Published: September 18, 2025 10:45 AM IST
1 minute Read
-
ഒരൊറ്റ ത്രോയിൽ നീരജ് ചോപ്ര ലോക ചാംപ്യൻഷിപ് ഫൈനലിൽ
-
ജാവലിൻത്രോ ഫൈനൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.50 മുതൽ
ടോക്കിയോ ∙ നീരജ് ചോപ്രയെന്ന ഉദയ സൂര്യന്റെ നാടാണ് ഇന്ത്യക്കാർക്ക് ജപ്പാൻ. 4 വർഷം മുൻപ്, ജപ്പാനിലെ ടോക്കിയോയിൽ നടന്ന ഒളിംപിക്സിലാണ് നീരജ് ഇന്ത്യൻ അത്‍ലറ്റിക്സിലെ വിജയസൂര്യനായി ഉദിച്ചുയർന്നത്. അതിനുശേഷം നേട്ടങ്ങളുടെ ആകാശത്തുനിന്ന് താഴെയിറങ്ങാത്ത നീരജ്, ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്നു വീണ്ടും ജാവലിൻ കയ്യിലെടുക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് സ്വർണ തിളക്കമുള്ള മറ്റൊരു മെഡൽ. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ ഒരൊറ്റ ത്രോ മാത്രമെറിഞ്ഞാണ് നിലവിലെ ചാംപ്യൻ നീരജ് (84.85 മീറ്റർ) ഫൈനലിലേക്കു മുന്നേറിയത്. 12 അംഗ ഫൈനലിസ്റ്റുകളിൽ ഇന്ത്യൻ താരം സച്ചിൻ യാദവുമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.50 മുതലാണ് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം.
ഒരൊറ്റ ത്രോ!
37 പേർ അണിനിരന്ന യോഗ്യതാ റൗണ്ടിലെ മികച്ച ആറാമത്തെ പ്രകടനത്തോടെയാണ് നീരജിന്റെ ഫൈനൽ പ്രവേശം. 84.50 മീറ്ററായിരുന്നു ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ദൂരം. ആദ്യ ത്രോയിൽ തന്നെ 84.85 മീറ്റർ പിന്നിട്ട ഇരുപത്തേഴുകാരൻ നീരജ് യോഗ്യതയുറപ്പാക്കി മത്സരം അവസാനിപ്പിച്ചു. മുൻ ലോക ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സന്റേതാണ് (89.53 മീറ്റർ) യോഗ്യതാ റൗണ്ടിലെ മികച്ച ത്രോ.
ഡയമണ്ട് ലീഗ് ചാംപ്യൻ ജർമനിയുടെ ജൂലിയൻ വെബർ (87.21 മീറ്റർ), കെനിയയുടെ ജൂലിയസ് യെഗോ (85.96 മീറ്റർ), പോളണ്ടിന്റെ ഡേവിഡ് വെഗ്നർ (85.67), പാരിസ് ഒളിംപിക്സ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം (85.28) എന്നിവരും യോഗ്യതാ മത്സരത്തിൽ നീരജിനേക്കാൾ മുന്നിലെത്തി. യോഗ്യതാ റൗണ്ടിലെ മികച്ച പത്താമത്തെ ദൂരം കണ്ടെത്തിയാണ് (83.67) സച്ചിൻ യാദവ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്. എന്നാൽ മറ്റു ഇന്ത്യൻ താരങ്ങളായ യഷ്‌വീർ സിങ്, രോഹിത് യാദവ് എന്നിവർക്ക് യോഗ്യത നേടാനായില്ല.
നീരജ് Vs അർഷാദ്
പാരിസ് ഒളിംപിക്സിനുശേഷം നീരജും പാക്കിസ്ഥാന്റെ അർഷാദ് നദീമും നേർക്കുനേർ വരുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ ഫൈനലിനുണ്ട്. യോഗ്യതാ റൗണ്ടിൽ 2 ഗ്രൂപ്പുകളിലായാണ് ഇവർ മത്സരിച്ചത്. ഒളിംപിക്സിനുശേഷം നീരജ് ലോക വേദികളിൽ മെഡൽക്കുതിപ്പ് തുടർന്നപ്പോൾ അർഷാദ് പ്രധാന മത്സരങ്ങളിൽനിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. 2024 ഒളിംപിക്സ് ഫൈനലിൽ 92.97 മീറ്റർ പിന്നിട്ട് അർഷാദ് സ്വർണം നേടിയപ്പോൾ നീരജ് രണ്ടാം സ്ഥാനത്തായി (89.45 മീറ്റർ). ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ 10 രാജ്യാന്തര ഫൈനലുകളിൽ അർഷാദിന്റെ ഏക വിജയമായിരുന്നു അത്. നീരജ് ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നേടിയ 2023ലെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി നേടിയത് അർഷാദായിരുന്നു.
English Summary:








English (US) ·