27 May 2025, 12:50 PM IST

കാർലോ ആഞ്ചലോട്ടി, നെയ്മർ | AFP
റിയോ ഡി ജനൈറോ: ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ചുമതലയേല്‍ക്കാന്‍ തലസ്ഥാനമായ റിയോ ഡി ജനൈറോയിലെത്തി കാര്‍ലോ ആഞ്ചലോട്ടി. റോഡ്രിഗോ കാറ്റനോ, സമീര്‍ സഊദ് ഉള്‍പ്പെടെയുള്ള ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നാലെത്തന്നെ ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്നപ്പോള്‍ ടീമിന്റെ കുന്തമുനയായി ഉപയോഗിച്ചിരുന്ന വിനീഷ്യസ് ജൂനിയറിനെ ബ്രസീല്‍ ദേശീയ ടീമിലും അദ്ദേഹം പരിഗണിച്ചു. അതേസമയം നെയ്മറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാസെമിറോയും ടീമില്‍ തിരിച്ചെത്തി.
അടുത്തമാസം എക്വഡോറിനെതിരേയും പാരഗ്വായ്‌ക്കെതിരേയും നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മധ്യനിര താരവും 2022 ലോകകപ്പിലെ ബ്രസീല്‍ ക്യാപ്റ്റനുമായ കാസെമിറോ ടീമില്‍ തിരിച്ചെത്തി എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ ഒരുവര്‍ഷമായി കാസെമിറോ ടീമിലില്ലായിരുന്നു. പരിക്ക് വലച്ചുകൊണ്ടിരിക്കുന്ന നെയ്മറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. നിര്‍ഭാഗ്യവശാല്‍ പരിക്ക് വലയ്ക്കുന്ന നെയ്മറിനെപ്പോലെ നിരവധി താരങ്ങള്‍ നമുക്കുണ്ടെന്നും അവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
റയല്‍ മാഡ്രിഡ് പരിശീലകവേഷമഴിച്ചാണ് ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞത്. 7.66 കോടി രൂപയാകും ഇറ്റാലിയന്‍ പരിശീലകന് ബ്രസീല്‍ മാസപ്രതിഫലമായി നല്‍കുക. ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകനാണ് അദ്ദേഹം. ജൂണ്‍ ആറിനാണ് എക്വഡോറുമായുള്ള ബ്രസീലിന്റെ മത്സരം.
Content Highlights: Neymar Omitted Ancelotti Names Brazil National Team








English (US) ·