നൃത്തമറിയില്ലെന്നുപറഞ്ഞ് ആ കൊറിയോഗ്രാഫര്‍ ശകാരിച്ചു,അപമാനം പ്രചോദനമായി; അനുഭവം പങ്കുവെച്ച് ഇഷ

5 months ago 6

isha koppikar

ഇഷ കോപ്പികർ.|Photo credit: Facebook

തെന്നിന്ത്യന്‍ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ബോളിവുഡ് നടിയാണ് ഇഷ കോപ്പികര്‍. അതിനുശേഷം ഡോണ്‍, സലാമേ ഇഷ്‌ക്: എ ട്രിബ്യൂട്ട് ടു ലവ്, മേനെ പ്യാര്‍ ക്യൂ കിയ എന്നീ ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു. അഭിനയത്തിന്റെ ആദ്യനാളുകളില്‍ നൃത്തം ചെയ്യാന്‍ അറിയാത്തത് കാരണം നേരിട്ട അപമാനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷ.

ഡിജിറ്റല്‍ കമന്ററി എന്ന പ്ലാറ്റ്‌ഫോമിന് നല്‍കിയ അഭിമുഖത്തിലാണ് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് നൃത്തം ചെയ്യാന്‍ അറിയാത്തതിന്റെ പേരില്‍ കൊറിയോഗ്രാഫര്‍ അപമാനിച്ചത് ഇഷ വെളിപ്പെടുത്തിയത്. 'ബോളിവുഡില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്ക് ഒന്നും അറിയില്ല. ഇവരെ എന്തിനാണ് അഭിനയിക്കാന്‍ വിളിക്കുന്നത്‌' എന്ന് എല്ലാവരുടേയും മുന്നില്‍വെച്ച് കൊറിയോഗ്രാഫര്‍ തന്നെക്കുറിച്ച് പറഞ്ഞതായി ഇഷ ഓര്‍ത്തു.

തെന്നിന്ത്യന്‍ സിനിമകളിലെ ഡാന്‍സ് കടുപ്പമുള്ളതാണ്. കൊറിയോഗ്രാഫറുടെ ശകാരമാണ് പിന്നീട് ഇഷയെ നൃത്തം പഠിക്കാന്‍ പ്രചോദിപ്പിച്ചത്. നൃത്തം ചെയ്യാന്‍ അറിയാത്തവര്‍ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന ചോദ്യം സിനിമാസെറ്റില്‍ കടുത്ത അപമാനം നേരിടാന്‍ കാരണമായി. മെയ്ക്കപ്പ് റൂമില്‍ പോയിരുന്നു കരഞ്ഞു. അന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പിന്നീട് നൃത്തം പഠിച്ചത്. അടുത്ത പ്രാവശ്യം തെന്നിന്ത്യന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ്‌ നൃത്തം പഠിക്കുമെന്നും ആര്‍ക്കും അപമാനിക്കാനുള്ള അവസരം കൊടുക്കില്ല എന്നും ഇഷ തീരുമാനിച്ചു.

ഹിന്ദി സിനിമയിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാന്റെ ചീഫ് അസിസ്റ്റന്റ് ഡാന്‍സറെ സമീപിച്ച് സരോജിന്റെ നൃത്തശൈലിയില്‍ പരിശീലനം ആരംഭിക്കുകയായിരുന്നു. എല്ലാ ദിവസവും വീട്ടില്‍നിന്ന് നടത്തിയ പരിശീലനം ഇഷയുടെ ആദ്യത്തെ ഹിറ്റ് ഗാനത്തിലേക്ക് നയിച്ചു. 2002-ല്‍ 'കമ്പനി'യിലെ 'ഖല്ലാസ്' എന്ന ഗാനത്തിലെ നൃത്തച്ചുവടുകള്‍ ഇഷയുടെ പ്രശസ്തിയിലേക്ക് നയിച്ചു.

അതിനുശേഷം 'ഖല്ലാസ് ഗേള്‍' എന്നാണ് ഇഷയെ വിളിച്ചിരുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇഷയുടെ നൃത്തച്ചുവടുകളിലൂടെ വിരിഞ്ഞു. ഇഷ്‌ക് സമുന്തര്‍, ആജ് കി രാത്, ആഖേം മാരേ എന്നീ പാട്ടുകളെ ഇഷയുടെ നൃത്തച്ചുവടുകള്‍ അനശ്വരമാക്കി. 2024-ല്‍ ശിവകാര്‍ത്തികേയന്‍, രാകുല്‍ പ്രീത് സിങ്, ഭാനുപ്രിയ, ശാരദ് കെല്‍കര്‍ എന്നിവര്‍ അഭിനയിച്ച 'അയലാനി'ലാണ് അവസാനമായി അഭിനയിച്ചത്.

Content Highlights: Isha Koppikar reveals however disapproval for her creation skills successful South Indian films motivated her.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article