ബെംഗളൂരു: ജാവലിൻ ത്രോയിൽ സ്വന്തം മണ്ണിലും ചരിത്രം രചിച്ച് നീരജ് ചോപ്ര. നീരജ് ചോപ്രയുടെപേരിൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിൻ മത്സരത്തിൽ നീരജ് തന്നെ ഒന്നാമതെത്തി. 86.18 മീറ്റര്‍ ദൂരംകണ്ടെത്തിയാണ് നീരജ് ഒന്നാമതെത്തിയത്. കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതും ലങ്കൻ താരം രുമേഷ് പതിരഗെ മൂന്നാമതുമായി. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയ നീരജ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായി.
ഫൗള്‍ ത്രോയോടെ ആയിരുന്നു നീരജിന്റെ തുടക്കം. രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് മുന്നിലെത്തി. എന്നാല്‍ ലങ്കന്‍ ജാവലിന്‍ ത്രോ താരം രുമേഷ് പതിരഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജിനെ മറികടന്നു. 86.18 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 16 ഫാസ്റ്റ് ബൗളറായ രുമേഷ് നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
നാല് റൗണ്ടുകള്‍ കഴിയുമ്പോള്‍ നീരജ് ചോപ്ര തന്നെയായിരുന്നു ഒന്നാമത്. രണ്ടാമത് കെനിയയുടെ ജൂലിയസ് യെഗോയും മൂന്നാമത് രുമേഷ് പതിരഗെയുമായിരുന്നു. പിന്നീട് സ്ഥാനം വിട്ടുകൊടുക്കാതെ നീരജ് മുന്നേറിയതോടെ ബെംഗളൂരുവിൽ വീണ്ടും നീരജ് വെന്നിക്കൊടി നാട്ടി.ഇക്കുറി ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ റെക്കോഡ് പ്രകടനത്തിലെത്തിയ നീരജ് സ്വന്തം രാജ്യത്ത് 90 മീറ്റർ മറികടക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. അതിന് സാധിച്ചില്ലെങ്കിലും രാജ്യത്തിന് വീണ്ടും അഭിനമാമാകാൻ നീരജിനായി.
ലോക അത്‌ലറ്റിക്സ് ഫെഡറേഷന്റെ എ കാറ്റഗറി പദവിനേടിയ ‘നീരജ് ചോപ്ര ക്ലാസിക്’ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ജാവലിൻ മത്സരമാണ്. നിരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോർട്‌സും ചേർന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ, വേൾഡ് അത്‌ലറ്റിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.. സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരംകൂടിയായതിനാൽ ലോകത്തെ മുൻനിര താരങ്ങളും മത്സരിക്കാനെത്തി.
12 പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നീരജിനെക്കൂടാതെ ഇന്ത്യക്കാരായ സച്ചിൻ യാദവ്, യശ്‌വീർ സിങ്, രോഹിത് യാദവ്, സഹിൽ സിൽവാൾ എന്നിവരും മത്സരിക്കാനുണ്ടായിരുന്നു. ലോക അത്‌ലറ്റിക്സിലെ നിലവിലെ ചാമ്പ്യനായ ഗ്രാനഡ താരം ആൻഡേഴ്‌സൻ പീറ്റേഴ്‌സനെയും നിലവിലെ ഒളിമ്പിക് ചാമ്പ്യനായ പാകിസ്താന്റെ അർഷാദ് നദീമിനെയും ക്ഷണിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അവർ പിൻമാറുകയായിരുന്നു.
Content Highlights: Neeraj Chopra Classic 2025 javelin lawsuit Bengaluru








English (US) ·