഗാമി ആരാണെന്ന ചോദ്യത്തിന് നീരജ് ചരിത്രം കുറിച്ച അതേ ടോക്യോ നാഷണല്‍ സ്‌റ്റേഡിയില്‍ ജാവലിന്‍ കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ സച്ചിന്‍ യാദവ്. നീരജും പാകിസ്താന്‍കാരന്‍ അര്‍ഷദ് നദീമുമെല്ലാം നിരാശപ്പെടുത്തിയ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സകലരെയും ഞെട്ടിച്ചുകൊണ്ട് നാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് സച്ചിന്‍.

യോഗ്യതാറൗണ്ടിൽ 83.67 മീറ്റർ എറിഞ്ഞ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന നീരജിനെയും മറികടന്ന ആറാമനായിട്ടായിരുന്നു ഫൈനൽ റൗണ്ട് പ്രവേശനം. എന്നാൽ, ഫൈനലിൽ സകലരെയും സച്ചിൻ അത്ഭുതപ്പെടുത്തി. 86.27 മീറ്റര്‍ എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് സച്ചിന്‍ ലോകത്തെ ഞെട്ടിച്ചത്. 0.40 സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് സച്ചിന് വെങ്കല മെഡല്‍ നഷ്ടമായത്. നീരജ് ഏഴാം സ്ഥാനവും അര്‍ഷാദ് പത്താം സ്ഥാനവും ജൂലിയന്‍ വെബര്‍ അഞ്ചാം സ്ഥാനവും യാക്കൂബ് വെല്‍ഡെച്ച് പതിനൊന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെട്ട് നിരാശരായി മടങ്ങിയപ്പോഴായിരുന്നു സച്ചിന്റെ ഈ നേട്ടം. നിലവിലെ ചാമ്പ്യനും ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് 84.03 മീറ്ററും പാരിസിലെ സ്വര്‍ണമെഡല്‍ ജേതാവ് അര്‍ഷാദ് 82.75 മീറ്ററുമാണ് എറിഞ്ഞത്.

യു.പിയിലെ ഭാഗ്പട്ട് ജില്ലയിലെ ഒരു പിന്നാക്ക പ്രദേശമായ ഖേക്കഡയിലെ സ്വകാര്യ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു സന്ദീപിന്റെ ശിക്ഷണത്തില്‍ ആദ്യ പരീക്ഷണം. 57 മീറ്ററായിരുന്നു എറിഞ്ഞ ആദ്യദൂരം. അത് കണ്ട് കോച്ച് സന്ദീപ് ഒന്നുറപ്പിച്ചു. ഇവന് ഭാവിയുണ്ട്. പിന്നീട് രണ്ട് വര്‍ഷം ഈ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിശീലനം. ഇതിനിടെ യു.പി പോലീസില്‍ ജോലിയും കിട്ടി. എന്നാല്‍, ജാവലിന്‍ പഠനം മാത്രം സച്ചിന്‍ മുടക്കിയില്ല. ഡ്യൂട്ടിയിലുള്ളപ്പോള്‍ വീഡിയോ കോള്‍ വഴി പരിശീലനം തുടര്‍ന്നു.

ഇതിനുശേഷമാണ് ടോക്യോ പാരാലിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് സുമിത് അന്റിലിന്റെ പരിശീലകന്‍ നവല്‍ സിങ്ങുമായി സച്ചിന്‍ ബന്ധപ്പെടുന്നത്. അങ്ങനെ ന്യൂഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേയ്ക്ക് പരിശീലനം മാറ്റി. അത് പുതിയൊരു അധ്യായത്തിന്റെ തുടക്കവുമായി.

സാങ്കേിതികരപരമായി ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമായിരുന്നിട്ടും ജാവലിനുമായി പെട്ടന്നുതന്നെ സച്ചിന്‍ ഇണങ്ങി. ക്രിക്കറ്റ് എനിക്ക് വാരാന്ത്യങ്ങളിലെ ഒരു നേരമ്പോക്ക് മാത്രമായിരുന്നു. അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, മുളജാവലിന്‍ കൈയിലെടുത്തതോടെ കഥ മാറി. തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ സാങ്കേതികവശത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവന്നു. എങ്കിലും പരിശീലകനൊപ്പം കൂടുതല്‍ സമയം ചെലവിട്ട് സച്ചിന്‍ പിഴവുകളൊക്കെ വേഗം തിരുത്തി. രണ്ടു വര്‍ഷം കൊണ്ട് തന്നെ ചാമ്പ്യന്‍ഷിപ്പുകളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ജാവലിന്‍ താരങ്ങളുടെ വലിയൊരു തലമുറയുടെ തുടക്കമായിരുന്നു ടോക്യോയിലെ നീരജിന്റെ സ്വര്‍ണനേട്ടം. കിഷോര്‍ ജെനയുടെയും രോഹിത് യാദവിന്റെയുമൊക്കെ പിന്‍മുറക്കാരനായി പെട്ടന്നു തന്നെ സച്ചിനും വളര്‍ന്നു.

ബെംഗളൂരു ഗ്രാന്‍പ്രീയിലായിരുന്നു നേട്ടങ്ങളുടെ തുടക്കം. കാറ്റും മഴയും പ്രതികൂല കാലാവസ്ഥ ഒരുക്കിയ മീറ്റില്‍ 82.69 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയതോടെയാണ് സച്ചിനെ കായികലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പരിചയസമ്പന്നനായ രോഹിത് യാദവിനെയാണ് സച്ചിന്‍ അന്ന് പിന്തള്ളിയത്. റണ്‍വേയില്‍ വെള്ളം ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ദൂരം താണ്ടുമായിരുന്നുവെന്നാണ് അന്ന് സച്ചിന്‍ പറഞ്ഞത്. ആ വാക്കും ആത്മവിശ്വാസവും പിഴച്ചില്ല. 2023ല്‍ റാഞ്ചിയില്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ആദ്യമായി എണ്‍പത് മീറ്ററും താണ്ടിയതോടെ നീരജിന്റെ പകരക്കാരന്റെ സിംഹാസത്തിലേയ്ക്കുള്ള സച്ചിന്റെ പ്രഖ്യാപനമായി. പിന്നീട് 84.21 മീറ്റര്‍ എറിഞ്ഞ് അഖിലേന്ത്യാ പോലീസ് റെക്കോഡ് ഭേദിക്കുക കൂടി ചെയ്തതോടെ ഇന്ത്യയിലെ ആറ് മുന്‍നിര ജാവലിന്‍ താരങ്ങളില്‍ ഒരാളായി സച്ചിന്‍.

ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ തന്റെ വരവ് സച്ചിന്‍ ഒന്നുകൂടി ഉറപ്പിച്ചു. 84.39 മീറ്റര്‍ എറിഞ്ഞ് ഗെയിംസ് റെക്കാഡോടെ സ്വര്‍ണം. അടുത്തത് ഗുമിയിലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ഷദിന് പിറകില്‍ വെള്ളി മെഡല്‍. അതും 85.16 മീറ്റര്‍ എറിഞ്ഞുകൊണ്ട്. ഇതോടെ സച്ചിന്‍ നീരജിന്റെ പാതിയിലാണെന്ന് അത്‌ലറ്റിക് ലോകം വിലയിരുത്തി. എന്നാല്‍, ടോക്യോയില്‍ സച്ചിന്‍ നീരജിനെയും അര്‍ഷദിനെയും മറികടക്കുമെന്ന് വിലയിരുത്തിയവര്‍ ഏറെയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ജാവലിനില്‍ തിളങ്ങിത്തുടങ്ങിയ കാലം മുതല്‍ നീരജായിരുന്നു സച്ചിന്റെ വഴിവിളക്ക്. നീരജിനെ പോലെ ഓട്ടത്തില്‍ വേഗവും ഫ്‌ളെക്‌സിബിലിറ്റിയും കൈവരിക്കാനായാല്‍ ആ സിംഹാസനവും അകലെയല്ലെന്ന് സച്ചിന്റെ സ്വയം പറഞ്ഞു. ആ ആത്മവിശ്വാസത്തിലേയ്ക്കാണ് ടോക്യോയില്‍ സച്ചിന്‍ ഒരു പടി കൂടി അടുത്തിരിക്കുന്നത്. അകലെയല്ല ഇന്ത്യയ്ക്ക് മറ്റൊരു പൊന്‍തിളക്കമെന്ന് സാരം.

Content Highlights: Discover Sachin Yadav`s unthinkable travel from cricket to javelin, neeraj chopra, satellite athletics

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article