ഒരു ബൗളിങ് അക്കാദമിയിലും പരിശീലനം നേടാത്ത, അനില്‍ കുംബ്ലെയുടെയും ആദം സാംപയുടെയും മുത്തയ്യ മുരളീധരന്റെയുമൊക്കെ ബൗളിങ് വീഡിയോ കണ്ട് സ്പിന്‍ ബൗളിങ് പഠിച്ച മിടുക്കന്‍, 2025 ലെ ചാമ്പ്യന്‍ട്രോഫി കിരീടം ഇന്ത്യ തലയില്‍ വയ്ക്കുമ്പോള്‍ ആ കീരിട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് തമിഴ്‌നാട്ടുകാരനായ ആ 'മിസ്റ്ററി സ്പിന്നറാണ്', വരുണ്‍ ചക്രവര്‍ത്തി. ഒരു ഏകദിന മത്സരം മാത്രം കളിച്ച് ദുബായിലെ ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്ക്കായി വിമാനമേറിയ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തുന്നത് കപ്പടിച്ച സംഘത്തിലെ നെടുംതൂണുകളിലൊരാളായാണ്. സെമിയും ഫൈനലുമടക്കം കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ നേടിയ, എതിരാളികളെ വട്ടംകറക്കി വിക്കറ്റിന് മുന്നില്‍ ചാടിക്കുന്ന ആ നിഗൂഢ സ്പിന്നറുടെ ജീവിതം ഒരുസിനിമാക്കഥപോലെ കൗതുകങ്ങള്‍ നിറഞ്ഞതാണ്. നൈറ്റ്‌സില്‍ പന്തെറിയാന്‍ വന്ന യുവാവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് നടന്നെത്തിയ കഥ ക്രിക്കറ്റില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും പ്രചോദനം തന്നെ.
ദി മിസ്റ്ററി സ്പിന്നര്‍
ഒരേ ആക്ഷനില്‍നിന്ന് വ്യത്യസ്തമായ ബോളുകള്‍ ചെയ്ത് ബാറ്റ്‌സമാനെ വട്ടം കറക്കുന്ന ' നിഗൂഢ' സ്പിന്നര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്പിന്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ വിളിപ്പേര് ലോക ക്രിക്കറ്റില്‍ ഹിറ്റായത് അതിവേഗമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്കായി പുറത്തെടുത്ത മിന്നുംപ്രകടനമാണ് വരുണിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. അല്‍പ്പം ലേറ്റായി 29-ാം വയസ്സിലാണ് ദേശീയ ടീമിലേക്കുള്ള എന്‍ട്രിയെങ്കിലും അത് ലേറ്റസ്റ്റാക്കാനുള്ള ആയുധങ്ങള്‍ വരുണിന്റെ ബൗളിങ് ശേഖരത്തിലുണ്ടായിരുന്നു. ബൗളില്‍ നിറയ്ക്കുന്ന പലവിധ ടേണുകള്‍ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് ഇന്ത്യന്‍ കുപ്പായത്തിലേക്കുള്ള വരുണ്‍ ചക്രവര്‍ത്തിയുടെ യാത്രയും.
അമ്പമ്പോ.. എട്ട് കോടി...!
2019-ലെ ഐ.പി.എല്‍. ലേലം, ' നമ്പര്‍ 37, വരുണ്‍ ചക്രവര്‍ത്തി..' ഇന്ത്യന്‍ ക്രിക്കറ്റ് വാര്‍ത്തകളിലൊന്നും അന്നുവരെ കേള്‍ക്കാത്ത ഒരുപേര്. 20 ലക്ഷമായിരുന്നു തമിഴ്‌നാട്ടുകാരനായ വരുണിന്റെ അടിസ്ഥാനവില. ആരും വിളിക്കാതെ ഒഴിവാക്കുമെന്ന് എല്ലാവരും വിചാരിച്ച പുതുമുഖ താരത്തിന് വേണ്ടി ലേലത്തില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിങ്‌സും ഇലവന്‍ പഞ്ചാബും തമ്മിലാണ് വരുണിനായി പണപോരടിച്ചത്. 55 ലക്ഷം, 65 ലക്ഷം, 85 ലക്ഷം, 2.20 കോടി, 6 കോടി, 7 കോടി, 8.4 കോടി...! മോഹവിലയായ എട്ടു കോടി നാല്‍പതു ലക്ഷത്തിന് വരുണിനെ കിങ്‌സ് ഇലവന്‍ സ്വന്തമാക്കിയപ്പോള്‍ ആരെടാ ഈ വിരുതന്‍..! എന്നതിശയിച്ച് ക്രിക്കറ്റ് പ്രേമികള്‍ അന്തം വിട്ടു. വരുണ്‍ ചക്രവര്‍ത്തിയുടെ വേര് തേടിയുള്ള ഇറക്കത്തില്‍ മലയാളി ബന്ധം കൂടി വീണുകിട്ടിയതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളും ഹാപ്പിയായി. മാവേലിക്കരയിലും കിളിമാനൂരും വേരുകളുള്ള ബി.എസ്.എന്‍.എല്‍. ജീവനക്കാരനായ വിനോദ് ചക്രവര്‍ത്തിയുടെയും മാലിനിയുടെയും മകനാണ് സ്പിന്‍ ബൗളറായ വരുണ്‍ ചക്രവര്‍ത്തിയെന്ന് അന്ന് നമ്മളറിഞ്ഞു.

ക്രിക്കറ്റ് ടു ആര്‍ക്കിടെക്
കര്‍ണാടകയിലാണ് ജനിച്ചതെങ്കിലും തമിഴ്‌നാട്ടിലെ ചെന്നൈ സെന്റ് പാട്രിക്ക് സ്‌കൂളിലായിരുന്നു വരുണിന്റെ പഠനം. ആ കാലത്താണ് ക്രിക്കറ്റിനോടുള്ള വരുണിന്റെ പ്രേമം മൂത്തുതുടങ്ങിയത്. പ്ലസ്ടു പഠനകാലമായിരുന്നു അത്. അന്ന് മോഹം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമിലേക്കെത്തുക എന്നതായിരുന്നു. ദിനേശ് കാര്‍ത്തികിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍. വരുണിന്റെ സ്വപ്‌നം അത്ര ചെറുതൊന്നുമായിരുന്നില്ല. സ്വപ്‌നം ആകാശം തൊടാതെ സ്‌കൂള്‍ മൈതാനത്ത് തന്നെ ഒടുങ്ങിയപ്പോള്‍ ഏതൊരു കൗമാരക്കാരനും തോന്നുന്ന നിരാശയില്‍ വരുണ്‍ ക്രിക്കറ്റിനോട് തല്‍ക്കലാം സലാം ചൊല്ലി. ഇനി ഒരിക്കലും തന്റെ ജീവിതത്തിലേക്ക് ക്രിക്കറ്റ് മടങ്ങിവരില്ലെന്ന ബോധ്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നത് പോലും നിര്‍ത്തി. പിന്നെ നേരെ പോയത് പഠിച്ച് ആര്‍ക്കിടെക്ട് ആവാൻ എ.ആര്‍.എം യൂണിവേഴ്‌സിറ്റിയിലേക്ക്. ടി സ്വകയറുകളുടെയും കമ്പ്യൂട്ടറുകളുടെയും ചാര്‍ട്ട് പേപ്പറുകളുടെയും ഡ്രോയിങ്ങുകളുടെയും ലോകത്ത് അഞ്ച് വര്‍ഷം. ആ സമയത്ത് വരുണ്‍ കലയിലും മികവ് പുലര്‍ത്തി. ഗിറ്റാര്‍, ഫിലിം എഡിറ്റിങ് എന്നിവയിലെല്ലാം കോളജ് കാലത്ത് ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തി. മനസ്സിലെ ക്രിക്കറ്റ് പ്രേമം പക്ഷേ ഡിസൈനുകളിലേക്കും കേറിവരാന്‍ തുടങ്ങിയതോടെ ഇപ്പോഴും ഉള്ളില്‍ സ്വപ്‌നത്തിന്റെ കനല്‍ എരിയുന്നുണ്ടെന്ന് വരുണ്‍ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ട് തന്നെ അവസാന വര്‍ഷത്തെ പ്രബന്ധം ക്രിക്കറ്റ് സ്‌റ്റേഡിയത്തെ കുറിച്ചായത് സ്വഭാവികം.
ബാക്ക് ടു ദി ഗ്രൗണ്ട്
ഇനിയെന്ത്...? ക്രിക്കറ്റ് വേണോ..? ആര്‍ക്കിടെക്ചര്‍ വേണോ..? മനസ്സിലെ സംഘര്‍ഷം പഠനശേഷം പത്ത് മാസം വരുണിനെ വീട്ടിലിരുത്തി. ഹൃദയത്തോടും തലച്ചോറിനോടും മാറിമാറി ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ ഹൃദയം പറഞ്ഞു: ക്രിക്കറ്റ്...ക്രിക്കറ്റ്. സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുമ്പോഴും ക്രിക്കറ്റ് കിറ്റ് വാങ്ങാനോ മറ്റ് ചെലവുകള്‍ക്കോ ഉള്ള പണമൊന്നും കൈയിലുണ്ടായിരുന്നില്ല. പണിയെടുത്ത് കളിക്കാം എന്ന ചിന്ത ഡി.പ്ലസ് വൈ ആര്‍ക്കിടെക് എന്ന കമ്പനിയിലേക്ക് വരുണിനെ എത്തിച്ചു. ജോലിക്ക് കയറുമ്പോള്‍ തന്റെ ക്രിക്കറ്റ് ഭ്രമത്തെ കുറിച്ച് കൃത്യമായി കമ്പനി മേധാവിയെ വരുണ്‍ ബോധ്യപ്പെടുത്തി. ജോലിക്കിടയിലെ അവധി ദിവസങ്ങളില്‍ മണിക്കൂറുകളോളം മൈതാനത്ത് ചെലവഴിച്ചു. ടൂര്‍ണമെന്റുകള്‍ ഉള്ള ദിവസങ്ങളില്‍ അവധി എടുത്തു. പേസ് ബൗളിങ്ങിലായിരുന്നു ആ കാലത്ത് വരുണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. മെല്ലെ ടെന്നീസ് ബോളില്‍നിന്ന് ക്രിക്കറ്റ് ബൗളിലേക്ക് ചുവടുമാറ്റി. ആ കാലത്ത് തന്നെയാണ് നേഹയുമായി വരുണ്‍ പ്രേമത്തിലാകുന്നതും. 'ജോലിയില്‍നിന്ന് രാജിവെക്കുകയാണെന്നും പൂര്‍ണമായും ക്രിക്കറ്റിലേക്ക് മാറാനാണ് തീരുമാനമെന്നും ഒരു ദിവസം വരുണ്‍ എന്നോട് പറഞ്ഞു. ഇഷ്ടമുള്ളത് പോലെ മുന്നോട്ട് പോകുക, കൂടെയുണ്ടെന്നായിരുന്നു അപ്പോള്‍ ഞാന്‍ കൊടുത്ത മറുപടി. അപ്പോഴും വരുണിന്റെ ടെന്‍ഷന്‍ സാമ്പത്തികം എന്തു ചെയ്യും എന്നതായിരുന്നു. മുന്നോട്ട് പോകൂ നമുക്ക് വരുന്നിടത്ത് വച്ച് കാണാം എന്ന് ഞാന്‍ ധൈര്യം നല്‍കിയതോടെ വരുണ്‍ ആത്മവിശ്വാസത്തിലായി. ഞങ്ങളുടെ ജീവിതവും വരുണിന്റെ ക്രിക്കറ്റ് ജീവിതവും അവിടെ വച്ചാണ് ആരംഭിച്ചത്.' ഭാര്യ നേഹ ആ കാലത്തെ ഓര്‍ത്തെടുക്കുന്നു.
പേസ് ടു സ്പിന്‍
ജോലി രാജിവച്ച വരുണ്‍ ആദ്യം പ്രാദേശിക ക്രിക്കറ്റ് ക്ലബിന്റെ ഭാഗമായി. മീഡിയം പേസ് ബൗളറുടെ റോളായിരുന്നു അവിടെ. എന്നാല്‍ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെ വിശ്രമത്തിലേക്ക് പോകേണ്ടി വന്നു. ഒന്നര വര്‍ഷത്തെ വിശ്രമം. കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലൂടെയാണ് തള്ളിനീക്കിയത്. സട കുടഞ്ഞെഴുന്നേറ്റുള്ള മൈതാനത്തേക്കുള്ള തിരിച്ചുവരവില്‍ പേസില്‍നിന്ന് ഗിയര്‍ സ്പിന്നിലേക്ക് മാറ്റി. ലെഗ് സ്പിന്നും ഗൂഗ്ലിയും കാരം ബോളുമടക്കം തന്റെ പുത്തനായുധങ്ങള്‍ പുറത്തെടുത്ത് ബാറ്റർമാരെ കൂടാരത്തിലേക്ക് മടക്കി അയച്ചു. 2018 ഐ.പി.എല്‍. കാലം, ചെന്നൈ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റ്‌സ്മാൻ മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിയാന്‍ ബൗളര്‍മാരെ ക്ഷണിച്ചു. തനിക്കുള്ള അവസരമാണ് ഈ വിളിയെന്ന് തിരിച്ചറിഞ്ഞ വരുണ്‍ ചെപ്പോക്കിലേക്കെത്തി. കാത്തിരിപ്പിനൊടുവില്‍, ദിനേശ് കാര്‍ത്തികിന് പന്തെറിയാനുള്ള അവസരം വരുണിനെ തേടിയെത്തി.
വായുവില്‍ കറങ്ങിവന്ന പന്ത് പിച്ച് തൊട്ട് പലവിധത്തില്‍ സ്പിന്‍ ചെയ്തപ്പോള്‍ കൂടി നിന്നവര്‍ അഭിനന്ദനം കൊണ്ട് മൂടി. ആ നല്ല ദിനത്തിന്റെ അവസാനം വരുണ്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഒരു ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ടായിരുന്നു, ഒരു വമ്പന്‍ ട്വിസ്റ്റ്. അന്നത്തെ കൊല്‍ക്കത്ത ടീം മീറ്റിങ്ങില്‍ വരുണിനെ പറ്റി ദിനേശ് കാര്‍ത്തിക് അനലിസ്റ്റായ എ.ആര്‍. ശ്രീകാന്തിനോട് പറഞ്ഞു. വരുണിനെ തേടി വീണ്ടും കെ.കെ.ആറിന്റെ വിളിയെത്താന്‍ അധികം താമസമുണ്ടായില്ല. അങ്ങനെ ആ സീസണില്‍ കൊല്‍ക്കത്തയുടെ നെറ്റ്‌സിലെ പ്രധാന ബൗളറായി വരുണ്‍ മാറി. വിവിധ ഐ.പി.എല്‍. വേദികളിലേക്ക് ടീമിനൊപ്പം പറന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരം ആ വര്‍ഷം തേടിയെത്തി. പിന്നാലെ തമിഴ്‌നാട് സംസ്ഥാന ടീമിലേക്കുള്ള വാതിലും തുറന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഒമ്പത് കളിയില്‍നിന്ന് 22 വിക്കറ്റ്, ദേശീയ ക്രിക്കറ്റില്‍ വരുണ്‍ തന്റെ വരവറിയിച്ചു. 2019-ലെ ഐ.പി.എല്‍. ലേലത്തിനായി കൊല്‍ക്കത്ത കാത്തിരുന്നു, നെറ്റ്‌സിലെ ബൗളര്‍ ഗ്രൗണ്ടിലേക്കിറങ്ങാൻ സമയമായി.

നിര്‍ഭാഗ്യത്തിന്റെ ടിക്കറ്റ്
ലേലത്തില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ച് പഞ്ചാബ് കിങ്‌സ് ഇലവന്‍ വരുണിനെ സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡനില്‍ പഞ്ചാബ് വരുണിനെ അവതരിപ്പിച്ചു. വരുണ്‍ എറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത് കൊല്‍ക്കത്തയുടെ ഓള്‍റൗണ്ടറായ സുനില്‍ നരേന്‍ ആയിരുന്നു. 23 റണ്‍സാണ് ആ ഓവറില്‍ നരേന്‍ അടിച്ചെടുത്തത്. ആ മത്സരത്തില്‍ പരിക്ക് പറ്റിയതോടെ വരുണിന് ടൂര്‍ണമെന്റിനോട് വിട പറയേണ്ടി വന്നു. കൈയില്‍ വന്ന സുവര്‍ണാവസരം വീണുടഞ്ഞ നിരാശയില്‍ ദിനങ്ങള്‍ തള്ളിനീക്കി. പരിക്കിന്റെ പിടിയിലമര്‍ന്ന ഒരുവര്‍ഷം. തൊട്ടടുത്ത ഐ.പി.എല്‍. ലേലത്തില്‍ പഞ്ചാബ് വരുണിനെ ലേലത്തില്‍ വച്ചു. തന്നെ ആരും എടുക്കില്ലെന്ന് കരുതി നിരാശനായി വീട്ടിലിരുന്ന വരുണിനെ തേടി ഒരു കാറെത്തി. കൊല്‍ക്കത്തയുടെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരായിരുന്നു അതില്‍.
ദിനേശ് കാര്‍ത്തികിന്റെയും ടീം ഉടമകളുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ലേലത്തിന് മുന്നോടിയായുള്ള അഭിഷേകിന്റെ സന്ദര്‍ശനം. വരുണിന്റെ കാര്യത്തിലുള്ള ടീമിന്റെ താത്പര്യങ്ങളും ആശങ്കകളും അഭിഷേക് അറിയിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ കെ.കെ.ആര്‍. ക്രിക്കറ്റ് അക്കാദമിയില്‍ കഠിനമായി പരിശീലിച്ച് ഫോമിലേക്ക് മടങ്ങിവരാനാകുമെന്ന് വരുണ്‍ അഭിഷേകിന് വാക്കുനല്‍കി. ആ വാക്ക് മതിയായിരുന്നു അഭിഷേകിനും കെ.കെ.ആറിനും. 2020 ഐ.പി.എല്‍. ലേലത്തില്‍ കൊല്‍ക്കത്ത കാര്‍ഡുയര്‍ത്തി വരുണിനെ ടീമിലേക്ക് എത്തിച്ചു. അവിടെ നിന്നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്.
ഓ.. വിക്കറ്റ്
കൊല്‍ക്കത്തയുടെ കുപ്പായത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിന് വരുണിറങ്ങി. ലോകോത്തര ബാറ്റ്‌സമാനായ ഡേവിഡ് വാര്‍ണറുടെ വിക്കറ്റെടുത്താണ് വരുണ്‍ കൊല്‍ക്കത്ത തന്നിലര്‍പ്പിച്ച വിശ്വാസം തിരിച്ചുനല്‍കിയത്. 2020-ലെ ടൂര്‍ണമെന്റില്‍ 6.87 ഇക്കോണമിയില്‍ 17 വിക്കറ്റുകള്‍ നേടാന്‍ വരുണിനായി. മിന്നുന്ന പ്രകടനം ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് 29-ാം വയസ്സില്‍ വരുണിനെ എത്തിച്ചു. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായെത്തിയപ്പോള്‍ കളിക്കാനാതെ ടീമിന് പുറത്തായി. 2021-ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണയും നിര്‍ഭാഗ്യമായിരുന്നു ഫലം.
ഒന്നില്‍ പിഴച്ചാല്‍ മൂന്നൊന്ന് പറയുന്നത് വരുണിന്റെ കാര്യത്തില്‍ ശരിയായിരുന്നു. മൂന്നാം വട്ടം ശ്രീലങ്കയ്‌ക്കെതിരെ ടി-ട്വന്റി ടീമിലേക്ക് വിളിയെത്തി. 2021, ജൂലൈ 25-ന് കെംളംമ്പോയില്‍ ശ്രീലങ്കയ്‌ക്കെതിരെ വരുണ്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക്കയുടെ വിക്കറ്റ് നേടികൊണ്ട് വരുണ്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി. തൊട്ടുപിന്നാലെ ടി-ട്വന്റി ലോകകപ്പ് ടീമിലേക്ക് ' മിസ്റ്ററി സ്പിന്നറെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. കുറഞ്ഞ ഇക്കോണമി നിരക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്ത് സ്പിന്‍ ചെയ്യിക്കാനുള്ള കഴിവും തന്നെയാണ് വരുണിന്റെ പ്ലസ് പോയന്റ്. എന്നാല്‍ തുടര്‍ച്ചയായി വേട്ടയാടുന്ന പരിക്കുകളാണ് കരിയറിന്റെ സുവര്‍ണകാലത്ത് പോലും ഈ വലംകൈയ്യന്‍ സ്പിന്നര്‍ക്ക് തിരിച്ചടിയാകുന്നത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ പരിക്കേറ്റ വരുണ്‍ പരുക്ക് ഭേദമായ ശേഷം കൊല്‍ക്കത്ത ടീമിനൊപ്പം ഐ.പി.എല്ലില്‍ ചേരും.

അപ്രതീക്ഷിത എന്‍ട്രി..
ഫാറൂഖ് എഞ്ചിനീയര്‍ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടി താരം കൂടിയാണ് വരുണ്‍. ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പര തുടങ്ങുന്നതുവരെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ചാമ്പ്യന്‍സ്‌ട്രോഫി ടീമില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ആ പരമ്പര മാത്രം മതിയായിരുന്നു വരുണിന് നിലവിലുണ്ടായിരുന്ന എല്ലാ പട്ടികകളെയും തകിടം മറിക്കാന്‍. അഞ്ച് കളികളില്‍നിന്ന് 14 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ വട്ടംകറക്കിയ വരുണ്‍ ആ പരമ്പരയുടെ താരമായി. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തന്റെ ഏകദിന അരങ്ങേറ്റവും നടത്തി.
അവസാനലാപ്പില്‍ പ്രവചനാതീതമായി ചാമ്പ്യന്‍ ട്രോഫി ഫൈനല്‍ ലിസ്റ്റിലേക്ക് സെലക്ടര്‍മാര്‍ വരുണിന് ടിക്കറ്റ് കൊടുത്തു. ചാമ്പ്യന്‍സ് ട്രോഫിക്ക് ദുബായിലേക്ക് വിമാനം കയറുന്നതിന് ഏതാനും ദിവസം മുമ്പേ മാത്രമാണ് വരുണ്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ചത്. പരിചയസമ്പത്തിന് മുന്‍ഗണന നല്‍കി സെലക്ടര്‍മാര്‍ തയ്യാറാക്കിയ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടപ്പോഴും ആദ്യ ഇലവനില്‍ അവസരം വരുണ്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം സ്പിന്നിന് അനുകൂലമായ പിച്ചില്‍ പതിവുരീതിയില്‍ രണ്ടു പേസര്‍മാര്‍ക്കും മൂന്ന് സ്പിന്നര്‍മാരെയുമാണ് ടീമിലേക്ക് അന്തിമ ഇലവനില്‍ പരിഗണിക്കാറുള്ളത്.
ആ മൂന്ന് സ്പിന്നര്‍മാരുടെ റോളില്‍ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഉറപ്പായിരുന്നു. അപ്രതീക്ഷിതമായി നാലാമതൊരാളെ പരീക്ഷിച്ചാലും ബാറ്റിങ് മികവ് കൂടി കണക്കിലെടുത്ത് ആ ടിക്കറ്റ് വാഷിങ്ടണ്‍ സുന്ദറിന് വീഴുമെന്ന് ഉറപ്പായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങള്‍, ബംഗ്ലാദേശിനെതിരെയും പാക്കിസ്ഥാനെതിരെയും പതിവുരീതിയില്‍ ഷമിക്കൊപ്പം പേസിങ് ഇലവനില്‍ ഹര്‍ഷിത് റാണയും സ്പിന്നിങ് വിഭാഗത്തില്‍ കുല്‍ദീപും അക്‌സറും ജഡേജയും, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ആദ്യ രണ്ടുമത്സരങ്ങളും ഇന്ത്യ ഗംഭീര വിജയം നേടി.
ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കുന്ന മൂന്നാം മത്സരം, ന്യൂസിലാന്‍ഡിനെതിരെ, വിന്നിങ് ഇലവനെ നിലനിര്‍ത്തുമെന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ്, ക്യാപ്റ്റന്‍ രോഹിതും കോച്ച് ഗംഭീറും അപ്രതീക്ഷിതമായ നീക്കം നടത്തിയത്. മൂന്നാം മത്സരത്തില്‍ പേസറായ ഹര്‍ഷിത് റാണയെ പുറത്തിരുത്തി നാലാം സ്പിന്നറായി വരുണിനെ കൊണ്ടുവന്നു. അപ്രതീക്ഷിതമായ തനിക്ക് ലഭിച്ച ആ ടിക്കറ്റ് വരുണ്‍ ബംബറാക്കി മാറ്റി. ന്യൂസിലാന്‍ഡിന്റെ അഞ്ചു വിക്കറ്റുകള്‍ പിഴുത് ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്‍ പട്ടം സമ്മാനിക്കുകയും കളിയിലെ താരമാകുകയും ചെയ്തു. ആ പ്രകടനം മതിയായിരുന്നു സെമിയിലും ഫൈനലിലും സ്ഥാനമുറപ്പിക്കാന്‍.
ഹെഡ്ഡിനെ വീഴ്ത്തിയ വരുണ്‍..
സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായ ട്രവിസ് ഹെഡ്ഡിന്റേതടക്കം രണ്ടു വിക്കറ്റുകള്‍ വരുണ്‍ നേടി. ഫൈനലില്‍ ന്യൂസിലാന്‍ഡ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. കീവികളുടെ ഓപ്പണിങ് ജോഡി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും കടന്ന് മുന്നേറുന്നു, പവര്‍ പ്ലേയുടെ ആ ഘട്ടത്തിലാണ് രോഹിത് ശര്‍മ്മ വരുണിനെ പന്തേല്‍പ്പിക്കുന്നത്. ആദ്യ ഓവറില്‍ തന്നെ തന്റെ ക്യാപ്റ്റന്റെ വിശ്വാസം കാത്തു, വില്‍ യങിനെ പവലിയനിലേക്ക് മടക്കി വരുണ്‍. ആദ്യ വിക്കറ്റ് വീണതോടെയാണ് ന്യൂസിലാന്‍ഡിന്റെ റണ്‍റേറ്റ് താഴേക്ക് വീണത്. അഞ്ചാം വിക്കറ്റില്‍ ഡാരന്‍ മിച്ചലിനൊപ്പം ഗ്ലെന്‍ ഫിലിപ്പ്‌സ് കൂടി ചേര്‍ന്ന് വീണ്ടും കീവികളുടെ റണ്‍റേറ്റ് ഉയര്‍ത്തി, ആ ഘട്ടത്തില്‍ വീണ്ടും വരുണെത്തി. ഗ്ലെന്‍ ഫിലിപ്പിസിനെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫൈനലില്‍ പത്ത് ഓവറില്‍ 45 റണ്‍ മാത്രം വഴങ്ങിയാണ് വരുണ്‍ രണ്ട് നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റന്‍ ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നാലാം സ്പിന്നറായി വരുണിനെ ആദ്യ ഇലവനിലേക്ക് കൊണ്ടുവന്നത്.

സിനിമ പ്രേമി
ക്രിക്കറ്റ് കഴിഞ്ഞാല്‍ സിനിമയാണ് വരുണിന് പ്രിയം. വിഷ്ണു വിശാല്‍ നായകനായി 2014-ല്‍ പുറത്തിറങ്ങിയ 'ജീവ' എന്ന തമിഴ് ചിത്രത്തില്‍ വരുണ്‍ അഭിനയിച്ചിട്ടുണ്ട്. വരുണിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ സിനിമ കൂടിയായിരുന്നു അത്. സിനിമകളെ ഇഷ്ടപ്പെടുന്ന വരുണ്‍ എഴുത്തിനോടും താത്പര്യമുണ്ട്. വരുണ്‍ എഴുതിയ ചില തിരക്കഥകള്‍ ഇപ്പോഴും വീട്ടിലുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിന്റെ ചീഫ് ജനറല്‍ മാനേജരായിരുന്ന സി.വി.വിനോദിന്റെയും കര്‍ണാടക സ്വദേശി മാലിനിയുടെയും മകനാണ് വരുണ്‍. വരുണിന്റെ പിതാവ് വിനോദിന്റെ അമ്മ വിമല മലയാളിയാണ്. മാവേലിക്കര സ്വദേശിയാണ്. ഒരു ക്രിക്കറ്റ് അക്കാദമിയിലും പോയിട്ടില്ലാത്ത വരുണ്‍, അനില്‍ കുംബ്ലെ, റാഷിദ് ഖാന്‍, ആദം സാംപ എന്നിവരുടെ ബൗളിങ് വീഡിയോകള്‍ കണ്ടാണ് സ്പിന്‍ ബോളിങ് തന്ത്രങ്ങള്‍ പഠിച്ചെടുത്തത്. ഗൂഗ്ലീ, കാരം ബോള്‍, ലെഗ് സ്പിന്‍, ഓഫ് ബ്രേക്ക്, ഫ്‌ളിപ്പര്‍ തുടങ്ങിവയെല്ലാം വരുണിന്റെ ശേഖരത്തിലുണ്ട്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഇന്ത്യയുടെ ഭാവിവിജയങ്ങളില്‍ നിര്‍ണാകയ സ്വാധീനമായി വരുണ്‍ മാറുമെന്നുറപ്പാണ്.
Content Highlights: Indias champions trophy leader varun chakravarthy cricket life
ABOUT THE AUTHOR
സൂരജ് സുകുമാരന്‍
ഗൃഹലക്ഷ്മിയില്‍ സബ് എഡിറ്ററാണ് ലേഖകന്‍








English (US) ·