Published: September 10, 2025 09:16 AM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ യുഎഇയ്ക്കെതിരായ ആദ്യ മത്സരത്തിനു മുൻപ് അവസാനവട്ട പരിശീലനത്തിലാണ് ടീം ഇന്ത്യ. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നത്. ഇന്ത്യൻ ബാറ്റർമാർ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ‘ക്ലീൻ ബോൾഡായതാണ്’ ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. യുഎഇയിൽ ഇന്ത്യൻ താരങ്ങൾക്കു പരിശീലനത്തിനായി നൽകിയ യുവബോളർമാരിൽ ഒരാളാണ് ഗില്ലിന്റെ വിക്കറ്റു തെറിപ്പിച്ചത്.
ഫാസ്റ്റ് ബോളർമാർക്കെതിരെ മികച്ച ഷോട്ടുകൾക്കു ശ്രമിച്ച ഗിൽ, നെറ്റ്സിൽ കവർ ഡ്രൈവുകളും പരീക്ഷിച്ചു. അതിനിടെയാണ് ഒരു പ്രാദേശിക ബോളർ ഗില്ലിന്റെ ഓഫ് സ്റ്റംപ് പിഴുതത്. ആരാണു ഗില്ലിനെ പുറത്താക്കിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ഗിൽ കളിക്കാനിറങ്ങും. ബാറ്റിങ്ങിൽ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറാകുമോ, മൂന്നാം നമ്പരിൽ കളിക്കാനിറങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്. ഗിൽ ഓപ്പണറായാൽ സഞ്ജു സാംസണ്‍ ഓപ്പണിങ് സ്ഥാനം വേണ്ടെന്നു വയ്ക്കേണ്ടിവരും. വൺഡൗണാണെങ്കിൽ തിലക് വർമ ടീമിൽനിന്നു പുറത്താകും.
ഓപ്പണറായ അഭിഷേക് ശർമ വമ്പനടികളുമായി നെറ്റ്സിലും തിളങ്ങുകയാണ്. ഫോമിലുള്ള അഭിഷേകിന് മികച്ച തുടക്കം ലഭിച്ചുകഴിഞ്ഞാൽ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വമ്പന്‍ സ്കോറിലെത്താം. അതേസമയം ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹര്‍ഷിത് റാണ എന്നിവർ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ജിതേഷ് ശർമ വിക്കറ്റ് കീപ്പിങ് പരിശീലനങ്ങൾ നടത്തി.
English Summary:








English (US) ·