
ലത രാജു (ഇടത്ത്) ഒന്നാം തരം ബലൂൺ തരാം എന്ന ഗാനരംഗത്തിൽ ബേബി വിനോദിനി
'ഒന്നാം തരം ബലൂൺ തരാം' വൈറൽ ആയി മാറിക്കൊണ്ടിരിക്കുമ്പോൾ ആ പാട്ടിന്റെ പിറവിയിലേക്ക് ഒരു യാത്ര
'സ്വർഗ്ഗരാജ്യം' എന്ന ചിത്രത്തിന്റെ റെക്കോർഡിംഗിനായി അമ്മ ശാന്ത പി നായരോടൊപ്പം എത്തിയതാണ് ലത. മകൾ നന്നായി പാടുമെന്ന് അമ്മ പറഞ്ഞപ്പോൾ വാത്സല്യപൂർവ്വം ലതയെ അടുത്തുവിളിച്ചു സംഗീത സംവിധായകൻ എം ബി ശ്രീനിവാസൻ: 'അങ്കിളിന് ഒരു പാട്ട് പാടിത്തരുമോ മോൾ?' - എം ബി എസ്സിന്റെ ചോദ്യം.
സങ്കോചമൊന്നുമില്ലാതെ ലത പാടി: 'ആംസൂ ഭരീ ഹേ യെ ജീവൻ കി രാഹേ...' ദത്താറാമിന്റെ ഈണത്തിൽ 'പർവരിശി'ൽ മുകേഷ് പാടി അനശ്വരമാക്കിയ വിഷാദഗാനം.
കുട്ടിപ്പാട്ടുകാരിയുടെ ശബ്ദവും ആലാപനവും ഇഷ്ടപ്പെട്ടിരിക്കണം എം ബി എസ്സിന്. അടുത്ത ചിത്രമായ 'സ്നേഹദീപ'ത്തിൽ (1962) പി ഭാസ്കരൻ എഴുതി എം ബി എസ് ചിട്ടപ്പെടുത്തിയ ഒന്നാം തരം ബലൂൺ തരാം ഒരു നല്ല പീപ്പി തരാം എന്ന പാട്ടുപാടി അങ്ങനെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു ബേബി ലത. ചിത്രത്തിൽ ബേബി വിനോദിനിയുടെ കഥാപാത്രം പാടുന്ന പാട്ട്. കുട്ടിക്കഥാപാത്രങ്ങൾക്ക് വേണ്ടി കുട്ടികൾ തന്നെ പാടുന്ന പതിവ് സർവസാധാരണമായിരുന്നില്ല അന്ന്.

റെക്കോർഡിംഗ് അരുണാചലം സ്റ്റുഡിയോയിൽ. സൗണ്ട് എഞ്ചിനീയർ, പ്രശസ്തനായ ജീവ. ഓർക്കസ്ട്രയുടെ ഇടവേള കഴിഞ്ഞു പാടേണ്ട ഘട്ടമെത്തുമ്പോൾ, തൊട്ടപ്പുറത്തു നിന്ന് കയ്യുയർത്തി സിഗ്നൽ തരുന്ന അമ്മയുടെ ചിത്രം നേർത്ത ഓർമ്മയായി മനസ്സിലുണ്ട്.
ഒറ്റ ടേക്കിൽ തുടക്കക്കാരിയുടെ പാട്ട് ഓക്കേ. നിർമ്മാതാവായ സുബ്രഹ്മണ്യം മുതലാളി അപ്പോൾത്തന്നെ 101 രൂപ പ്രതിഫലമായി കയ്യിൽ വെച്ചുതരികയും ചെയ്തു. 'എന്തൊക്കെയോ നടക്കുന്നു എന്നല്ലാതെ എനിക്കതിന്റെ പ്രാധാന്യമൊന്നും മനസ്സിലായിരുന്നില്ല. ചെറുപ്രായമല്ലേ.....'- ലത.

'സ്നേഹദീപം' റിലീസായത് 1962 മാർച്ച് 31 ന്. ടി കെ ബാലചന്ദ്രനും മിസ് കുമാരിയും തിക്കുറിശ്ശിയുമൊക്കെ അഭിനയിച്ച പടം ബോക്സോഫീസിൽ രക്ഷപ്പെട്ടില്ലെങ്കിലും കുട്ടിപ്പാട്ടുകൾക്ക് ലതയുടെ ശബ്ദം തേടി സംവിധായകർ എത്തിത്തുടങ്ങി അതോടെ. ബേബി വിനോദിനി, ബേബി സുമതി, കമൽഹാസൻ (കണ്ണും കരളും), മാസ്റ്റർ രഘു തുടങ്ങി ലതയുടെ ശബ്ദം കടമെടുക്കാത്ത ബാലതാരങ്ങൾ കുറവായിരുന്നു അക്കാലത്ത്. താതെയ്യം കാട്ടിലെ (കണ്ണും കരളും), മക്കത്ത് പോയ് വരും (ഏഴു രാത്രികൾ), പാപ്പീ അപ്പച്ചാ (ആന്റോയോടൊപ്പം മയിലാടും കുന്ന്), ആലുവാപ്പുഴക്കക്കരെ (ആദ്യത്തെ കഥ), പുന്നാരം ചൊല്ലാതെ (എൽ ആർ അഞ്ജലിക്കൊപ്പം സുബൈദ), വാ മമ്മീ വാ മമ്മീ വാ, കാറ്റുമൊഴുക്കും കിഴക്കോട്ട് (ജയചന്ദ്രനോടൊപ്പം പണി തീരാത്ത വീട്), കെഴക്ക് കെഴക്കൊരാന (പി ബി ശ്രീനിവാസിനൊപ്പം ത്രിവേണി), പാവക്കുട്ടീ പാവാടക്കുട്ടീ (ഉദയഭാനുവിനൊപ്പം കടത്തുകാരൻ), മഞ്ഞക്കിളീ സ്വർണ്ണക്കിളീ (സേതുബന്ധനം), പടിഞ്ഞാറൊരു പാലാഴി (യേശുദാസിനൊപ്പം ചക്രവാകം)..... അങ്ങനെയങ്ങനെ എണ്ണമറ്റ ഗാനങ്ങൾ.
മുതിർന്ന കഥാപാത്രങ്ങൾക്ക് വേണ്ടി പാടിയപ്പോഴും ലതയുടെ ശബ്ദത്തിലെ ഓമനത്തം മലയാളികളുടെ മനസ്സിനെ തൊട്ടു- 'പ്രിയ'യിലെ കണ്ണിനു കണ്ണായ കണ്ണാ എങ്ങനെ മറക്കും?
Content Highlights: Discover the communicative down Lata raju`s debut song, `Onnum Tharam Balloon Tharam ravi menon,
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·