Published: September 08, 2025 12:27 PM IST
1 minute Read
ബ്രസീലിയ∙ ബ്രസീലിൻ ഫുട്ബോൾ സൂപ്പർ താരം നെയ്‌മാറിന് കോടികളുടെ സ്വത്ത് എഴുതിവച്ച് ശതകോടീശ്വരൻ. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 10,077 കോടി രൂപ (846 ദശലക്ഷം പൗണ്ട്) ആണ് അടുത്തിടെ അന്തരിച്ച ബ്രസീലയൻ ശതകോടീശ്വരൻ നെയ്‌മാർക്ക് വിൽപത്രത്തിൽ എഴുതിവച്ചത്. എന്നാൽ ഇദ്ദേഹം ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബ്രസീലുകാരൻ തന്നെയാണെങ്കിലും നെയ്മാറുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ തന്നെയാണ് ഈ ശതകോടീശ്വരൻ എന്നാണ് വിവരം. ഇദ്ദേഹത്തിന് ഭാര്യയും കുട്ടികളുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ബ്രസീലിയൻ മാധ്യമങ്ങളിലെ വാർത്തകൾ പ്രകാരം, പോർട്ടോ അലെഗ്രെയിലെ ഓഫിസിലാണ് വിൽപത്രം തയാറാക്കിയത്. ജൂൺ 12 രണ്ടു സാക്ഷികൾ ഇതിൽ ഒപ്പിടുകയും ചെയ്തു. വ്യക്തിപരമായി നെയ്‌മാറുമായി അടുപ്പമില്ലെങ്കിലും നെയ്മാറിന് അദ്ദേഹത്തിന്റെ പിതാവിനോടുള്ള സ്നേഹം ശതകോടീശ്വരനെ സ്പർശിച്ചെന്നും ഇതാണ് സ്വത്ത് എഴുതിവയ്ക്കാൻ കാരണമെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ സ്വത്ത് എഴുതിവച്ചെങ്കിലും നിയമപരമായി ഇത് അനുഭവിക്കണമെങ്കിൽ കോടതി അനുമതി വേണ്ടി വരും. വിഷയത്തിൽ നെയ്മാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസ് താരമായ നെയ്‌മാർക്ക് അടുത്തിടെ പരുക്കേറ്റതായി ക്ലബ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഗുരുതരമല്ലെന്നാണ് വിവരം. സ്പാനിഷ് ക്ലബ് ബാഴ്‌സലോന, ഫ്രഞ്ച് ക്ലബ് പിഎസ്ജി എന്നിവയിൽ കളിച്ചതിനു പിന്നാലെയാണ് നെയ്മാർ സാന്റോസിലെത്തിയത്. 2026 ഫിഫ ലോകകപ്പിൽ ബ്രസീലിനു വേണ്ടി കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് താരം. 2026 ലോകകപ്പിന് ബ്രസീൽ നേരത്തെ യോഗ്യത നേടിക്കഴിഞ്ഞിരുന്നു.
English Summary:








English (US) ·