
കുറിപ്പിനൊപ്പം അനുഷ്‌ക പങ്കുവെച്ച ചിത്രം, അനുഷ്‌കയും കോലിയും | Photo: Instagram/ Anushka Sharma
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്‌ക ശര്‍മ. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ വിജയയാത്രയെ അടയാളപ്പെടുത്തുന്ന കുറിപ്പാണ് അനുഷ്‌ക സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കോലിക്കൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'അവര്‍ റെക്കോര്‍ഡുകളെക്കുറിച്ചും നിങ്ങള്‍ പിന്നിട്ട നാഴികക്കല്ലുകളെക്കറിച്ചും സംസാരിക്കും. എന്നാല്‍, നിങ്ങള്‍ ഒരിക്കലും പുറത്തേക്ക് കാണിച്ചിട്ടില്ലാത്ത കണ്ണീരിനെക്കുറിച്ചും ആരും കാണാത്ത പോരാട്ടങ്ങളെക്കുറിച്ചും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിനോട് കാണിച്ച അചഞ്ചലമായ സ്‌നേഹത്തെക്കുറിച്ചുമായിരിക്കും ഞാന്‍ ഓര്‍ക്കുക'- അനുഷ്‌ക കുറിച്ചു.
'ഇതിനെല്ലാമായി നിങ്ങള്‍ എത്രമാത്രം സഹിച്ചുവെന്ന് എനിക്കറിയാം. ഒരോ ടെസ്റ്റ് സീരീസിന് ശേഷവും നിങ്ങള്‍ കൂടുതല്‍ ബുദ്ധിമാനും വിനയാന്വിതനുമായി തിരിച്ചെത്തും. ഈ അനുഭവങ്ങളിലൂടെ നിങ്ങള്‍ വളരുന്നത് കാണാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു', അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.
സാമൂഹികമാധ്യമങ്ങളില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചായിരുന്നു കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍നിന്നുള്ള വിട്ടുനില്‍ക്കല്‍ എളുപ്പമല്ലെന്ന് കോലി കുറിപ്പില്‍ പറയുന്നു. കഴിവിന്റെ പരമാവധി നല്‍കിയെന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ തനിക്ക് തിരികെ ലഭിച്ചുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.
നേരത്തേ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കാനുള്ള തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറായില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കണമെന്നാണ് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന് കാത്തുനില്‍ക്കാതെ കോലി ടെസ്റ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.
Content Highlights: Anushka Sharma connected Virat Kohli's Test cricket retirement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·