ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസത്തെ കളി അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെ ബാറ്റിങ് ടീമിന് വിക്കറ്റ് നഷ്ടപ്പെട്ടാൽ, മുൻനിര ബാറ്റർക്കു പകരം ഇറക്കിവിടുന്ന ‘ബലിയാടുകളാണ്’ പൊതുവേ നൈറ്റ് വാച്ച്മാൻ എന്നു പറയാറുണ്ട്. ഇത്തരത്തിൽ രണ്ടാം ദിനം കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ക്രീസിലെത്തിയതായിരുന്നു ആകാശ് ദീപ്.
എന്നാൽ മൂന്നാംദിനം ആകാശ് ഗ്രൗണ്ടിൽ നിന്നു മടങ്ങുമ്പോൾ തന്റെ ടെസ്റ്റ് കരിയറിലെ കന്നി അർധ സെഞ്ചറി നേട്ടവും ഒപ്പമുണ്ടായിരുന്നു. ഇതാദ്യമായല്ല ടെസ്റ്റ് ക്രിക്കറ്റിൽ നൈറ്റ് വാച്ച്മാനായി എത്തിയ ഒരു താരം ബാറ്റിങ്ങിൽ തിളങ്ങുന്നത്. ടെസ്റ്റ് ചരിത്രത്തിലെ സെഞ്ചൂറിയൻമാരായ നൈറ്റ് വാച്ച്മാൻമാരെ പരിചയപ്പെടാം.
∙ ജയ്സൻ ഗില്ലെസ്പി
നൈറ്റ് വാച്ച്മാൻമാരുടെ ചക്രവർത്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഓസ്ട്രേലിയൻ പേസർ ജയ്സൻ ഗില്ലെസ്പി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നൈറ്റ് വാച്ച്മാനായി എത്തിയ ഇരട്ടി സെഞ്ചറി നേടിയ ഏക താരം. 2006ൽ ബംഗ്ലദേശിനെതിരെയായിരുന്നു ഗില്ലെസ്പിയുടെ ഐതിഹാസിക ഇന്നിങ്സ്. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കാനിരിക്കെ ഓസ്ട്രേലിയയ്ക്ക് ഓപ്പണർ മാത്യു ഹെയ്ഡനെ നഷ്ടമായപ്പോൾ നൈറ്റ് വാച്ച്മാനായാണ് ഗില്ലെസ്പി ക്രീസിൽ എത്തിയത്.
മൂന്നാം ദിനം ബാറ്റിങ് തുടർന്ന താരം കരിയറിലെ ആദ്യ ഇരട്ട സെഞ്ചറി (201*) നേടിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ ഓസ്ട്രേലിയ ഇന്നിങ്സിനും 80 റൺസിനും ജയിക്കുകയും ചെയ്തു.
∙ മാർക്ക് ബൗച്ചർ
ഒരു മധ്യനിര ബാറ്ററായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചർ പലപ്പോഴും നൈറ്റ് വാച്ച്മാനായി ക്രീസിൽ എത്താറുണ്ട്. ഇതിൽ രണ്ടു തവണ സെഞ്ചറിയുമായാണ് ബൗച്ചർ ക്രീസ് വിട്ടത്. ആദ്യത്തേത് 1999ൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ.
അന്ന് ടോപ് ഓർഡറിലെ ജോണ്ടി റോഡ്സിന്റെ വിക്കറ്റ് സംരക്ഷിക്കാൻ അദ്ദേഹത്തിനു പകരക്കാരനായി ബാറ്റിങ്ങിനെത്തിയ ബൗച്ചർ 125 റൺസുമായാണ് മടങ്ങിയത്. അതേ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും നൈറ്റ് വാച്ച്മാനായി എത്തിയ ബൗച്ചർ രണ്ടാം തവണയും സെഞ്ചറി (108) കുറിച്ചു.
∙ ടോണി മാൻ
1977ൽ പെർത്തിൽ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റിൽ നാലാം ദിവസം നൈറ്റ് വാച്ച്മാനായി എത്തിയ ഓസീസ് ലെഗ് സ്പിന്നർ ടോണി മാൻ അഞ്ചാം ദിനം മടങ്ങിയത് 105 റൺസുമായാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മുന്നോട്ടുവച്ച 339 റൺസ് വിജയലക്ഷ്യം ടോണിയുടെ വെടിക്കെട്ട് സെഞ്ചറിയുടെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.
∙ സയ്യിദ് കിർമാനി
നൈറ്റ് വാച്ച്മാന്റെ റോളിൽ ആദ്യമായും അവസാനമായും സെഞ്ചറി കുറിച്ച ഇന്ത്യൻ താരമാണ് സയ്യിദ് കിർമാനി. 1979ൽ ഓസ്ട്രേലിയയ്ക്കെതിരെ മുംബൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു കിർമാനിയുടെ മാസ്റ്റർ ക്ലാസ് ഇന്നിങ്സ്.
ഒന്നാം ഇന്നിങ്സിൽ സുനിൽ ഗാവസ്കർ പുറത്തായതിനു പിന്നാലെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കിർമാനി പുറത്താകാതെ 101 റൺസാണ് അന്നു നേടിയത്. കിർമാനിയുടെ സെഞ്ചറിക്കരുത്തിൽ 8ന് 458 എന്ന സ്കോറിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ മത്സരത്തിൽ ഇന്നിങ്സ് ജയം സ്വന്തമാക്കി.
∙ നാസിം ഉൽ ഗനി
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നൈറ്റ് വാച്ച്മാനായി എത്തി സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് പാക്കിസ്ഥാന്റെ നാസിം ഉൽ ഗനിയുടെ പേരിലാണ്. 1962ൽ ലോഡ്സിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗനിയുടെ സെഞ്ചറി പ്രകടനം.
മത്സരം ഇംഗ്ലണ്ട് 9 വിക്കറ്റിന് ജയിച്ചെങ്കിലും ഒന്നാം ഇന്നിങ്സിൽ 100 റൺസിന് ഓൾഔട്ടായ പാക്കിസ്ഥാനെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സഹായിച്ചത് രണ്ടാം ഇന്നിങ്സിൽ ഗനി നേടിയ സെഞ്ചറിയായിരുന്നു.
English Summary:








English (US) ·