Published: July 15 , 2025 10:06 AM IST
1 minute Read
കിങ്സ്റ്റൻ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ 176 റൺസ് വിജയവുമായി ഓസ്ട്രേലിയയുടെ കുതിപ്പ്. 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ 27 റൺസിന് ഓൾഔട്ടാക്കിയാണ് ഓസ്ട്രേലിയ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. കരിയറിലെ 100–ാം ടെസ്റ്റ് കളിക്കുന്ന ഓസീസ് പേസർ മിച്ചൽ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ 7.3 ഓവറുകൾ പന്തെറിഞ്ഞ സ്റ്റാർക്ക് ഒൻപതു റൺസ് വഴങ്ങിയാണ് ആറു വിക്കറ്റുകൾ സ്വന്തമാക്കിയത്.
കിങ്സ്റ്റൻ ടെസ്റ്റിൽ ആകെ ഏഴു വിക്കറ്റുകൾ നേടിയ സ്റ്റാർക്കാണു കളിയിലെയും പരമ്പരയിലെയും താരം. മൂന്നു മത്സരങ്ങളുൾപ്പെട്ട ടെസ്റ്റ് പരമ്പരയിൽ 15 വിക്കറ്റുകളും 46 റൺസുമാണു സ്റ്റാർക്ക് സ്വന്തമാക്കിയത്. 24 പന്തിൽ 11 റൺസെടുത്ത മധ്യനിര താരം ജസ്റ്റിൻ ഗ്രീവ്സ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടന്ന വിൻഡീസ് ബാറ്റർ. ആദ്യ ഇന്നിങ്സിൽ 225 റൺസടിച്ച ഓസീസ് വിൻഡീസിനെ 143ന് പുറത്താക്കി 82 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ ഓസ്ട്രേലിയ 121ന് ഓൾഔട്ടായി. എന്നാൽ അതിലും വേഗം വെസ്റ്റിൻഡീസിനെ തകർത്തെറിഞ്ഞ ഓസീസ് ബോളർമാർ ടീമിന്റെ മൂന്നാം വിജയവും ഉറപ്പിച്ചു. വെസ്റ്റിൻഡീസിന്റെ മറുപടി ബാറ്റിങ് 14.3 ഓവറിൽ അവസാനിച്ചപ്പോൾ ഏഴു ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ മടങ്ങി.
ഓസീസ് പേസർ സ്കോട്ട് ബോളണ്ട് ഹാട്രിക് നേട്ടം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 14–ാം ഓവറിന്റെ ആദ്യ മൂന്നു പന്തുകളിൽ ജസ്റ്റിൻ ഗ്രീവ്സ്, ഷമാര്‍ ജോസഫ്, ജോമൽ വറികാൻ എന്നിവരെ പുറത്താക്കിയാണ് ബോളണ്ട് ഹാട്രിക് തികച്ചത്. ടെസ്റ്റ് ചരിത്രത്തിൽ വെസ്റ്റിൻഡീസിന്റെ ഇന്നിങ്സിലെ ചെറിയ സ്കോറാണ് 27 റൺസ്. ആദ്യ ടെസ്റ്റ് 159 റൺസിനും രണ്ടാം ടെസ്റ്റ് 133 റൺസിനും ഓസ്ട്രേലിയ വിജയിച്ചിരുന്നു.
English Summary:








English (US) ·