Published: November 23, 2025 05:22 PM IST
1 minute Read
കൊളംബോ∙ വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
English Summary:








English (US) ·