നെതന്യാഹുവിന്റെ നിർണായക നീക്കം; വെസ്റ്റ് ബാങ്കിലെ അനധികൃത ഔട്ട്‌പോസ്റ്റുകൾക്ക് താഴുവീഴും

1 week ago 5

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നീക്കം ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതായി റിപ്പോർട്ട്. വിഷയവുമായി പരിചയമുള്ള രണ്ട് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ വീടുകൾക്ക് നേരെ ജൂത കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്നതിൽ അമേരിക്ക അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അനുമതിയില്ലാതെ നിർമിച്ച നൂറോളം ഔട്ട്‌പോസ്റ്റുകൾ പൊളിച്ചുനീക്കാൻ നെതന്യാഹു നിർദേശം നൽകിയതായി ഇസ്രായേലി മാധ്യമമായ വൈനെറ്റും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൊളിക്കൽ നടപടികൾ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇസ്രായേലി എൻജിഒയായ പീസ് നൗവിന്റെ കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഭൂമിയിൽ ഏകദേശം 340 ഔട്ട്‌പോസ്റ്റുകളാണ് നിലവിലുള്ളത്. കൂടാതെ ഇസ്രായേൽ അധികൃതർ ഔദ്യോഗികമായി അംഗീകരിച്ച 146 കുടിയേറ്റ കേന്ദ്രങ്ങളും വെസ്റ്റ് ബാങ്കിലുണ്ട്.

സാധാരണയായി ചെറിയ സംഘങ്ങളായി കുടിയേറ്റക്കാർ താമസിക്കുന്ന ലൈറ്റ് പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് ഔട്ട്‌പോസ്റ്റുകളിലുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഇസ്രായേൽ സർക്കാർ ചില അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ടെങ്കിലും കുടിയേറ്റക്കാർ അവ വീണ്ടും നിർമിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

അധിനിവേശ പലസ്തീൻ പ്രദേശത്ത് നിർമിച്ചിരിക്കുന്നതിനാൽ വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ഐക്യരാഷ്ട്രസഭയും ഭൂരിഭാഗം രാജ്യങ്ങളും നിലപാട് സ്വീകരിച്ചിട്ടുള്ളത്.

2026ന്റെ ആദ്യ ആറ് മാസങ്ങളിൽ വെസ്റ്റ് ബാങ്കിൽ പ്രതിദിനം ശരാശരി ആറ് കുടിയേറ്റ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി യുഎൻ മാനവികകാര്യ ഏകോപന കാര്യാലയമായ ഒസിഎച്ച്എ ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങളെ തുടർന്ന് 1,000ത്തിലധികം കുട്ടികളടക്കം 2,300ലധികം പലസ്തീനികൾക്ക് വീടുവിടേണ്ടിവന്നതായും ഒസിഎച്ച്എ റിപ്പോർട്ട് ചെയ്തു.

അതേസമയം, വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയ്‌ക്കെതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി രംഗത്തെത്തി. ആക്രമണങ്ങൾക്ക് പിന്നിലുള്ള കുടിയേറ്റക്കാർ കുറ്റവാളികൾ മാത്രമല്ല, ‘തീവ്രവാദികൾ’ കൂടിയാണെന്ന് ഹക്കബി പറഞ്ഞു. പലസ്തീനികൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്രായേൽ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വീടുകൾ ആക്രമിക്കുന്നവർക്ക് കർശനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Entire Article