നേപ്പാൾ പ്രളയം: കാണാതായ 100 ഇന്ത്യൻ വിനോദസഞ്ചാരികളെ കണ്ടെത്തിയതായി റിപ്പോർട്ട്; ഔദ്യോഗിക സ്ഥിരീകരണം ഇല്ല

3 weeks ago 4

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന 100 ഇന്ത്യൻ വിനോദസഞ്ചാരികളെ കണ്ടെത്തിയതായി വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ 178 ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, അനൗദ്യോഗിക കണക്കുകൾ പ്രകാരം 300ഓളം ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നാണ് സൂചന.

നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 165 ആയി ഉയർന്നു. 644 പേരെയാണ് ഇതുവരെ കാണാതായതായി രേഖപ്പെടുത്തിയിരിക്കുന്നത്. 30-ലധികം രാജ്യങ്ങളിലെ പൗരന്മാർ ദുരന്തത്തിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നൂറോളം ചൈനീസ് പൗരന്മാരെയും കാണാതായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അറിയിച്ചു.

അതേസമയം , പ്രളയബാധിത മേഖലകളിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. നിലവിൽ ഇവരുമായി നേരിട്ട് ബന്ധപ്പെടുന്നതിൽ പ്രയാസമുണ്ടെങ്കിലും ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം എല്ലാവരും സുരക്ഷിതരാണെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാൽ പ്രളയത്തെ തുടർന്ന് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനാൽ ഇവർ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രത്യേക അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് +977 985 131 6807, +977 970 910 7500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ നേപ്പാളിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യവും ശക്തമായി പുരോഗമിക്കുകയാണ്.

Read Entire Article