
സച്ചിൻ യാദവ്, സർവേഷ് കുഷാരെ | AP
ടോക്യോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിരാശയോടെ ഇന്ത്യയ്ക്ക് മടങ്ങുമ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട് ഇന്ത്യയ്ക്ക് മേൽ. ചാമ്പ്യന്‍ഷിപ്പില്‍ ഒറ്റ മെഡല്‍ പോലും നേടാനാവാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ മടങ്ങുന്നത്. ആറു വര്‍ഷത്തിനിടെ ഇതാദ്യമായാണ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സംപൂജ്യരാകുന്നത്. മെഡല്‍ പ്രതീക്ഷിച്ചിരുന്ന സൂപ്പര്‍താരങ്ങളെല്ലാം ഇക്കുറി നിരാശപ്പെടുത്തി. അതേസമയം ചില താരങ്ങളുടെ ഉദയത്തിനും ഈ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സാക്ഷിയായി.
ഇന്ത്യ ഏറ്റവും കൂടുതൽ മെഡല്‍ പ്രതീക്ഷിച്ചിരുന്നത് ജാവലിന്‍ ത്രോയിലായിരുന്നു. എന്നാൽ, മത്സരിച്ച താരങ്ങള്‍ക്ക് അവസാന മൂന്നിലെത്താനായില്ല. കഴിഞ്ഞ തവണത്തെ അത്‌ലറ്റിക് ചാമ്പ്യനും മുന്‍ ഒലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്രയാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. താരം മെഡല്‍ നേടുമെന്നാണ് കരുതിയതെങ്കിലും ഫൈനല്‍ റൗണ്ടിലെ അവസാന രണ്ട് ഏറ് എറിയുന്നതിന് മുമ്പ് തന്നെ നീരജ് പുറത്തായി. 84.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം യാഷ് വീര്‍ സിങ്ങും രോഹിത് യാദവും ഫൈനല്‍ റൗണ്ടില്‍ കടന്നതുമില്ല.
എന്നാല്‍ ജാവലിനില്‍ സച്ചിന്‍ യാദവ് അപ്രതീക്ഷിത കുതിപ്പ് നടത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. നീരജിനെയും നിലവിലെ ഒളിമ്പിക് ജേതാവ് അര്‍ഷാദ് നദീമിനെയുമടക്കം മറികടന്ന സച്ചിന്‍ കായികലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തി. ഫൈനല്‍ റൗണ്ടില്‍ എറിഞ്ഞ എല്ലാ ത്രോകളും മികച്ചതായിരുന്നു. 86.27 മീറ്റര്‍ ദൂരം കണ്ടെത്തിയ സച്ചിന്‍ നാലാമതായാണ് മത്സരം അവസാനിപ്പിച്ചത്. മൂന്നാം സ്ഥാനം നേടിയ അമേരിക്കയുടെ കര്‍ട്ടിസ് തോംസണാകട്ടെ 86.67 മീറ്ററാണ് എറിഞ്ഞത്. ചെറിയ വ്യത്യാസത്തിലാണ് സച്ചിന് വെങ്കലമെഡല്‍ നഷ്ടമായത്. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ പ്രതീക്ഷ കൂടിയായി സച്ചിന്‍ മാറിക്കഴിഞ്ഞു.
അതേസമയം ഹൈ ജമ്പില്‍ സര്‍വേഷ് കുഷാരെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയ താരം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആറാം സ്ഥാനം മാത്രമാണ് താരത്തിന് ലഭിച്ചത്. 2.28 മീറ്റര്‍ ദൂരം ചാടിയാണ് സര്‍വേഷ് ആറാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഹൈജമ്പ് താരമായും സര്‍വേഷ് കുഷാരെ മാറിയിരുന്നു. യോഗ്യതാ റൗണ്ടില്‍ 2.25 മീറ്ററാണ് സര്‍വേഷ് ചാടിയത്.
മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ലോങ് ജമ്പ് താരം മുരളി ശ്രീശങ്കറിന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനായില്ല. പുരുഷന്മാരുടെ 200 മീറ്ററില്‍ അനിമേഷ് കുജുറും പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് നിരാശപ്പെടുത്തി. 29:13.33 സെക്കന്‍ഡില്‍ പതിനാറാമതായാണ് ഗുല്‍വീര്‍ ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു. യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും കടമ്പ കടക്കാനായില്ല. ഗ്രൂപ്പ് ബിയില്‍ പ്രവീണ്‍ ചിത്രവേല്‍ 16.74 മീറ്ററും ഗ്രൂപ്പ് എയില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ 16.33 മീറ്ററും ചാടിയെങ്കിലും മികച്ച പന്ത്രണ്ട് ചാട്ടങ്ങളില്‍ ഇരുവരും ഉള്‍പ്പെട്ടില്ല. ഒരു മെഡൽ പോലും നേടാനായില്ലെങ്കിലും പ്രതീക്ഷിക്കാൻ വക നൽകിയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരിച്ചുമടങ്ങുന്നത്.
Content Highlights: satellite athletics championships nary medal for india








English (US) ·