കണ്ണെത്താദൂരത്തോളം, ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന നീലമലനിരകള്‍. അവയില്‍ മഞ്ഞുമൂടിയ പുല്‍മേടുകള്‍, മലയിടുക്കുകളില്‍ ഇടതൂര്‍ന്ന ചോലക്കാടുകള്‍ - നീലഗിരിക്കുന്നുകളുടെ വന്യതയും അതിന്റെ വശ്യസൗന്ദര്യവും മനുഷ്യരെ നൂറ്റാണ്ടുകളായി അതിശയിപ്പിച്ചിട്ടുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറയായ നീലഗിരിയുടെ വന്യതയും ഭൂപ്രകൃതിയും, മനുഷ്യരും വന്യജീവികളും തമ്മിലെ കൊടുക്കല്‍ വാങ്ങലുകളും, ഒരു ദൃശ്യകാവ്യമെന്നപോലെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് 'നീല്‍ഗിരി: എ ഷെയേര്‍ഡ് വൈല്‍ഡര്‍നെസ്സ്' എന്ന ഡോക്യുമെന്ററി.
എമ്മി നോമിനേറ്ററും ബാഫ്റ്റാ അവാര്‍ഡ് ജേതാവുമായ സന്ദേശ് കാദൂര്‍ സംവിധാനംചെയ്ത ഡോക്യുമെന്ററി അവതരിപ്പിക്കുന്നത് രോഹിണി നിലേകനി ഫിലാന്ത്രോപീസും ഫെലിസ് ക്രിയേഷന്‍സും ചേര്‍ന്നാണ്. നകുല്‍ രാജും റോബിന്‍ കോന്‍സും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്രിയ സിങ് ആണ് റിസര്‍ച്ച് ഡയറക്ടര്‍. ഇന്ത്യയില്‍ രാജ്യവ്യാപകമായി തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററിയാണ് 'നീല്‍ഗിരി: എ ഷെയേര്‍ഡ് വൈല്‍ഡര്‍നെസ്സ്'.
ഇന്ത്യയിലെ ആദ്യത്തെ യുനസ്‌കോ ബയോസ്ഫിയര്‍ റിസേര്‍വ് ആണ് നീലഗിരി. കുന്നുകളില്‍ നീല വിരിക്കുന്ന കുറിഞ്ഞിപ്പൂക്കളാണോ, അതോ മലനിരകളില്‍ വന്നുവീഴുന്ന സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയിലെ നീലകിരണങ്ങളാണോ 'നീലഗിരി' എന്ന പേരിനു കാരണമെന്ന ചിന്ത പങ്കുവെച്ചുകൊണ്ടാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. തുടര്‍ന്ന് നീലഗിരിയുടെ ഭൗമചരിത്രം, ജൈവവൈവിധ്യം, ജീവികള്‍ തമ്മിലെ പാരസ്പര്യം, മനുഷ്യരുടെ ഇടപെടലുകള്‍ ഒക്കെ വിശദീകരിക്കുന്നു. 8k റെസൊല്യൂഷന്റെ ദൃശ്യഭംഗിയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയെ സുശീല രാമന്റെ ശബ്ദാവതരണവും പശ്ചാത്തലസംഗീതവും മറ്റൊരുതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.
ഡോക്യുമെന്ററിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ നകുല്‍ രാജ്. ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ നകുല്‍ രാജിന് ആനിമല്‍ ബിഹേവിയറിലും ബയോഅക്കൗസ്റ്റിക്‌സിലും (ജീവജാലങ്ങളുടെ ശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ) ഗവേഷണപരിചയമുണ്ട്.
ഫിലിം മേക്കിങ്ങില്‍ ടീം വര്‍ക്ക് വളരെ പ്രാധാനമാണല്ലോ, പ്രത്യേകിച്ചും ഒരു വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററിയുടെ കാര്യത്തില്‍. 'നീല്‍ഗിരി: എ ഷെയേര്‍ഡ് വൈല്‍ഡര്‍നെസ്സ്' എന്ന ഡോക്യുമെന്ററിയുടെ പിന്നിലെ കൂട്ടായ്മയെ കുറിച്ച് പറയാമോ?
ടീം വര്‍ക്ക് ഒരു ഫിലിം മേക്കിങ്ങില്‍ അത്യന്താപേക്ഷിതമാണ്. ഞങ്ങള്‍ ഒരു ചെറിയ ടീം ആയിരുന്നു. 15 മുതല്‍ 22 പേര്‍ വരെ ആള്‍ക്കാര്‍ മാത്രം. അതില്‍ ക്യാമറ വര്‍ക്ക് ചെയ്തിരുന്നത് നാലോ അഞ്ചോ പേരാണ്. വ്യത്യസ്തങ്ങളായ സ്റ്റോറീസ് ഉണ്ടെങ്കില്‍ ക്യാമറ ടീമിലെ രണ്ടുപേരെ ഒരു സ്ഥലത്തും ബാക്കി ആള്‍ക്കാരെ അടുത്ത സ്ഥലത്തുംമായി വിന്യസിക്കും. സംവിധായകനും എഡിറ്റര്‍മാരും തമ്മില്‍ ചര്‍ച്ച ചെയ്ത് ഏതൊക്കെ ഷോട്ട്‌സ് കിട്ടിയില്ല, ഇനി ഏതൊക്കെ വേണം എന്ന് കണ്ടെത്തി ഞങ്ങളോട് സംസാരിക്കും. ഞാനും എന്റെ അസിസ്റ്റന്റും ഫീല്‍ഡില്‍ ആയിരിക്കും. ഡയറക്ടര്‍ പറഞ്ഞ ആ ഷോട്ട്‌സ് എടുക്കാനുള്ള ശ്രമത്തിലായിരിക്കും പിന്നെ ഞങ്ങള്‍. അങ്ങനെയുള്ള ആശയവിനിമയം വളരെയധികം സഹായിച്ചു. ഒരു ഷോട്ട് എടുത്താലും അത് ഡോക്യുമെന്ററിക്ക് ചേരുന്നതല്ലെങ്കില്‍ അത് അവര്‍ ഞങ്ങളോട് പറയും. ഞങ്ങള്‍ അതിനനുസരിച്ച് ഷോട്ടുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമായിരുന്നു.
നീലഗിരിയുടെ വന്യതയെ ചിത്രീകരിക്കുമ്പോഴുണ്ടായ വെല്ലുവിളികളെന്തൊക്കെയാണ്?
ഷൂട്ടിങ് തുടങ്ങാനുള്ള അനുമതി എടുക്കലായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പെര്‍മിഷന് വേണ്ടി അപേക്ഷിച്ച് അത് ശരിയായി കിട്ടാന്‍ ഒന്‍പത് മാസമെടുത്തു. പെര്‍മിറ്റ് കിട്ടിയ ശേഷം ഞങ്ങള്‍ റെക്കി (വന്യജീവി ഡോക്യൂമെന്ററികളുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഏതൊക്കെ സ്ഥലങ്ങളില്‍ ജീവികള്‍ ഉണ്ടാകും, എവിടെയൊക്കെനിന്ന് അവയെ നന്നായി ചിത്രീകരിക്കാന്‍ പറ്റും തുടങ്ങിയ പ്രീ പ്രൊഡക്ഷന്‍ വര്‍ക്‌സ്) സ്റ്റാര്‍ട്ട് ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ ടൈഗര്‍ ചേസിങ് ഒക്കെ ഷൂട്ട് ചെയ്യാന്‍ പറ്റി. ആ സീന്‍സ് ഒക്കെ കിട്ടിയപ്പോള്‍ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് നല്ലൊരു തുടക്കമാവുകയായിരുന്നു. പിന്നെ അതിന്റെ തുടര്‍ച്ചക്കുള്ള ഷോട്ടുകള്‍ ചിത്രീകരിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. എന്നാലും പിന്നീടങ്ങോട്ട് ഷൂട്ടിങ് കുറച്ച് എളുപ്പമായിരുന്നു.
ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ഡോക്യുമെന്ററിയുടെ മേക്കിങ്ങില്‍ ഏറ്റവും എക്സൈറ്റിംഗ് ആയത് എന്തായിരുന്നു?
ഇതെന്റെ തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ മുഴുനീള ഫീച്ചര്‍ ഡോക്യുമെന്ററി ആണ്. അതിന്റെ എക്സൈറ്റ്‌മെന്റ് ഇപ്പോഴുണ്ട്. ചിത്രീകരിക്കുമ്പോള്‍ ആ ചിന്ത ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥികളിലേക്കൊക്കെ എത്തുന്ന നല്ല ഒരു എജ്യുക്കേഷണല്‍ ഡോക്യൂമെന്ററി ഉണ്ടാക്കുക എന്നതായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തങ്ങളായ ഓരോരോ ലൊക്കേഷനില്‍ പോകുമ്പോള്‍, അവിടെനിന്ന് പുതിയതായി എന്തെങ്കിലും ഷൂട്ട് ചെയ്യാനുള്ള എക്സൈറ്റ്‌മെന്റും ശ്രമവും ഉണ്ടായിരുന്നു. പിന്നെ പഠിച്ച ടെക്നിക്സ് വച്ച് പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ നോക്കും. അതുവഴിയുള്ള ലേര്‍ണിങ് എക്‌സ്പീരിയന്‍സ് വളരെയധികം ആവേശം തരുന്നതായിരുന്നു.
ഡോക്യുമെന്ററിയുടെ സംവിധായകനായ സന്ദേശ് കാദൂരുമായുള്ള പ്രവര്‍ത്തനത്തിന്റെ അനുഭവം പറയാമോ.
സന്ദേശിന്റെ കൂടെയുള്ള വര്‍ക്ക് എല്ലായ്പ്പോഴും ഗംഭീരമായ അനുഭവമാണ്. 2020-ലാണ് ഞാന്‍ സന്ദേശിനെ ആദ്യമായി കണ്ടുമുട്ടുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ ബെംഗളൂരുവില്‍ ഒരുമിച്ചായിരുന്നു. ആ സമയത്ത് ഷൂട്ടിങ് ഒക്കെ വളരെയധികം പരിമിതപ്പെടുത്തേണ്ടി വന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ ഷൂട്ടിങ് തുടങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ, ഒരു ക്യാമറ പേഴ്‌സണ്‍ എന്ന നിലയില്‍ വൈല്‍ഡ് ലൈഫിനെ കുറിച്ച് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അതിനുശേഷം ഞാന്‍ സന്ദേശിനൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ആപ്പിള്‍ ടിവി, ബിബിസി, നാഷണല്‍ ജിയോഗ്രഫിക് അങ്ങനെ ഒരുപാട് പ്ലാറ്റ്‌ഫോംസിന് വേണ്ടി വര്‍ക്ക് ചെയ്തു. സന്ദേശ് അദ്ദേഹത്തിന്റെ മികച്ച കാഴ്ചപ്പാടുകള്‍ കൊണ്ട് ഒരു വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററിയുടെ മേക്കിങ്ങില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ്. ഒരു ഷോട്ടില്‍ എന്തൊക്കെയാണ് ഇല്ലാത്തത്, എങ്ങനെയൊക്കെ അതിനെ മികച്ചതാക്കാം എന്നൊക്കെ അദ്ദേഹം മനസ്സിലാക്കി തരും. ചിലപ്പോള്‍ നിങ്ങള്‍ എല്ലാ ഷോട്ട്‌സും റെഡിയായെണെന്ന വിശ്വാസത്തില്‍ ഇരിക്കുമ്പോള്‍ സന്ദേശ് പറയും, 'നകുല്‍ മറ്റൊരു ഷോട്ട് കൂടെ ഉണ്ടെങ്കില്‍ ഗംഭീരമായിരിക്കും, അങ്ങനെയാണെങ്കില്‍ തുടര്‍ച്ച ഉണ്ടാകും', എന്ന്. നമ്മളിലെ ഏറ്റവും മികച്ചത് പുറത്ത് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതില്‍ അദ്ദേഹം വളരെ മിടുക്കനാണ്. ഒരു പുതിയ ഷോട്ട് എടുക്കാനും അതിന് തുടര്‍ച്ചയുണ്ടാക്കാനും സന്ദേശ് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നല്ല ഒരു കൂട്ടായ പ്രവര്‍ത്തനമാണത്. പിന്നെ സന്ദേശിന്റെ തിരക്കഥ എഴുതുന്ന ശൈലി വളരെ പ്രചോദിപ്പിക്കുന്നതാണ്.

അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കുപിന്നില്‍ സാങ്കേതികപരമായി മികച്ച ചിത്രീകരണം സഹായിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ഏതൊക്കെ തരം ഉപകരണങ്ങളാണ് ഡോക്യുമെന്ററിക്ക് വേണ്ടി ഉപയോഗിച്ചത്?
ഞങ്ങള്‍ ഒരുപാട് ഹൈ ക്വാളിറ്റി എക്യുപ്പ്‌മെന്റസ് ഫിലിം മേക്കിങ്ങില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ ഞങ്ങള്‍ ഉപയോഗിച്ച എല്ലാ എക്യുപ്പ്‌മെന്റ്‌സും ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ തന്നെയാണ്. ഒന്നും വാടകയ്‌ക്കെടുത്തതല്ല. അതുകൊണ്ട് ഞങ്ങളുടെ ഏതാവശ്യത്തിനും ഏത് സമയത്തും എക്യുപ്പ്‌മെന്റ്‌സ് ലഭ്യമായിരുന്നു. ഞങ്ങള്‍ക്ക് ലോകത്തിലെ തന്നെ മികച്ച ജിഎസ്എസ് എന്ന ഗിമ്പല്‍ സിസ്റ്റം ഉണ്ട്. ഏറ്റവും മികച്ച 8k ക്വാളിറ്റി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്‍സ്പയേഴ്സ് 3, മാര്‍വിക് സീരിസ് പോലുള്ള ഡ്രോണുകളുണ്ടായിരുന്നു.
സോണി ഞങ്ങളുടെ പ്രൊഡക്ഷന്‍ പാട്ണര്‍ ആയിരുന്നു. സന്ദേശ് സോണിയുടെ അംബാസഡര്‍ കൂടിയാണ്. അതുകൊണ്ട് എന്താവശ്യത്തിനും ഹൈ ക്വാളിറ്റി ലെന്‍സ് അവര്‍ ലഭ്യമാക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും നല്ല എക്യുപ്പ്‌മെന്റ്‌സ് ഉപയോഗിക്കാനുള്ള ഫ്രീഡം ഉണ്ടായി. ഗിമ്പല്‍സ്, സ്ലൈഡേഴ്സ്, ജിബ്‌സ്, മാക്രോ ലെന്‍സസ്, ലൈറ്റ് സെറ്റപ്പ്‌സ് അങ്ങനെ ഒരു വൈല്‍ഡ് ലൈഫ് സ്റ്റോറി എടുക്കാനുള്ള ഏറ്റവും മികച്ച എല്ലാ ഉപകരണങ്ങളും ഉണ്ടായിരുന്നു.
400 മണിക്കൂറില്‍ കൂടുതലുള്ള ഫൂട്ടേജുകളില്‍ നിന്നാണ് ഒരുമണിക്കൂര്‍ 15 മിന്യുട്‌സിന്റെ ഡോക്യുമെന്ററി തയ്യാറാക്കിയത്. എഡിറ്റിങ്ങില്‍ ഉണ്ടായ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
പ്രണവ്, വരുണ്‍, റോബിന്‍ എന്നിവരാണ് പ്രധാനമായും ഡോക്യുമെന്ററിയുടെ എഡിറ്റിങ് കൈകാര്യം ചെയ്തത്. ഇതിന്റെ ഭൂരിഭാഗം എല്ലാ എഡിറ്റിങ്ങും ഞങ്ങളുടെ ഫെലിസ് ക്രിയേഷന്‍സിലായിരുന്നു. ശബ്ദമിശ്രണവും കളര്‍ ഗ്രേഡിങ്ങും യുകെയില്‍ ചെയ്തു. ദിവസവും ഷൂട്ട് ചെയ്യുന്ന എല്ലാ വിഷ്വല്‍സും ക്യാമറകളില്‍ സൂക്ഷിച്ചുവെക്കുമായിരുന്നു. ഒരുപാട് ഗംഭീര ദൃശ്യങ്ങളില്‍നിന്ന് ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് എഡിറ്റര്‍മാര്‍ക്ക് അത് വലിയ ഒരു വെല്ലുവിളിയാണ്. സന്ദേശ് അതൊക്കെ ഇരുന്ന് സൂക്ഷ്മമായി പരിശോധിക്കും. പക്ഷേ എഡിറ്റര്‍മാര്‍ അത് വളരെ മിടുക്കോടുകൂടി ചെയ്തു.

ജന്തുക്കളുടെ പെരുമാറ്റസവിശേഷതകളും അവയുടെ ശബ്ദങ്ങളും ഒക്കെ അക്കാദമിക് ആയി പഠിക്കുകയും ഗവേഷണം ചെയ്ത ആളും എന്ന നിലയില്‍ ആ അറിവുകള്‍ എങ്ങനെയൊക്കെ താങ്കളെ വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി ഫിലിം മേക്കിങ്ങില്‍ സഹായിക്കാറുണ്ട്?
ജന്തുക്കളുടെ സ്വഭാവത്തെക്കുറിച്ചും അവ ഉണ്ടാക്കുന്ന ശബ്ദങ്ങളെക്കുറിച്ചുമൊക്കെയുള്ള അറിവുകള്‍ വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി ചിത്രീകരണത്തില്‍ ഒരുപാട് സഹായകരമാണ്. നമ്മള്‍ ഒരു ജീവിയുടെ പെരുമാറ്റം കാണുമ്പോള്‍ അതിനെ ആന്ത്രൊപ്പോമോര്‍ഫിക് (ജീവികളില്‍ വസ്തുനിഷ്ഠമല്ലാതെ മനുഷ്യന്റെ സ്വഭാവസവിശേഷതകള്‍ കാണുന്നത്) തലത്തില്‍ അല്ലാതെ, ശാസ്ത്രീയമായി വിശദീകരിക്കാനുള്ള ഒരു കഴിവ് അക്കാദമിക പഠനവും ഗവേഷണവും നമ്മളില്‍ ഉണ്ടാക്കും. പിന്നെ കാട്ടില്‍ എന്തെങ്കിലും നിരീക്ഷിച്ചാല്‍ എടുത്തുചാടി ഒരു നിഗമനത്തിലെത്തില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് നിഗമനത്തിലെത്തുക. അത്തരത്തില്‍, നിരീക്ഷണപാടവവും യുക്തിയും വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി മേക്കിങ്ങില്‍ വളരെ പ്രധാനമാണ്.
Content Highlights: Interview of cinematographer of 'Nilgiris: A shared Wilderness'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·