Published: July 05 , 2025 11:55 AM IST Updated: July 05, 2025 11:00 PM IST
1 minute Read
ബെംഗളൂരു ∙ ലോകത്തെ മികച്ച താരങ്ങൾക്കൊപ്പം ആദ്യമായി ഇന്ത്യൻ മണ്ണിൽ നടന്ന പോരാട്ടത്തിലും ജേതാവായി ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര. ‘നീരജ് ചോപ്ര ക്ലാസിക്’ ജാവലിൻത്രോയിൽ 86.18 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. 84.51 മീറ്റർ ദൂരം താണ്ടിയ കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതെത്തി. 84.34 മീറ്റർ ദൂരവുമായി ശ്രീലങ്കയുടെ റുമേഷ് പതിരംഗ മൂന്നാമതെത്തി. ഇന്ത്യൻ താരങ്ങളായ സച്ചിൻ യാദവിന് 82.33 മീറ്ററും യഷ്‌വിർ സിങ്ങിന് 79.65 മീറ്ററുമാണ് പിന്നിടാനായത്. ടോക്കിയോ ഒളിംപിക്സിൽ സ്വർണവും പാരിസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയ നീരജിന് കരിയറിലെ മികച്ച പ്രകടനത്തിന്റെ അടുത്തെത്താനായില്ല. മേയ് 16 ന് ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ 90.23 മീറ്റർ ദൂരം നീരജ് എറിഞ്ഞിരുന്നു.
നീരജിന്റെ ആദ്യ ശ്രമം ഫൗൾ ആയിരുന്നു. രണ്ടാം ശ്രമത്തിൽ 82.99 മീറ്റർ ദീരം പായിച്ച് നീരജ് മുന്നിലെത്തി. എന്നാൽ 84.34 മീറ്റർ കണ്ടെത്തിയ ശ്രീലങ്കയുടെ റുമേഷ് പതിരംഗ മൂന്നാം ശ്രമത്തിൽ മുന്നിലെത്തി. പിന്നാലെ 86.18 മീറ്റർ ദൂരം പിന്നിട്ട് നീരജ് ലീഡ് തിരിച്ചുപിടിച്ചു. നാലാം ശ്രമത്തിൽ നീരജിന്റെയും റുമേഷിന്റെയും ത്രോ ഫൗളായി. അഞ്ചാം ശ്രമത്തിൽ നീരജ് 84.07 മീറ്റർ ദൂരം താണ്ടിയപ്പോൾ റുമേഷിന് 80.1 മീറ്റർ മാത്രമേ പായിക്കാനായുള്ളു.
ഇന്ത്യ വേദിയൊരുക്കുന്ന ആദ്യ രാജ്യാന്തര ജാവലിൻത്രോ മത്സരം നീരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോർട്സും സംയുക്തമായാണു നടത്തിയത്. നീരജ്, ജർമനിയുടെ തോമസ് റഹ്‌ലർ, കെനിയയുടെ ജൂലിയസ് യെഗോ എന്നീ 3 ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ 11 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് ജാവലിൻ ത്രോയിൽ 88.16 മീറ്റർ ദൂരം പിന്നിട്ട് ഒന്നാമതെത്തിയാണ് നീരജ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പിന്നാലെ ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റിലും നീരജ് ജേതാവായി. 85.29 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.
English Summary:








English (US) ·