‘നോട്ടപ്പുള്ളി’ ആയി ഗ്രീൻ, ഇന്ത്യക്കാരിൽ ഡിമാൻഡ് വെങ്കടേഷിന്, പ്രതീക്ഷയോടെ 13 മലയാളി താരങ്ങൾ; ‘റിച്ച്’ ആയി കൊൽക്കത്ത

1 month ago 3

അബുദാബി ∙ ഐപിഎൽ 19–ാം സീസണു മുന്നോടിയായ മിനി താരലേലത്തിന് ഇന്ന് അബുദാബിയിൽ അരങ്ങുണരുമ്പോൾ എല്ലാ കണ്ണുകളും ഒരു ഓസ്ട്രേലിയക്കാരന്റെ പിന്നാലെയാണ്; കാമറൂൺ ഗ്രീൻ! ആറടി ആറിഞ്ച് ഉയരമുള്ള ഇരുപത്തിയാറുകാരൻ പേസ് ബോളിങ് ഓൾറൗണ്ടറാണ് ഇത്തവണ ലേലത്തിലെ നോട്ടപ്പുള്ളി. 2023ൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഗ്രീൻ, 2024ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി കളിച്ചു. കഴിഞ്ഞ സീസണിൽ പരുക്കുമൂലം ഐപിഎലിൽ നിന്നു വിട്ടുനിന്ന ഗ്രീൻ ഇത്തവണ 2 കോടി രൂപ അടിസ്ഥാന വിലയുമായാണ് ലേലത്തിന് എത്തുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഗ്രീനിനു വേണ്ടി ടീമുകൾ മത്സരിക്കുമെന്ന് ഉറപ്പാണ്.

ഇംഗ്ലിഷ് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റണാണ് ലേലത്തിന് എത്തുന്ന മറ്റൊരു പ്രധാനി. ട്വന്റി20 സ്പെഷലിസ്റ്റായ ലിവിങ്സ്റ്റണ് വേണ്ടിയും ലേലം ചൂടുപിടിക്കാനിടയുണ്ട്. ഇന്ത്യൻ നിരയിൽ വെങ്കടേഷ് അയ്യർക്കാണ് കൂടുതൽ ഡിമാൻഡ്. കഴിഞ്ഞ ലേലത്തിൽ 23.75 കോടി രൂപയ്ക്കായിരുന്നു കൊൽക്കത്ത വെങ്കടേഷിനെ സ്വന്തമാക്കിയത്. വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജയ്സൺ ഹോൾഡർ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡേവിഡ് മില്ലർ, ക്വിന്റൻ ഡികോക്ക്, ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാ, സർഫറാസ് ഖാൻ, ലങ്കൻ താരങ്ങളായ വാനിന്ദു ഹസരംഗ, മതീഷ പതിരാന എന്നിവരാണ് ലേലത്തിനെത്തുന്ന മറ്റു പ്രമുഖർ. 244 ഇന്ത്യക്കാർ അടക്കം ആകെ 359 പേരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 13 പേർ മലയാളികളാണ്.

10 ടീമുകളിലായി ആകെ 77 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ആകെ 237.55 കോടി രൂപയാണ് 10 ടീമുകൾക്കുമായി ആകെ മുടക്കാൻ സാധിക്കുക. 64.30 കോടി രൂപ കയ്യിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലെ സമ്പന്നർ. 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈയാണ് പണപ്പട്ടികയിൽ പിന്നിൽ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് ലേലനടപടികൾ ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ഗ്രീനിന് പരമാവധി 18 കോടി

കാമറൂൺ ഗ്രീനിനായി എത്ര പണം വേണമെങ്കിലും മുടക്കാൻ ടീമുകൾ തയാറാണെങ്കിലും പരമാവധി 18 കോടി രൂപ മാത്രമേ താരത്തിന് വേതനമായി ലഭിക്കൂ. ഐപിഎലിലെ മാക്സിമം ഫീ നിയമമാണ് ഇതിനു കാരണം. ഇതു പ്രകാരം, മിനി ലേലത്തിൽ പങ്കെടുക്കുന്ന വിദേശ താരങ്ങളുടെ പരമാവധി വേതനം റിട്ടൻഷൻ സ്ലാബായ (ടീമുകൾ നിലനിർത്തുന്ന താരങ്ങൾക്കു നൽകുന്ന പരമാവധി തുക) 18 കോടി രൂപയിൽ കൂടരുത്. ഇതോടെ ലേലത്തിൽ എത്ര തുക ലഭിച്ചാലും ഗ്രീനിനു വേതന ഇനത്തിൽ 18 കോടി രൂപയാണ് പരമാവധി കയ്യിൽ കിട്ടുക.    ബാക്കി തുക ബിസിസിഐക്ക് കൈമാറും.

മലയാളി ക്ലബ്

13 മലയാളി താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. മുൻപ് ഐപിഎൽ ടീമുകളുടെ ഭാഗമായ പേസർ കെ.എം.ആസിഫ്, സ്പിന്നർ വിഘ്നേഷ് പുത്തൂർ എന്നിവർക്കു പുറമേ രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഹ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, അബ്ദുൽ ബാസിത്, ജിക്കു ബ്രൈറ്റ്, അഖിൽ സ്കറിയ, മുഹമ്മദ് ഷറഫുദ്ദീൻ, ശ്രീഹരി നായർ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ. 

തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയരും ഇത്തവണ ലേലത്തിനുണ്ട്. ഹൈദരാബാദിനായി കളിക്കുന്ന ഇന്ത്യൻ അണ്ടർ 19 താരം ആരോൺ ജോർജാണ് ലേലത്തിനുള്ള   മറ്റൊരു    മലയാളി താരം.

വില കൂടിയ താരം

കഴിഞ്ഞ ലേലത്തിൽ 27 കോടി രൂപയ്ക്ക് ലക്നൗ ടീം സ്വന്തമാക്കിയ ഋഷഭ് പന്താണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം. 2024 ലേലത്തിൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് മിനി ലേലത്തിലെ വിലകൂടിയ താരം.

കൊൽക്കത്ത ‘റിച്ച്’

ലേലത്തിനെത്തുന്ന 
ടീമുകളിൽ ഏറ്റവും 
കൂടുതൽ പണം ബാക്കിയുള്ളത് കൊൽക്കത്തയ്ക്കാണ്; 64.30 കോടി. 2.75 കോടിയുമായി എത്തുന്ന മുംബൈ ഇന്ത്യൻസാണ് 
പട്ടികയിൽ 
ഏറ്റവും പിന്നിൽ.

∙ 39

ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ്, കേരള ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള ജലജ് സക്സേനയാണ് ലേലത്തിലെ പ്രായം കൂടിയ താരം; 39 വയസ്സ്. അഫ്ഗാനിസ്ഥാന്റെ വാഹിദുല്ല സദ്രാനാണ് (18 വയസ്സ്) പ്രായം കുറഞ്ഞ താരം.

359

ആകെ 359 താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. ഇതിൽ 244 പേർ ഇന്ത്യക്കാരാണ്. പരമാവധി 77 പേരെ 
ടീമുകൾക്ക് 
സ്വന്തമാക്കാം.

25

ടീമുകൾക്ക് പരമാവധി 25 താരങ്ങളെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. 
കുറഞ്ഞത് 18 താരങ്ങൾ നിർബന്ധമായും സ്ക്വാഡിൽ വേണം.

13

ലേലത്തിനെത്തുന്ന ടീമുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും 
കൂടുതൽ 
സ്ലോട്ടുകൾ 
ബാക്കിയുള്ളത്; 13.

02

അടിസ്ഥാന വില 2 കോടിരൂപയുള്ള 40 താരങ്ങൾ ഇത്തവണ ലേലത്തിനുണ്ട്. വെങ്കടേഷ് അയ്യർ, രവി ബിഷ്ണോയ് എന്നിവർ മാത്രമാണ് ഇതിൽ ഇന്ത്യക്കാർ.

ആർടിഎം ഇല്ല

റൈറ്റ് ടു മാച്ച് (ആർടിഎം) സംവിധാനത്തിലൂടെ താരങ്ങളെ ടീമുകളിലേക്കു തിരിച്ചെത്തിക്കാനുള്ള അവസരം മിനി ലേലത്തിൽ ലഭ്യമല്ല.

English Summary:

IPL Mini Auction: IPL Auction mini-auction is acceptable to instrumentality spot successful Abu Dhabi, with each eyes connected Cameron Green. The auction volition diagnostic 359 players, including 13 Malayalis, vying for 77 disposable slots, with a full of ₹237.55 crore astatine stake.

Read Entire Article