
നീരജ് ചോപ്ര, അർഷാദ് നദീം | Photo: AP
ന്യൂഡല്‍ഹി: താന്‍ അടുത്ത സുഹൃത്തായിരുന്നില്ലെന്ന ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് പാകിസ്താനി ജാവലിന്‍ താരം അര്‍ഷാദ് നദീം. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതികരണത്തിനുമില്ലെന്നും അതേസമയം എല്ലായിപ്പോഴും പാക് സൈന്യത്തിനൊപ്പമായിരിക്കുമെന്നും അര്‍ഷാദ് നദീം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രതികരണത്തിനും ഞാന്‍ മുതിരുന്നില്ല. ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. ഞാനും കുടുംബവും എല്ലായിപ്പോഴും ഞങ്ങളുടെ സൈന്യത്തിനൊപ്പമായിരിക്കും.'- അര്‍ഷാദ് നദീം പറഞ്ഞു.
അർഷാദ് അടുത്ത സുഹൃത്തല്ലെന്നും അത്ലറ്റുകള്‍ എന്ന നിലയിലാണ് തങ്ങള്‍ ഇടപഴകാറുള്ളതെന്നുമാണ് നേരത്തേ നീരജ് ചോപ്ര പറഞ്ഞത്. ''നദീമുമായി എനിക്ക് പ്രത്യേകിച്ച് ശക്തമായ ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരിക്കലും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യം കാരണം കാര്യങ്ങള്‍ പഴയതുപോലെയാകില്ല. എന്നിരുന്നാലും, ആരെങ്കിലും എന്നോട് ബഹുമാനത്തോടെ സംസാരിച്ചാല്‍, ഞാന്‍ എപ്പോഴും അതേ രീതിയില്‍ പ്രതികരിക്കും. അത്ലറ്റുകള്‍ എന്ന നിലയില്‍, ഞങ്ങള്‍ ഇടപഴകുന്നു.'' - നീരജ് അന്ന് പ്രതികരിച്ചു.
2018 ഏഷ്യന്‍ ഗെയിംസിലാണ് ഇരുവരും ആദ്യമായിമത്സരിക്കുന്നത്. പിന്നീട് ലോകത്തെ വിവിധ വേദികളില്‍ ഇരുവരും മത്സരിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ അര്‍ഷാദ് 92.97 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ നീരജിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങിയിരുന്നു. ഒളിമ്പിക്‌സില്‍ പാകിസ്താന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം നേടിയ അര്‍ഷാദിനെ, നീരജിന്റെ അമ്മ അഭിനന്ദിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം മേയ് 24-ന് ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തിലേക്ക് അര്‍ഷാദ് നദീമിനെ ക്ഷണിച്ചതിനെ തുടര്‍ന്ന് നീരജ് ചോപ്രയ്ക്കും കുടുംബത്തിനുമെതിരേ കടുത്ത സൈബര്‍ ആക്രമണമുണ്ടായിരുന്നു. ക്ഷണം നദീം നിരസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ തനിക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തിനെതിരേ നീരജ് ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
Content Highlights: Arshad Nadeem effect connected Neeraj Chopras not adjacent friends remark








English (US) ·