‘നോട്ട്ബുക്ക്’ എഴുത്തിനിടെ നോബോളിൽ നോട്ട്ഔട്ട്, ‘മങ്കാദിങ്’ വിക്കറ്റ് വേണ്ടെന്ന് പന്തിന്റെ ത്യാഗം; എന്തൊക്കെയാണ് 17–ാം ഓവറിൽ നടന്നത്?

7 months ago 9

ഓൺലൈൻ ഡെസ്ക്

Published: May 28 , 2025 09:57 AM IST

1 minute Read

 X@IPL
ജിതേഷ് ശർമയെ പുറത്താക്കാൻ ശ്രമിക്കുന്ന ദിഗ്‍വേഷ് രതി, അപ്പീൽ പിൻവലിച്ചപ്പോൾ ഋഷഭ് പന്തിനെ കെട്ടിപ്പിടിക്കുന്ന ജിതേഷ്. Photo: X@IPL

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റു വിജയം നേടിയപ്പോൾ നിർണായകമായത് സ്പിന്നർ ദിഗ്‍‌വേഷ് രതിയുടെ ഓവര്‍. വിലക്കു മാറി തിരിച്ചെത്തിയ ദിഗ്‍വേഷ് 17–ാം ഓവറിൽ ‘മങ്കാദിങ്’ അടക്കം പരീക്ഷിച്ചെങ്കിലും ലക്നൗവിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ നിലപാടും മത്സരഫലത്തിൽ നിർണായകമായി. വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ആർസിബി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടി. തോറ്റിരുന്നെങ്കിൽ ഫൈനലിലെത്താൻ ആർസിബിക്ക് എലിമിനേറ്ററും രണ്ടാം ക്വാളിഫയറും കളിക്കേണ്ടിവരുമായിരുന്നു.

നാടകീയതകൾ നിറഞ്ഞതായിരുന്നു ദിഗ്‍വേഷ് രതിയുടെ 17–ാം ഓവർ. താരം പന്തെറിയാനെത്തുമ്പോൾ ആർസിബിക്കു വേണ്ടത് 24 പന്തിൽ 39 റൺസ്. രതിയുടെ ആദ്യ പന്തിൽ ആര്‍സിബി ക്യാപ്റ്റൻ ജിതേഷ് ശർമ റിവേഴ്സ് സ്വീപിന് ശ്രമിച്ചപ്പോൾ, ആയുഷ് ബദോനി ക്യാച്ചെടുത്തു. പതിവ് ‘നോട്ട്ബുക്ക് സെലിബ്രേഷനുമായി’ രതി വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ അതു നോബോളാണെന്നു വ്യക്തമായി. ഇതോടെ ജിതേഷ് ശർമ വീണ്ടും ബാറ്റിങ് തുടർന്നു. അടുത്ത പന്തിൽ ജിതേഷ് ശർമ ദിഗ്‍വേഷിനെ സിക്സർ തൂക്കി അർധ സെഞ്ചറി തികച്ചു.

അവിടെയും തീർന്നില്ല നാടകീയതകൾ. ഓവറിലെ അവസാന പന്തിൽ നേരത്തേ ക്രീസ് വിട്ട നോൺ സ്ട്രൈക്കറായ ജിതേഷിനെ ദിഗ്‍വേഷ് റൺഔട്ടാക്കി. അപ്പീലിൽ ഉറച്ചുനിൽക്കുന്നോയെന്ന് അംപയർ ചോദിച്ചപ്പോഴും ദിഗ്‍വേഷ് വിക്കറ്റു വേണമെന്ന നിലപാടിലായിരുന്നു. റീപ്ലേകളിൽ ജിതേഷ് ശർമ ഔട്ടെന്നു വ്യക്തമായിരുന്നു, പക്ഷേ ബിഗ് സ്ക്രീനിൽ തെളിഞ്ഞത് ‘നോട്ടൗട്ട്’!. അവസാന നിമിഷം ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് അപ്പീൽ പിന്‍വലിക്കാൻ തീരുമാനിച്ചതോടെയാണ് അംപയർ നോട്ടൗട്ട് വിളിച്ചത്. ഒരിക്കൽ കൂടി ലൈഫ് ലഭിച്ച ജിതേഷ്, ഋഷഭ് പന്തിനെ ഗ്രൗണ്ടിൽവച്ച് കെട്ടിപ്പിടിച്ചു.

ദിഗ്‍വേഷിന്റെ ഓവറിൽ 11 റൺസാണ് ആർസിബി ബാറ്റർമാർ നേടിയത്. എന്നാൽ വില്യം ഒറൂക്കിന്റെ 18–ാം ഓവറിൽ 21 റൺസടിച്ച ആർസിബി വിജയം അനായാസമാക്കി. സീസണിലെ ഒൻപതാം വിജയത്തോടെ 19 പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. മേയ് 29ന് നടക്കുന്ന ക്വാളിഫയറിൽ പഞ്ചാബ് കിങ്സാണ് ആര്‍സിബിയുടെ എതിരാളി. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ആർസിബി എത്തി. 

ഒരു സീസണിലെ എല്ലാ എവേ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമാണ് ആർസിബി. ബെംഗളൂരുവിനായി ക്യാപ്റ്റന്‍ ജിതേഷ് ശർമയും വിരാട് കോലിയും അർധ സെഞ്ചറി നേടി. 33 പന്തുകൾ നേരിട്ട ജിതേഷ് ശര്‍മ 85 റൺസെടുത്തു പുറത്താകാതെനിന്നു. 30 പന്തിൽ വിരാട് കോലി 54 റൺസെടുത്തു. മയങ്ക് അഗർവാളും (23 പന്തിൽ 41) തിളങ്ങി.

English Summary:

Lucknow Super Giants spinner Digvesh Rathi ran Royal Challengers Bengaluru batter Jitesh Sharma retired connected the non-striker's extremity but helium was inactive fixed not out

Read Entire Article