02 August 2025, 05:40 PM IST

ആകാശ്ദീപ് | AP
കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ആകാശ്ദീപ്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ താരം അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 94 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് താരം പുറത്തായത്. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധസെഞ്ചുറിയാണിത്.
മൂന്നാം ദിനം ജയ്‌സ്വാളിനൊപ്പം ബാറ്റിങ്ങിനിറങ്ങിയ താരം ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. നാല് റണ്‍സ് മാത്രമാണ് താരം രണ്ടാം ദിനം നേടിയിരുന്നത്. എന്നാല്‍ മൂന്നാം ദിനമാകട്ടെ ആകാശ്ദീപ് പതിയെ സ്‌കോറുയര്‍ത്തി. ജയ്‌സ്വാളുമൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ടീം സ്കോർ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. അതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഇംഗ്ലീഷ് ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത്.
94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ ആകാശ്ദീപ് 66 റണ്‍സെടുത്തു. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലാണ് ഇന്ത്യ. താരത്തിന്റെ കരിയറിലെ മികച്ച ബാറ്റിങ് പ്രകടനം കൂടിയാണിത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കിയിരുന്നു. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.
Content Highlights: akashdeep show fractional period vs england








English (US) ·