Published: May 21 , 2025 02:23 PM IST
1 minute Read
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചറി പ്രകടനത്തിനു ശേഷം തിരിച്ചെത്തുമ്പോൾ ഫോണിൽ അഞ്ഞൂറിലധികം മിസ്ഡ് കോളുകളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി. ഇതോടെ 3–4 ദിവസത്തേക്ക് താൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചതായും വൈഭവ് വെളിപ്പെടുത്തി. ഐപിഎൽ 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിനു ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിക്കുമ്പോഴാണ് വൈഭവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐപിഎലിലൂടെ പെട്ടെന്നു കൈവന്ന ശ്രദ്ധയും പ്രശസ്തിയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ദ്രാവിഡിന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ്, വൈഭവ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ചറി പ്രകടനത്തിനു ശേഷം എത്ര പേർ ഫോണ്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തുവെന്ന ദ്രാവിഡിന്റെ ചോദ്യത്തിന് വൈഭവിന്റെ മറുപടി ഇങ്ങനെ:
‘‘സെഞ്ചറി പ്രകടനത്തിനു ശേഷം എനിക്ക് ഒട്ടേറെ കോളുകൾ വന്നു. ഞാൻ തിരിച്ചുവരുമ്പോൾ എന്റെ ഫോണിൽ അഞ്ഞൂറിലധികം മിസ്ഡ് കോളുകൾ ഉണ്ടായിരുന്നു. ഞാൻ പക്ഷേ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവച്ചു. ആ ഇന്നിങ്സിനു ശേഷം ഒട്ടേറെപ്പേർ എന്റെ അടുത്തെത്തി. പക്ഷേ, ഇത്രയേറെ ആളുകൾ ഇങ്ങനെ വരുന്നത് എനിക്ക് വലിയ ബുദ്ധിമുട്ടാണ്. 3–4 ദിവസം കഴിഞ്ഞാണ് ഞാൻ ഫോൺ ഓൺ ചെയ്തത്. എന്റെ ചുറ്റിലും കുറേയേറെ ആളുകളുള്ളത് എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ളതാണ് എനിക്കിഷ്ടം’ – വൈഭവ് പറഞ്ഞു.
രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ സീസൺ പൂർത്തിയായതോടെ വൈഭവ് ഉടൻ ഇന്ത്യൻ അണ്ടർ 19 ടീം ക്യാപിൽ ചേരും. അതേസമയം, അടുത്ത ഐപിഎൽ സീസണിനായി രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തുമ്പോഴേയ്ക്കും എതിർ ടീമിലെ ബോളർമാർ വൈഭവിനെ വീഴ്ത്താനുള്ള പുതിയ തന്ത്രങ്ങൾ കണ്ടെത്തിയാകും വരികയെന്ന് ദ്രാവിഡ് കൗമാര താരത്തെ ഓർമിപ്പിച്ചു. ഈ സീസണിൽ രാജസ്ഥാനായി ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ വൈഭവ് 252 റൺസാണ് നേടിയത്. ഇതിൽ ഗുജറാത്തിനെതിരായ സെഞ്ചറിയും ചെന്നൈയ്‌ക്കെതിരായ അവസാന മത്സരത്തിൽ നേടിയ അർധസെഞ്ചറിയും ഉൾപ്പെടുന്നു.
English Summary:








English (US) ·