Published: October 08, 2026 10:32 PM IST Updated: October 08, 2026 10:52 PM IST
1 minute Read
റാഞ്ചി ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി കഠിന പരിശീലനത്തിൽ ഇന്ത്യൻ ടീം. വെള്ളിയാഴ്ച റാഞ്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ‘ലോക്കൽ ബോയ്’ ഇഷാൻ കിഷനും കൗമാരതാരം വൈഭവ് സൂര്യവംശിയുമാണ് നെറ്റ്‌സിൽ കൂടുതൽ സമയം ചെലവഴിച്ച ബാറ്റർമാർ. ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റനായ ഇഷാന്റെ ഹോം ഗ്രൗണ്ടാണ് റാഞ്ചി. ബിഹാർ താരമാണെങ്കിലും റാഞ്ചിയിലെ ഗ്രൗണ്ട് വൈഭവിനും സുപരിചിതം. സ്പിന്നർമാർക്കെതിെ തന്റെ പതിവ് ആക്രമണശൈലിയിലാണ് ഇഷാൻ കിഷൻ നെറ്റ്‍സിൽ പന്തുകളെ നേരിട്ടത്. രവി ബിഷ്ണോയ്, നമൻ ധീർ, അഭിഷേക് ശർമ എന്നിവരാണ് താരത്തിന് പന്തെറിഞ്ഞത്.
What you should work next
മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനൊപ്പം ബാറ്റു ചെയ്തു. തുടക്കത്തിൽ ‘ക്ഷമ’യോടെ ബാറ്റു ചെയ്ത ശേഷമാണ് സഞ്ജു കൂറ്റൻ ഷോട്ടുകളിലേക്ക് കടന്നത്. എങ്കിലും നെറ്റ്സിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് വൈഭവ് സൂര്യവംശിയായിരുന്നു. ടീമിൽ, അവസരത്തിനായി കാത്തിരിക്കുന്ന പതിനഞ്ചുകാരന്റെ ഓരോ ഷോട്ടുകൾക്കും സ്റ്റേഡിയത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കാണികളും മാധ്യമപ്രവർത്തകരും ഒരുപോലെ ആർപ്പുവിളിച്ചു. ആരെയും നിരാശരാക്കാതിരുന്ന വൈഭവ്, തുടർച്ചയായി പന്തുകൾ പ്രസ് കോൺഫറൻസ് ഹാളിന് അടുത്തുള്ള സൈറ്റ്-സ്ക്രീനിലേക്കും ഗാലറിയിലേക്കും അടിച്ചു പറത്തി. രണ്ടാം ട്വന്റി20യിൽ സഞ്ജു സാംസണു പകരം വൈഭവ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന ആകാംക്ഷ നിലനിൽക്കെയാണ് പരിശീലനത്തിൽ താരത്തിന്റെ മിന്നും പ്രകടനം.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുൾപ്പെടെയുള്ള താരങ്ങൾ നിർബന്ധമല്ലാത്ത പരിശീലന സെഷനിൽനിന്നു വിട്ടുനിന്നു. ബാക്കി താരങ്ങൾ ഏകദേശം രണ്ടു മണിക്കൂറോളം പരിശീലനം നടത്തി. ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന യുവ പേസർ മയങ്ക് യാദവിനും പരിശീലന സെഷനിൽനിന്നു വിശ്രമം അനുവദിച്ചിരുന്നു
മയങ്കിന്റെ പ്രകടനം ബോളിങ് സ്റ്റാഫ് വിലയിരുത്തുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അസിസ്റ്റന്റ് കോച്ച് സിതാൻഷു കൊട്ടക് പറഞ്ഞു. ‘‘ഏതൊരു ബോളർക്കും കാര്യങ്ങൾ അനുകൂലമല്ലാത്ത ചില മത്സരങ്ങൾ ഉണ്ടായേക്കാം. തീർച്ചയായും ഒരു ബോളറോ, ബോളിങ് കോച്ചോ അല്ലെങ്കിൽ ടീം മാനേജ്‌മെന്റോ നോക്കുന്നത് അവൻ എവിടെയാണ് റൺസ് വിട്ടുകൊടുത്തത് എന്നാണ്, ഏത് ഓവറുകളിലാണ്, ഏതു പന്തുകളിലാണ് എന്നു നോക്കി ലെങ്ത് മാറ്റിയോ വേഗതയിലോ വേരിയേഷൻ വരുത്തിയോ ആ റൺസ് എങ്ങനെ കുറയ്ക്കാം എന്ന് പരിശോധിക്കും. അതുകൊണ്ട് തന്നെ ആ കാര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നുണ്ട്. അന്തിമ ഇലവനെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ ആർക്കൊക്കെയാണ് അവസരം ലഭിക്കുക എന്ന് എനിക്കറിയില്ല. 15 അംഗ സ്ക്വാഡിലുള്ള എല്ലാവർക്കും അവസരമുണ്ട്.’’– കൊട്ടക് വ്യക്തമാക്കി.
എന്നാൽ പരിശീലന സെഷൻ നൽകുന്ന സൂചനകൾ വിലയിരുത്തുമ്പോൾ, ലക്നൗവിലെ ആദ്യ ട്വന്റി20യിൽ എട്ടു വിക്കറ്റിന് ജയിച്ച ഇന്ത്യ, അതേ പ്ലേയിങ് ഇലവനെ നിലനിർത്താനാണ് സാധ്യത. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. ‘‘ഭയമില്ലാത്ത സമീപനത്തോടെയും ടീമിന് മുൻഗണന നൽകുന്ന മാനസികാവസ്ഥയോടെയുമാണ് ഞങ്ങൾ മത്സരത്തെ സമീപിക്കുന്നത്, അത് അങ്ങനെ തന്നെ തുടരും. ഇതു മറ്റൊരു പിച്ച് ആയിരിക്കാം, എങ്കിലും പൊതുവെ ട്വന്റി20 ക്രിക്കറ്റിൽ നമുക്ക് മികച്ച പിച്ചുകളാണ് ലഭിക്കാറുള്ളത്. അതിനാൽ ഞങ്ങളുടെ ഈ ശൈലി തുടരും.’’– മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ കൊട്ടക് പറഞ്ഞു.
English Summary:






English (US) ·