
Photo: mathrubhumi archives
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. കിരീടം നേടാനുറച്ച് ടീമുകളെല്ലാം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ദുബായിലെ ഐസിസി അക്കാദമിയില്‍ ഇന്ത്യന്‍ ടീമും പരിശീലനം നടത്തി. ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. താരങ്ങള്‍ കൂടുതലായും ബാറ്റിങ്, ഫീല്‍ഡിങ് പരിശീലനമാണ് നടത്തിയത്. അതേസമയം നെറ്റ്‌സില്‍ ജിതേഷ് ശര്‍മ കൂടുതല്‍ സമയം ചെലവഴിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരുന്നു. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ പരിഗണിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.
ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ജിതേഷ് ശര്‍മ ദീര്‍ഘനേരം വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തി. മറ്റൊരു വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് അധികം അവസരം ലഭിച്ചതുമില്ല. കൂടുതല്‍ സമയവും സഞ്ജു പുറത്തിരുന്നതായാണ് റിപ്പോര്‍ട്ട്. താരം ഫീല്‍ഡിങ് പരിശീലനം നടത്തിയില്ല. കുറച്ചുസമയം മാത്രമാണ് നെറ്റ്‌സില്‍ ചെലവഴിച്ചത്. കീപ്പറായി ജിതേഷിനെ ആദ്യ പതിനൊന്നില്‍ പരിഗണിക്കുന്നതിന്റെ സൂചന കൂടിയാണിത്. മാത്രമല്ല ഗില്ലും അഭിഷേകും ഒരുമിച്ചാണ് നെറ്റ്സിൽ ബാറ്റ് ചെയ്തത്. ഓപ്പണിങ് റോളിൽ ഇരുവരും എത്താനുള്ള സാധ്യതയും കൂടുതലാണ്.
ഗില്ലിനെ ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനമെടുത്താല്‍ സഞ്ജു അഞ്ചാം നമ്പറില്‍ കളിക്കേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. കാരണം ഓപ്പണിങ്ങില്‍ ഇടംകയ്യന്‍ ബാറ്ററായ അഭിഷേകിനെ മാറ്റില്ലെന്നുറപ്പാണ്. വണ്‍ഡൗണായി തിലക് വര്‍മയും പിന്നാലെ സൂര്യകുമാര്‍ യാദവും കളിക്കും. അതിന് ശേഷം മാത്രമേ സഞ്ജു ബാറ്റ് ചെയ്യാനിറങ്ങുകയുള്ളൂ എന്നാണ് കരുതപ്പെടുന്നത്. അതേസമയം കേരള ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ച വച്ചത്. ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി സഞ്ജു ശോഭിക്കുമ്പോള്‍ മലയാളി താരത്തെ മാറ്റിയുള്ള പരീക്ഷണത്തിന് ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.
ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍, തിലക് വര്‍മ, ജിതേഷ്, റിങ്കു സിങ് എന്നിവരാണ് ആദ്യ മണിക്കൂറുകളില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തിയത്. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവരുടെ പന്തുകളാണ് നേരിട്ടത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും പന്തെറിഞ്ഞു. തിലക് വര്‍മയും സൂര്യകുമാറും സ്പിന്നര്‍മാരെ നേരിട്ടു. ടീമിലെ ഫിനിഷര്‍ റോളില്‍ ഇടംപിടിച്ചേക്കാവുന്ന റിങ്കു സിങ്ങും സ്പിന്നര്‍മാരെ നേരിട്ടു. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് താരം നേരിട്ടത്.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
Content Highlights: sanju samson asia cupful squad enactment nett session








English (US) ·